- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ സർട്ടിഫിക്കറ്റിൽ എത്തി കഴിഞ്ഞത് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ; വ്യോമ-നാവിക-കര സേനയുടെ തന്ത്രങ്ങളും പദ്ധതികളും മനസ്സിലാക്കി; ഫയറിംഗും പഠിച്ചു; നിയന്ത്രണ രേഖയും കണ്ടു; പ്രതിരോധത്തിനെ കബളിപ്പിച്ചിട്ടും കേസില്ല: 2013ലെ കേസിൽ ദീപക് ധർമ്മടത്തെ രക്ഷിച്ചത് എകെ ആന്റണിയോ?
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രതിരോധ വകുപ്പിന്റെ ജേർണലിസ്റ്റ് കോഴ്‌സിന് എത്തിയ ദീപക് ധർമ്മടം സന്ദർശിച്ചത് തന്ത്രപ്രധാന സുരക്ഷാ മേഖലകളിൽ. എന്നിട്ടും ഈ പരാതിയിൽ പ്രതിരോധ വകുപ്പ് തന്നെ കേസ് അട്ടിമറിച്ചു. പ്രതിരോധ മന്ത്രാലയമാണ് കോഴ്‌സ് നടത്തുന്നതെങ്കിലും കേന്ദ്ര പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ കോഴ്‌സിലേക്ക് മാധ്യമ പ്രവർത്തകരെ കണ്ടെത്തുന്നത്. ഈ പഴുതുപയോഗിച്ചാണ് പ്രതിരോധ വകുപ്പിനെ ദീപക് കബളിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട വ്യക്തമായ പരാതി ഡിഫൻസ് പി ആർ ഒയ്ക്ക് അന്ന് തന്നെ നൽകിയിരുന്നു. കൊച്ചി നേവൽ ബേയ്‌സിലെ പിആർഒയായിരുന്നു 2013ൽ ദീപക് പങ്കെടുത്ത കോഴ്‌സിനെ ഏകോപിപ്പിച്ചിരുന്നത്. പരാതികൾ മുകളിലേക്ക് കൈമാറി. തുടക്കത്തിൽ വേഗതയേറിയ അന്വേഷണം നടന്നു. എകെ ആന്റണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി. അമൃതാ ടിവിയിലെ ജേർണലിസ്റ്റിനെതിരെ നടപടി എടുക്കാൻ പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിക്കും താൽപ്പര്യക്കുറവുണ്ടായിരുന്നു. എല്ലാ ആരോപണത്തിനും പിന്നിൽ അമൃതാ ടിവിയിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങളാണെന്ന് വരുത്തി എല്ലാ അന്വേഷണത്തേയും മരവിപ്പിച്ചു.
പിന്നീട് ഉന്നത ബിജെപി നേതാവുമായി ദീപക് ധർമ്മടം ഡൽഹിയിൽ എത്തി. അമൃതാ ടിവിയിലെ മുതിർന്ന മാധ്യമ പ്രവർത്തകന്റെ വിവാദ പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷമാണ് ദീപക് വ്യാജ രേഖയുമായി പ്രതിരോധ കേന്ദ്രങ്ങളിൽ എത്തിയത്. ഏറെ സ്വാധീനമുള്ള ഈ മുതിർന്ന മാധ്യമ പ്രവർത്തകനും അന്ന് കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന യുപിഎ സർക്കാരിനെ സ്വാധീനിച്ചു. ഇതോടെ അന്വേഷണം പ്രതിരോധ വകുപ്പ് തലത്തിൽ അട്ടിമറിക്കപ്പെട്ടു. ബിജെപി നേതാവിന്റെ സഹായത്തോടെ മാറിയെത്തിയ മോദി സർക്കാരും ഈ ഫയൽ തൊട്ടില്ല.
നാവിക സേനയുടേയും കരസേനയുടേയും വ്യാമ സേനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ദിവസങ്ങളോളം ദീപക് താമസിച്ചിരുന്നു. ആയുധങ്ങളുമായും അടുത്ത് ഇടപെഴുകി. തോക്ക് ഉപയോഗിക്കുന്നതിന് പോലും പരിശീലനം ഈ കോഴ്‌സിന്റെ ഭാഗമായി ദീപക്കിന് കിട്ടിയിരുന്നു. പാസ്‌പോർട്ടിൽ ഇസിഎൻആർ അടിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഉപോഗിച്ച കോഴ്‌സിലെ അട്ടിമറിയുടെ അതേ മാതൃകയിലാണ് പ്രതിരോധ വകുപ്പ് കോഴ്‌സ് ദീപക് അട്ടിമറിച്ചത്. എല്ലാ രാഷ്ട്രീയക്കാരും ഇതിന് കൂട്ടുനിന്നു.
പത്രപ്രവർത്തകയൂണിയന് അടക്കം ഇക്കാര്യമെല്ലാം അറിയാം. എന്നിട്ടും മീഡിയാ അക്കാഡമിയിലും മറ്റും ദീപക്കിനെ സർക്കാരുകൾ എടുത്തിട്ടും എതിർത്തില്ല. ഇതെല്ലാം തനിക്കുള്ള ക്ലീൻ ചിറ്റായി ദീപക് അവതരിപ്പിക്കുകയും ചെയ്തു. മുട്ടിൽ മരം മുറി അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദീപക്കിനെതിരെ വീണ്ടും പരാതി കൊടുക്കാനാണ് മാധ്യമ കൂട്ടായ്മകളുടെ തീരുമാനം. ധർമ്മടം പൊലീസ് സ്‌റ്റേഷനിലെ കേസിൽ നടന്നത് വമ്പൻ അട്ടിമറിയായിരുന്നു.
യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ ഇരിക്കുമ്പോഴായിരുന്നു അട്ടിമറി. അന്നും ധർമ്മടം പൊലീസിൽ കൂടുതലും സിപിഎം അനുഭാവികളായിരുന്നു. പിണറായിയും കോടിയേരിയും ആയി അടുത്ത ബന്ധമുണ്ടെന്ന് വരുത്തി ധർമ്മടത്തെ പൊലീസ് സേനയെ ഒന്നാകെ സ്വാധീനിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അടക്കം ഇതിന് കൂട്ടും നിന്നു. ഇതെല്ലാം മുട്ടിൽ മരംമുറിയോടെ വീണ്ടും ചർച്ചയാകുകയാണ്.
ദീപക് ധർമ്മടത്തിന് എതിരെ 2015 ജൂണിലാണ് ധർമ്മടം പൊലീസ് സ്‌റ്റേഷനിൽ ഇമെയിൽ വഴി പരാതി നൽകിയത്. പ്രതിരോധ വകുപ്പിനും പരാതി കിട്ടിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന മറുപടിയാണ് പരാതിക്കാർക്ക് 2018ൽ പോലും കിട്ടിയത്. സംസ്ഥാന പൊലീസ് മേധാവിക്കും പരാതികൾ കിട്ടി. എന്നാൽ ഇതൊന്നും ആരും മുഖവിലയ്ക്ക് എടുത്തില്ല.
ദീപക്കിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് മംഗളൂരുവിലെ മലയാളി മാധ്യമ പ്രവർത്തകൻ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. ദീപക്കിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് ഈ ലേഖനം.
രാജേഷ് കുമാർ കാങ്കോൽ എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം
മാധ്യമപ്രവർത്തകർക്ക് മാനക്കേടും നാണക്കേടും ഉണ്ടാകുമ്പോൾ മൗനം പാലിക്കാനാവില്ല
ആയാൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. മാധ്യമ പ്രവർത്തനം മാഫിയാ പ്രവർത്തനമാകുന്ന സൂചനകളുമായാണ് വാർത്തകളിൽ നിറയുന്നത്. മാധ്യമ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ആരോപണങ്ങളും കൂടെ കൂടിയിരുന്നു. ആദ്യ ആരോപണം കേട്ടത് ആദ്യം ജോലി ചെയ്ത പത്രത്തിൽ നിന്ന് പുറത്തു പോകേണ്ടി വന്നതുമായി ബന്ധപ്പട്ടാണ്. എന്നാൽ ഇതിന്റെ വസ്തുത എനിക്ക് അറിയില്ല. അതുകൊണ്ടു തന്നെ അസൂയാലുക്കളുടെ അപവാദ പ്രചാരണമാണ് അതെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.
എന്നാൽ രേഖകൾ കൈയിലുള്ള ചില കാര്യങ്ങളുണ്ട്. ഇതിൽ പ്രതിസ്ഥാനത്ത് ഒരു സാധാരണക്കാരനാണെങ്കിൽ ചപ്പാത്തിയും ചിക്കനും തിന്നേണ്ടി വന്നേനെ (ജയിലിൽ ഇപ്പോ ഉണ്ട ഇല്ലല്ലോ). എന്നാൽ മാധ്യമ പ്രവർത്തകനാകുമ്പോൾ, അതും ഭരണം തിരിക്കുന്ന വിജയേട്ടന്റെയും ബാലേകൃഷ്ണേട്ടന്റെയും ഒക്കെ സ്വന്തക്കാരനാകുമ്പോൾ ജയിലിലെ കീറപ്പായക്കു പകരം എസി മുറിയിലെ കറങ്ങുന്ന കസേരയാവും ലഭിക്കുക എന്നത് കൺമുന്നിലെ യാഥാർഥ്യം. (ഇവരുടെയൊക്കെ സ്വന്തക്കാരനാണോ എന്നെനിക്കറിയില്ല. കുഞ്ഞിക്കൂനനിൽ ദിലീപ് പറഞ്ഞ പോലെ ഞാൻ എന്നെ അങ്ങിനെയാണ് പറയാറ്).
എന്തായാലും പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം നിയമിച്ച കേരള മീഡിയ അക്കാഡമിയുടെ 28 അംഗ ഭരണ സമിതിയിലും കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്ന കമ്മറ്റിയിലും കൈയിലുള്ളത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആണെന്ന് ആരോപണ വിധേയനായ ഇയാൾ അംഗമാണ് എന്നത് കൺമുന്നിലെ യാഥാർഥ്യമാണ്. ഇയാൾ കോഴിക്കോട് പാസ്പോർട്ട് ഓഫിസിൽ അടക്കം വിവിധ സ്ഥലങ്ങളിൽ സമർപ്പിച്ചിട്ടുള്ളത് ബെംഗളൂരു സർവകലാശാലയുടെ 2005 ഏപ്രിലിൽ പരീക്ഷ എഴുതി നേടിയ ബിഎ ബിരുദ സർട്ടിഫിക്കറ്റ് ആണ്. ഇതിന്റെ രജിസ്റ്റർ നമ്പർ 03 BGAO1066. എന്നാൽ ഇങ്ങിനെ ഒരു രജിസ്റ്റർ നമ്പറേ ബെംഗളൂരു സർവകലാശാലയിൽ ഇല്ലെന്ന് വിവരാവകാശ നിയമ പ്രകാരം ബെംഗളൂരു സർവകലാശാല മൂല്യ നിർണയ വിഭാഗം രജിസ്ട്രാറുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇദ്ദേഹം പലയിടത്തും സമർപ്പിച്ചത് വ്യാജമായി നിർമ്മിച്ച ബിരുദ സർട്ടിഫിക്കറ്റ് ആണെന്ന് അർഥം.
എമിഗ്രേഷൻ പരിശോധന ഒഴിവാക്കുന്ന ഇസിഎൻആർ പാസ്പോർട് ലഭിക്കാനായി കോഴിക്കോട് പാസ്പോർട്ട് ഓഫിസിൽ സമർപ്പിച്ചതും ഇതേ വ്യാജ ബിരുദ സർട്ടിഫിക്കാണ്. ഇതു പുറത്തു വന്നതോടെ പാസ്പോർട് കോഴിക്കോട് പാസ്പോർട്ട് ഓഫിസർ റദ്ദാക്കി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കാണിച്ച് അന്നത്തെ ജില്ലാ പൊലീസ് മേധാവിക്കു കോഴിക്കോട് പാസ്പോർട്ട് ഓഫിസർ പരാതി നൽകി. അദ്ദേഹം പരാതി ധർമടം പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. എന്നാൽ അത് ധർമടത്ത് എത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ ആരോപണ വിധേയൻ എസ്‌പി ഓഫിസിലെ തപാൽ വിഭാഗം ജീവനക്കാരനെ സ്വാധീനിച്ച് പരാതി പൂഴ്‌ത്തിയതായി എസ്‌പി കണ്ടെത്തി. തുടർന്ന് പരാതി ഈ-മെയിൽ മുഖേന ധർമടം സ്റ്റേഷനിലേക്ക് അയച്ച എസ്‌പി, പൂഴ്‌ത്തിയ ഈ ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എസ്‌പി അയച്ച ഇ-മെയിൽ ധർമടം പൊലീസ് സ്റ്റേഷനിൽ ലഭിച്ചതോടെ കോഴിക്കോട് പാസ്പോർട്ട് ഓഫിസർ പരാതിക്കാരനും ധർമടം സ്വദേശി പ്രതിയുമായി ധർമടം പൊലീസ് സ്റ്റേഷനിൽ ക്രൈം രജിസ്റ്റർ ചെയ്തു. കൃത്യമായി അന്വേഷണം നടന്നിരുന്നെങ്കിൽ രാജ്യത്തെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ മാഫിയയെ പുറത്തു കൊണ്ടു വരാൻ സഹായിക്കുമായിരുന്ന ഈ കേസ് എങ്ങിനെയാണ് അവസാനിപ്പിച്ചത്...
ധർമടം പൊലീസ് കേസെടുത്തതിനു പിന്നാലെ, പാസ്പോർട് റദ്ദാക്കിയ കോഴിക്കോട് പാസ്പോർട്ട് ഓഫിസറുടെ നടപടിക്കെതിരെ അയാൾഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു. തുടർന്ന് പാസ്പോർട്ട് ഓഫിസർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇയാൾ സമർപ്പിച്ചത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആണെന്ന് ആവർത്തിച്ചു. ഇതോടെ, ബിരുദ സർട്ടിഫിക്കറ്റുകൾ കോടതിയിൽ ഹാജരാക്കേണ്ടി വരുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങിത്തുടങ്ങി. പാസ്പോർട് ഓഫിസർക്ക് എതിരായ പരാതിയുമായി മുന്നോട്ടു പോയാൽ സ്വയം കുരുക്കാവുമെന്നു തിരിച്ചറിഞ്ഞു. പാസ്പോർട്ട് ഓഫിസറുടെ നടപടിക്കെതിരെ ചീഫ് പാസ്പോർട്ട് ഓഫിസർക്ക് അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നതായി പറഞ്ഞ് പരാതിക്കാരൻ ഹൈക്കോടതിയിലെ റിട്ട് പിൻവലിച്ച് തടിയൂരുകയായിരുന്നു.
ഹൈക്കോടതിയിൽ നിന്നു സ്വയം പരാതി പിൻവലിച്ചതിനു പിന്നാലെയാണ് ധർമടം സ്റ്റേഷനിലെ കേസ് മരവിച്ചത്. പാസ്പോർട് റദ്ദാക്കിയ പാസ്പോർട്ട് ഓഫിസറുടെ നടപടിക്കെതിരെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. അവസാനം അതു പിൻവലിക്കുകയും ചെയ്തു. ഇത് എങ്ങിനെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച കേസ് അവസാനിപ്പിക്കാൻ കാരണമാകും എന്നത് അന്നത്തെ തലശ്ശേരി എപിപിക്കും ധർമടം പൊലീസിനും മാത്രം അറിയുന്ന കാര്യം. കേസ് അവസാനിപ്പിക്കാൻ തെറ്റായ നിയമോപദേശം നൽകിയ എപിപിക്ക് എതിരെ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന അഡ്വ. ടി.ആസഫലിക്കും ചിലർ പരാതി നൽകിയിരുന്നു. അതും സ്വാഹ.
ധർമടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഇയാൾ നൽകിയ മൊഴി ഇതിലും വിചിത്രമാണ്. തനിക്ക് ഛത്തീസ്‌ഗഡിൽ നിന്നു ബിരുദമുണ്ട് എന്നാണ് ഈ മൊഴി. അപ്പോ കോഴിക്കോട് പാസ്പോർട് ഓഫിസിൽ നൽകിയ ബെംഗളൂരു സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റോ... ചോദിക്കരുത്... കഥയിൽ ചോദ്യമില്ല. പാസ്പോർട് ഓഫിസിനെ മാത്രമല്ല, രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തെയും ഈ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കബളിപ്പിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് കറസ്പോണ്ടൻസ് കോഴ്സിൽ പങ്കെടുത്തതും ഇതേ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിൽ ഒന്നിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും അടിസ്ഥാന യോഗ്യതയായ കോഴ്സിൽ ഇതില്ലാതെ ചേരാവാനില്ലല്ലോ.
ഇപ്പോഴിതാ മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ പ്രതികൾക്ക് ഒപ്പം ചേർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തൊട്ട് മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്തിയതും ഇയാൾ ആണെന്നു പറയുന്നു.
കൈയിലുള്ളത് വ്യാജ സർട്ടിഫിക്കറ്റെന്ന് ആരോപണം... ബെംഗളൂരു സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്പോർട്ട് എടുത്തെന്ന് പാസ്പോർട് ഓഫീസർ... തങ്ങൾ ഇങ്ങിനെ ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സർവകലാശാല... എങ്കിൽ അന്വേഷിക്കണമെന്ന് പാസ്പോർട്ട് ഓഫിസർ... കേസെടുക്കാൻ എസ്‌പി... കേസെടുത്ത് ധർമടം പൊലീസ്... പാസ്പോർട്ട് ഓഫിസറുടെ നടപടി നിലനിൽക്കില്ലാന്ന് ഹൈക്കോടതിയിൽ... വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് പാസ്പോർട് ഓഫിസർ കോടതിയോട്... എന്നാപ്പിന്ന സർട്ടിഫിക്കറ്റ് ഒന്ന് കണ്ടാലോന്ന് കോടതി... എന്നാ ചീഫ് പാസ്പോർട്ട് ഓഫിസറോട് പറയാമെന്നും പറഞ്ഞ് പരാതി പിൻവലിച്ച് കോടതീന്ന് തടിയൂരി... പാസ്പോർട് ഓഫിസർടെ നടപടി ചോദ്യം ചെയ്ത പരാതി എതിർകക്ഷി കോടതീന്ന് പിൻവലിച്ചതോണ്ട് പാസ്പോർട് ഓഫീസർ നൽകിയ വ്യാജ സർട്ടിഫിക്കറ്റ് കേസ് നിലനിൽകൂലാന്ന് എപിപി...
ആകെ മൊത്തം ഒരു ഏനക്കേട്... വിജയേട്ടന്റെയും ബാലകൃഷ്ണേട്ടന്റെയും ആളെന്നല്ലേ സ്വയം പറയുന്നത്... എന്തും ആവാലോ... അവരിതൊക്കെ അറിയുന്നുണ്ടോ ആവോ...
ധർമത്തിന്റെ ഇടത്തിൽ മാധ്യമ പ്രവർത്തനം മാഫിയാ പ്രവർത്തനം ആകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ പോസ്റ്റിന്റെ പേരിൽ ഒരു മാനനഷ്ടക്കേസ് വരണമേ എന്നും...
മറുനാടന് മലയാളി ബ്യൂറോ