ർത്തവത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും തുറന്നു സംസാരിക്കുന്ന സ്ത്രീകളെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കാഴ്ചപ്പാടുകളെ കുറിച്ചും തുറന്നെഴുതി ദീപാ പ്രവീൺ. സമൂഹം കൽപിക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്ന സ്ത്രീകളെ എന്നും കുറ്റപ്പെടുത്താൻ മാത്രമാണ് അവർക്ക് താല്പര്യം ഇത്തരം കുറ്റപ്പെടുത്തലുകളിൽ സ്ത്രീകൾ തളരേണ്ടതുണ്ടോ എന്നതാണ് ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ച ചെയ്യുന്നത്.

ദീപയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം.

അതെ ഞങ്ങൾ സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ട്, ഞങ്ങൾ ശരീരങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്, വേണ്ടി വന്നാൽ ചിലരുടെ ചെകിട്ടത്തടിക്കാറുണ്ട്, തെറിവിളിക്കാറുണ്ട്. ഇതൊന്നും ഞങ്ങളിലെ സ്ത്രീത്വം, മനുഷ്യത്വം ഇല്ലാതാക്കുന്നില്ല.

**************

കഴിഞ്ഞ ദിവസം ആർത്തവത്തെകുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതിയിരുന്നു. അത് വായിച്ച ഒരു അഭ്യുദയകാംഷി ചേച്ചിയുടെ കമന്റ് ഇങ്ങനെ പോയി.
'ഹോ ഫേസ്‌ബുക്കിലൊക്കെ എന്തും എഴുതാലോ. ലൈക്കിന്റെയും കമന്റിന്റെയും എണ്ണം കൂട്ടാന്നായി വെറുതെ ഓരോന്ന് എഴുതി വെയ്ക്കുന്നു.'

എഴുതിയത് ശരീരത്തിന് അപ്പുറത്തു ആ ചേച്ചികൂടി അടങ്ങുന്ന സ്ത്രീ പുരുഷസമൂഹത്തിനു തുല്യനീതി എന്ന ആവശ്യത്തെക്കുറിച്ചാണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എന്നാൽ അവിടെയും എപ്പോഴത്തെയും പോലെ മനസിലായത് ഒരു പെൺകുട്ടി അവളുടെ ജീവിതം സത്യസന്ധമായി ഒരു പെൺകൂട്ടത്തിനു മുന്നിൽ വരച്ചിടുമ്പോൾ പോലും അവൾ കുറ്റക്കാരിയും അപഹാസ്യയുമാകും എന്നു തന്നെയാണ്.

ആ സ്ത്രീ സമൂഹം പോലും അവളെ ജഡ്ജ് ചെയ്യാൻ ശ്രമിക്കും. വിധിക്കും.

ആ തിരിച്ചറിവിൽ തന്നെയാണ് ഇത് കുറിക്കുന്നത്.

ഞാൻ അടങ്ങുന്ന സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ അത് girls talk എന്നോ സ്ത്രീകൾക്കിടയിൽ മാത്രം നിലനിൽക്കുന്ന കൊച്ചുവർത്തമാനങ്ങളെന്ന ലേബലിൽ അത് അവരുടെ ഇടയിൽ മാത്രം അടക്കി നിറുത്തപ്പെടുന്നു.

നാം സംസാരിക്കുന്ന വിഷയങ്ങൾ നമുക്ക് കംഫർട്ടബിൾ ആയ ഒരു സംഘത്തിന് മുന്നിലാവുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ആ കൂട്ടത്തിനു വെളിയിൽ വന്നു 'എനിക്കു ഒന്നും അറിയില്ല ഞാൻ ഇതിനെ കുറിച്ച് ഒന്നും സംസാരിക്കില്ല' എന്ന് പറയുന്നിടത്താണ് പ്രശ്നം.

ഒരുപക്ഷെ അത് സമൂഹത്തോടുള്ള പേടി കൊണ്ടാവാം. എന്നാൽ ആ പേടി മാറി കുറച്ചു കൂടി തുറന്ന സംസാരങ്ങൾ ഉണ്ടായാൽ മാത്രമേ നമുക്കു നമ്മുടെ കുഞ്ഞുങ്ങളെ ലൈംഗികതയിലെ തെറ്റും ശരിയും പറഞ്ഞു കൊടുത്തു മനസിലാക്കാൻ പറ്റൂ.

സോഫിയ ലോറന്റെ/ ഷക്കീലയുടെ സിനിമകൾ സ്ത്രീകളും കാണാറുണ്ട്. അത് കാണുന്ന സ്ത്രീ ഒരു മോശക്കാരിയല്ല. പണ്ട് 'ഇംഗ്ലീഷ്' സിനിമകൾ കാണുന്ന സ്ത്രീകൾ മോശക്കാരികളായ ഒരു കാലമുണ്ടായിരുന്നു. Adult സിനിമകൾ കാണുകയും adult only എന്ന് തരം തിരിച്ചിരിക്കുന്നു പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. മുൻപൊരിക്കൽ കുറിച്ചത് പോലെ 50 shades of greyയ്ക്കു ഒരു വലിയ സ്ത്രീ വായനാ സമൂഹമുണ്ട്. പമ്മനും മാത്യുമറ്റത്തിനും ഉണ്ടായിരുന്നു. ഇനിയും അത് ഉണ്ടാവുകയും ചെയ്യും. അതിൽ ഒരു തെറ്റില്ല. സ്ത്രീയുടെ കാര്യത്തിൽ ഈ വായനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് തെറ്റ്.

സർവ്വം സഹയായ സ്ത്രീ

എന്തിനാണ് സ്ത്രീ സർവ്വംസഹയാകുന്നത്?

ഞാൻ ജോലി ചെയ്തിരുന്ന ഇടങ്ങളിൽ highly competitive ആയ സ്ത്രീകളെ കണ്ടിട്ടുണ്ട്. അവർ അവരുടെ ടാർഗറ്റ് തികയ്ക്കാൻ ഒപ്പമുള്ള male counter പാർട്ടിനൊപ്പം കോംപീറ്ററ്റീവ് ആണ്. ചിലപ്പോൾ മറ്റുള്ളവർക്ക് കണ്ണിൽ ചോരയില്ലാതു എന്ന് തോന്നുന്ന മട്ടിൽ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നവർ. അപ്പോൾ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ്.
'ഇവര് ഒരു സ്ത്രീയല്ലേ?'
എന്റെ ഒരു മാനേജരുണ്ടായിരുന്നു അവർ ഇടയ്ക്കു കണ്ണിറുക്കി പറയും.

'Yes I am selfish, I am ruthless, my job demands that and I am doing my job & I feel proud about myself.'

എനിക്ക് അവരോടു ബഹുമാനമേ തോന്നിയിട്ടുള്ളു. കാരണം അവരിൽ ഒരു സത്യസന്ധതയുണ്ട്. അവരും അവരെ പോലെ ഞാൻ അറിയുന്ന പല സ്ത്രീകളും അവരുടെ പ്രവൃത്തികളെ സ്വയം തിരിച്ചറിയുന്നവരും അത് പൊതുസമൂഹം സ്ത്രീയ്ക്കു കല്പിച്ചു കൊടുക്കുന്ന 'സ്ത്രീത്വത്തിനു വിരുദ്ധരീതി'കളായാലും അതിനെ മറച്ചു വെയ്കാത്തവരാണ്. അവരോടു ബഹുമാനമാണ്.

ഞാൻ കണ്ട പെണ്ണുങ്ങൾ

കാഞ്ഞിരപ്പള്ളിയിൽ കപ്പ വാട്ടുന്ന/പുല്ലു പറിക്കുന്ന ഒരു പുല്ലരിവാൾ എളിയിൽ തിരുകി വെച്ചിരിക്കുന്ന പെണ്ണ്.

മാട്ടയിലോ കാപ്പി തോട്ടത്തിലോ ഒളിഞ്ഞു നോക്കാൻ വരുന്നവനെ ആ കത്തി വീശി തെറി വിളിച്ചോടിക്കുന്ന, ചന്തയിൽ പോയി 'പെണ്ണത്തം' മാറ്റിവെച്ചു ഉറക്കെ സാധനങ്ങൾ വിലപേശി മേടിക്കുന്ന, റബ്ബർ തോട്ടത്തിനു നടുവിലെ വീട്ടിൽ നിന്ന് ഒരു ഫർലോങ് അകലെയുള്ള വഴിയിലൂടെ പോകുന്നവരോട് ഭൂമികുലുങ്ങും വിധം വിശേഷം തിരക്കുന്ന ഉശിരുള്ള അമ്മച്ചിമാരെ കണ്ടു വളർന്നതുകൊണ്ടാവാം എന്റെ പെണ്ണത്ത സങ്കൽപ്പങ്ങൾ നേരിന്റെ നഗ്നത ഉള്ളതാണ്.

അവിടെ തുറിച്ചു നോക്കുന്നവനെ തെറി വിളിക്കുന്ന, നിലത്തു കിടക്കുന്ന കല്ല് പെറുക്കി എറിയുന്ന, അപമര്യാദയായി പെരുമാറുന്നവനോട് കൈയിലിരിക്കുന്ന കുടയായികൊള്ളട്ടെ ചെരുപ്പായി കൊള്ളട്ടെ അത് ആയുധമാക്കി പ്രതികരിക്കുന്ന സ്തീകളാണ്. അതെ സ്ത്രീ തന്നെ പരിചയമുള്ള ഒരു പുരുഷനെ കണ്ടാൽ പൊതു നിരത്തിൽ വെച്ചു വർത്തമാനം പറയും. ഓടി ചെന്നു ഏറെ നിഷ്‌ക്കളങ്കമായി സ്നേഹവായ്‌പ്പോടെ കൈപിടിക്കും (തുറിച്ചു നോട്ടങ്ങൾ ഭയക്കാതെ).

എന്നാൽ ഇതേ സ്ത്രീയ്ക്കു തന്നെ അവർക്കു ബുദ്ധിമുട്ടുള്ള ഒരു കാര്യം പറഞ്ഞാൽ അതെന്നെ കൊണ്ട് പറ്റില്ല ഉറപ്പിച്ചു പറയാൻ മടിയില്ല. അത് ഉച്ചയ്ക്കു വെയ്ക്കുന്ന ചോറിന്റെ കറികളുടെ കാര്യത്തിൽ തുടങ്ങി , കള്ളു കുടിക്കാൻ ഭാര്യയോട് കാശ് ചോദിക്കുന്ന ഭർത്താവിനോട്, ഞാൻ നിങ്ങൾക്കു കുടിച്ചു കളയാൻ കാശു തരില്ല എന്ന് കട്ടായം പറയുന്ന ലീലചേച്ചി, ഒരു പെൺകുഞ്ഞിന്റെ മാനത്തിനു വിലപറയാൻ നോക്കിയ മകനെ പത്തല് വെട്ടി അടിച്ചു ആ കൊച്ചിന്റെ വീട്ടിൽ കൊണ്ട് പോയി മാപ്പു പറയിച്ച മറിയാമ്മ ചേട്ടത്തി, എന്ത് പുതിയ കാര്യത്തിനും നമുക്കു അത് ചെയ്യാം എന്ന് പറഞ്ഞു 60 കഴിഞ്ഞിട്ടും ചുറുചുറുക്കോടെ നല്ല സുന്ദരൻ തമാശ പറഞ്ഞു എട്ടു നാടും പോട്ടെ ചിരിക്കുന്ന അന്നാമ്മ മമ്മി അങ്ങനെ അനേകം ഉദാഹരണങ്ങളിൽ എത്തി നിൽക്കാം.

ഇവരാരും പൊതുസമൂഹം നിഷ്‌കർഷിക്കുന്ന 'അടക്കമൊതുക്കളുള്ള സ്ത്രീരത്നങ്ങൾ' അല്ല. എന്നാൽ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളിൽ ചങ്കുറപ്പോടെ തീരുമാനങ്ങൾ എടുക്കുകയും അത് അത്യന്തം ആത്മവിശ്വാസത്തോടെ നടപ്പിലാക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യരാണ്.

ഒരു പണിക്കും പോകാതെ വീട്ടിലിരുന്നു ഭക്ഷണം കഴിച്ചു ടിവിയും കണ്ടിരുന്ന മകനെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയ കൂട്ടുകാരിയോട് 'അമ്മ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

'നാട്ടുകാര് എന്ത് പറയും എന്ന്'

അവരുടെ ഉത്തരം

'നാട്ടുകാരുടെ സ്വഭാവസർട്ടിഫിക്കറ്റ് കാണിച്ചാൽ റേഷൻ കടയിൽ നിന്ന് അരി കിട്ടുവോ? ഇല്ലലോ. ഞാൻ സ്വന്തം കാലിലാണ് നില്കുന്നത്. പല വീടുകളിലെ പാത്രം കഴുകിയിട്ടാണ് ഞാൻ അടുപ്പിൽ തീ പുകക്കുന്നത്. അവന്റെ പെണ്ണിനും കൊച്ചിനും കഴിക്കാനും ഉടുക്കാനുമുള്ളതു ഞാൻ കൊടുക്കുന്നുണ്ട്. അവന്റെ പെണ്ണിനു ഒരു തയ്യൽ മെഷീനും മേടിച്ചു കൊടുത്തിട്ടുണ്ട്. എന്നുവെച്ച് ഒരു പണിക്കും പോകാതെ വീട്ടിലിരിക്കുന്ന അവനെ തീറ്റി പോറ്റാൻ എനിക്ക് വയ്യ. അതിൽ ഒരു നീതിയില്ലലോ'.

അതെ ഞാൻ കണ്ടു വളർന്ന പെണ്ണുങ്ങൾ. അവരുടെ നീതി വ്യത്യസ്തമാണ്, അവരുടെ രീതി വ്യത്യസ്തമാണ്.

അവർ സംസ്‌കാരത്തിൽ പൊതിഞ്ഞ ഒരു ശരീരത്തിൽ നിന്ന് പൊതുബോധത്തിന് അനുസരിച്ചു പുറത്തു വരുന്ന കേവലം ശബ്ദങ്ങളല്ല. തങ്ങളുടെ ശരികളിൽ ഉറച്ചു നിൽക്കുന്ന നാട്ടിടവഴിയിലൂടെ കൈവീശി തല ഉയർത്തി ഉച്ചത്തിൽ സംസാരിച്ചു സ്വന്തം ജീവിതത്തിലും സ്വന്തം തിരഞ്ഞെടുപ്പുകളിലും ശരികളിലും ഒരു കുറ്റബോധവുമില്ലാതെ ജീവിച്ചു തീർക്കുന്നവരാണ്.

അതെ, ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കുന്ന, തിരണ്ടു കല്യാണത്തിന് പലഹാരം വാങ്ങാൻ പോകുകയാണ് എന്ന് ഉറക്കെ പറയുന്ന,
ശരീരങ്ങളെ കുറിച്ച് തോട്ടിലും കുളക്കടവിലും ഉമ്മറത്തുമിരുന്നു സംസാരിക്കുന്ന, വേണ്ടി വന്നാൽ ചിലരുടെ ഇടവഴിയിൽ മുണ്ടുപോകാൻ നിൽക്കുന്നവനെ കല്ല് പെറുക്കി എറിയുന്ന തെറിവിളിക്കുന്ന പെണ്ണുങ്ങൾ. ഈ പെരുമാറ്റങ്ങൾ ഒന്നും തന്നെ അവരിലെ സ്ത്രീത്വം അടർത്തി കളഞ്ഞിട്ടില്ല മനുഷ്യത്വം ഇല്ലാതാക്കിയിട്ടില്ല.

അവരും പെണ്ണുങ്ങളാണ് നല്ല ഉശിരുള്ള പെണ്ണുങ്ങൾ

P.S: ഇത് ചിലർക്കെങ്കിലും ഒരു സ്ത്രീവിരുദ്ധകുറിപ്പായി തോന്നാം. അതിൽ പരാതിയില്ല. ഒരു ചട്ടക്കൂടിലും ഒതുങ്ങാത്ത പെണ്ണുങ്ങളെ കണ്ടാണ് ഞാൻ വളർന്നത്. അവരെ അവരായി കാണുമ്പോൾ ബഹുമാനം കൂടുന്നതേ ഉള്ളു. ഇത് ആ പെണ്ണുങ്ങളെ കുറിച്ചാണ്...എന്റെ പെണ്ണുങ്ങളെ കുറിച്ച്.