മുംബൈ: ജീവിതത്തിലെ പുതിയ ഇന്നിങ്‌സിന് തുടക്കമിടുന്ന ദീപക് ചാഹറിനും ഭാര്യ ജയ ഭരദ്വാജിനും ആശംസകൾ നേർന്നതിനൊപ്പം മുന്നറിയിപ്പുമായി സഹോദരി മാലതി. അഭിനന്ദനത്തിനൊപ്പം ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ടുള്ള മാലതിയുടെ ഒരു ഓർമപ്പെടുത്തലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ദീപകിനും ജയക്കുമൊപ്പം നിൽക്കുന്ന തന്റെ ചിത്രത്തിനൊപ്പം മാലതി കുറിച്ചത് ഇങ്ങനെയാണ്. 'രണ്ടു പേർക്കും മനോഹരമായ വിവാഹ ജീവിതം ആശംസിക്കുന്നു. മധുവിധുവിനിടെ പുറംവേദനയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോകകപ്പ് കളിക്കേണ്ടതാണ്.'

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ജയ ഭരദ്വാജുമായുള്ള വിവാഹം ജൂൺ ഒന്നിന് ആഗ്രയിൽവച്ച് നടന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരവുമായ ദീപക് ചാഹറിന്റെ ലൗ സ്റ്റോറി സംഭവബഹുലമായിരുന്നു. 2021 ഐപിഎൽ സീസണിൽ, ചെന്നൈ പഞ്ചാബ് മത്സരത്തിനിടെ ഗാലറിയിൽ വച്ചാണു സുഹൃത്ത് ജയ ഭരദ്വാജിനോടു ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തിയത്. ഗാലറിയിൽ കളികണ്ടിരുന്ന ജയ ഭരദ്വാജിനടുത്തേക്കു നടന്നെത്തി ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതിന്റെ വീഡിയോ എംഎസ് ധോനിയുടെ ഭാര്യ സാക്ഷി ധോനിയടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ധോനിയും സാക്ഷിയുമായിരുന്നു ഈ സർപ്രൈസ് പ്രൊപ്പോസലിന് പിന്നിൽ. പിന്നീട് ഇരുവരുടേയും പ്രണയം കൂടുതൽ കരുത്താർജിച്ചിരുന്നു. പിന്നാലെയാണ് വിവാഹം നടന്നത്.

 
 
 
View this post on Instagram

A post shared by Rahul Chahar (@rdchahar1)

വിഹാഹത്തിന്റെ ചിത്രം ദീപക് ചാഹറിന്റെ ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുൽ ചാഹർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇരുവരുടെയും മെഹന്ദിയിടൽ ചടങ്ങിന്റെയും, വിവാഹത്തിനു മുന്നോടിയായുള്ള മറ്റു ചടങ്ങുകളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു.

ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ദീപക് ചാഹറിന്റെ വിവാഹ ചിത്രം പങ്കുവച്ച രാഹുൽ ചാഹർ ഇങ്ങനെ കുറിച്ചു, 'ഏറെ മംഗളകരമായ വിവാഹ ജീവിതം ആശംസിക്കുന്നു. നിന്നെയോർത്ത് വളരെയധികം സന്തോഷിക്കുന്നു. വളരെ മികച്ച വിവാഹജീവിതം ആശംസിക്കുന്നു. ഏറെ സ്‌നേഹം.'

2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 14 കോടി രൂപ മുടക്കി ദീപക് ചാഹറിനെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ എടുത്തിരുന്നെങ്കിലും, പിന്നീടു തുടർച്ചയായി പരുക്കിന്റെ പിടിയിലായ താരത്തിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമാവുകയായിരുന്നു.