തൃശൂർ; കവിതാ മോഷണ വിവാദത്തിൽ വീണ്ടും സ്വന്തം ഭാഗം ന്യായീകരിച്ചും തെറ്റുകളെല്ലാം ശ്രീചിത്രന്റെ തലയ്ക്കിട്ടും കേരളവർമ്മ കോളേജിലെ മലയാളം അദ്ധ്യാപിക ദീപാ നിശാന്ത്. എസ്. കലേഷിന്റെ കവിത തനിക്കു നൽകിയത് എം.ജെ.ശ്രീചിത്രനാണെന്നും സ്വന്തം വരികളാണെന്ന് ശ്രീചിത്രൻ പറഞ്ഞിരുന്നെന്നും അവർ പറഞ്ഞു. ശ്രീചിത്രൻ വഞ്ചിച്ചു. കവിതയുടെ സ്രഷ്ടാവായ കലേഷിനോടു മാപ്പ് പറയുന്നു. എന്റെ മാപ്പ് പൊതു സമൂഹത്തോടും കൂടിയാണ്‌.ജാഗ്രത കാട്ടേണ്ടിയിരുന്നു. പറ്റിയത് വലിയ പിഴവെന്നും ദീപ നിശാന്ത് പറഞ്ഞു.

ഈ സംഭവത്തോടെ നൈതികതയെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കാൻ യോഗ്യതയില്ലാതായി. എങ്കിലും വിദ്യാർത്ഥി സമൂഹം പൂർണമായും എന്റെ കൂടെയുണ്ട്. എഴുത്തുകാരി എന്ന നിലയില്ല, ടീച്ചർ എന്ന നിലയിലാണ് ഇടപെടുന്നതെന്നും ഈ വിഷയങ്ങൾ തങ്ങളെ ബാധിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞു. ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകരുടെ മാനസികവും വൈകാരികവുമായ പിന്തുണയും ഒപ്പമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ സൈബർ ലോകം ചോദിക്കുന്ന ഒരു അദ്ധ്യാപികയായ ദീപ ആരെങ്കിലും തന്ന കവിത സ്വന്തം കവിതയെന്ന പേരിൽ പ്രസിദ്ധീകരിക്കാൻ നൽകിയതിന് പിന്നിലുള്ള ധാർമ്മികത വ്യക്തമാക്കണമെന്നാണ്. മോഷണ മുതൽ വാങ്ങി മറിച്ചു വിറ്റതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നാണ് സോഷ്യൽ മീഡിയയിൽ മിക്കവരും ചോദിക്കുന്നത്.

ഇതിലൂടെ ടീച്ചർ കുട്ടികൾക്ക് എന്ത് മാതൃകയാണ് നൽകുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചെയ്തത് മോഷണമാണെങ്കിൽ കൂടി തെറ്റുകളെല്ലാം നവോത്ഥാന സാംസ്കാരിക പ്രഭാഷകന്റെ തലയിലിടാനും തന്റെ ഭാഗം ക്ലീനാക്കാനുമാണ് ടീച്ചർ വ്യഗ്രത കാണിക്കുന്നതെന്ന് വ്യക്തം. ഇതിനായി സ്വകാര്യ ചാറ്റുകളടക്കം അവർ പരസ്യപ്പെടുത്തിയിരുന്നു.

തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന പേരിൽ 2011 മാർച്ച് 4നാണ് കലേഷ് ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത 'അങ്ങനെയിരിക്കെ' എന്നപേരിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകർത്തി നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു.

ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു ദീപ ക്ഷമാപണം നടത്തി. ആ കവിത കലേഷിന്റേതല്ല എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകാത്ത പ്രതിസന്ധിയിലാണെന്നും ദീപ ദിവസങ്ങൾക്കു മുൻപ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ചർച്ച മുറുകുന്നതിനിടെ ആരോപണവിധേയനായ ശ്രീചിത്രനും ക്ഷമാപണം നടത്തി.

ശ്രീചിത്രൻ എഴുതിയ കവിതയാണെന്നും വേണമെങ്കിൽ തന്റെ പേരിൽ പ്രസിദ്ധീകരിച്ചുകൊള്ളാനും പറഞ്ഞാണ് തന്നത്.പ്രശ്‌നം വിവാദമായപ്പോൾ കലേഷാണ് കവിത മോഷ്ടിച്ചതെന്ന് ശ്രീചിത്രൻ തെറ്റിദ്ധരിപ്പിച്ചു. ഇതിന് തെളിവായി ശ്രീചിത്രനുമായുള്ള വാട്‌സ് ആപ് ചാറ്റും ദീപ പുറത്തുവിട്ടു. ദീപ നിശാന്തിന് താൻ എഴുതിയതാണെന്ന പേരിൽ കവിത പ്രസിദ്ധീകരിക്കാനായി നൽകിയത് എം ജെ ശ്രീചിത്രനാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇതുവരെ കൃത്യമായ മറുപടി പറയാതിരുന്ന ദീപ ശ്രീചിത്രൻ കൈയൊഴിഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയത്.