- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അബ്ദുള്ള' ശമ്പളം കൂട്ടി നൽകാൻ സമ്മർദ്ദം ചെലുത്തിയ ഊർജ്ജസ്വലൻ! തെറ്റ് ചെയ്തത് അച്ഛനാണെങ്കിലും സംരക്ഷിക്കില്ലെന്ന് തിരുത്തി പറഞ്ഞ മേധാവി; ആ തിരുവോണ ചിത്രം തെളിയിക്കുന്നത് മുട്ടിൽ മരമുറിയിലെ സംരക്ഷണ കവചം; ദീപക് ധർമ്മടം 'ധർമ്മടത്തെ' കേസ് ഒതുക്കിയ ഡൽഹിയിലെ പിടിപാടുകാരൻ; ആ പഴയ അട്ടിമറി ഇങ്ങനെ
തിരുവനന്തപുരം: തെറ്റ് ചെയ്യുന്നത് അച്ഛനായാലും സംരക്ഷിക്കില്ലെന്നാണ് ട്വന്റി ഫോർ ചാനലിന്റെ മേധാവി ആർ ശ്രീകണ്ഠൻ നായർ പറയുന്നത്. ആരേയും സംരക്ഷിക്കില്ലെന്നും വിശദീകരിക്കുന്നു. മുട്ടിൽ മരം മുറിയിൽ ട്വന്റി ഫോർ ന്യൂസിൽ ഏഷ്യാനെറ്റ് ന്യൂസും മനോരമയും അടക്കം ദീപക് ധർമ്മടത്തിന്റേ പേരുവച്ച് വാർത്ത കൊടുത്തതോടെയായിരുന്നു ശ്രീകണ്ഠൻ നായർ ചാനലിലൂടെ പ്രതികരിച്ചത്. നേരത്തെ ഈ ആരോപണം ഉയർന്നപ്പോൾ ദീപക്കിനെ ട്വന്റി ഫോറിൽ നിന്നും മാറ്റി നിർത്തിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചെത്തി. ഇതിനിടെയാണ് വനം വകുപ്പിന്റെ കണ്ടെത്തലുകൾ ഫോൺ രേഖ സഹിതം പുറത്തു വന്നത്.
തിരുവോണ ദിവസം മുഖ്യമന്ത്രിയെ വീട്ടിൽ ചെന്ന് സന്ദർശിച്ച അപൂർവ്വം ചിലരിൽ ഒരാളാണ് ദീപക് ധർമ്മടം. കണ്ണൂരിൽ പിണറായി എത്തിയപ്പോൾ അവിടെ സ്വീകരിക്കാൻ എത്തിയ പിജയരാജനെ പോലും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല. എന്നാൽ അതേ നേതാവിന്റെ വീട്ടിൽ നിരവധി കേസുകളിൽ പ്രതിയായ ദീപക് ധർമ്മടത്തിന് വീട്ടുകാരന്റെ സ്ഥാനമാണ്. ഇതാണ് മുട്ടിൽ മരം മുറിയിലെ അന്വേഷണ റിപ്പോർട്ടിനെ തള്ളിക്കളയാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും വ്യക്തം.
തിരുവോണ ദിനത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട ചിത്രം ഫെയ്സ് ബുക്കിൽ ദീപക് ധർമ്മടം തന്നെയാണ് പുറത്തു വിട്ടത്. പലവട്ടം തെളിവ് സഹിതം ദീപകിന്റെ ക്രിമിനൽ ഇടപാടുകൾ മറുനാടൻ പുറത്തു വിട്ടിരുന്നു. അന്നെല്ലാം എല്ലാവരും ദീപക്കിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തു. സ്വർണ്ണ കടത്തിനിടെ ദീപക്കിന്റെ ഇടപെടൽ വാർത്തയാക്കിയപ്പോൾ അബ്ദുള്ള ദീപക്കിന് ശമ്പളം കൂട്ടികൊടുക്കാൻ ആവശ്യപ്പെട്ട കഥ ട്വന്റി ഫോൺ ന്യൂസിന്റെ മോർണിങ് ഷോയിൽ ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചിരുന്നു. അതേ ഷോയിൽ നിന്നാണ് ഇന്ന് ശ്രീകണ്ഠൻ നായർ കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് പറയുന്നത്.
എല്ലാ രാഷ്ട്രീയക്കാരുടേയും പിന്തുണ ദീപക്കിന് പലപ്പോഴും കിട്ടിയിട്ടുണ്ട്. പിപി മുകുന്ദന്റെ ബന്ധുവെന്ന് പറഞ്ഞ് ജന്മഭൂമിയിൽ ജോലി തുടങ്ങിയ ദീപക് ആർ എസ് എസിനോട് ചേർന്ന് നിന്ന മാധ്യമ പ്രവർത്തകനാണ്. ഒ രാജഗോപാലുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പാസ് പോർട്ട് കേസിൽ വാദിക്കൻ എത്തിയത് പിഎസ് ശ്രീധരൻ പിള്ളയും. ഈ കേസെല്ലാം ഒത്തുതീർപ്പായത് ഉമ്മൻ ചാണ്ടി കേരളം ഭരിക്കുമ്പോഴാണ്. മുതിർന്ന മാധ്യമ പ്രവർത്തകനായ വി രാജഗോപാൽ അന്തരിച്ചപ്പോൾ ഈ ഒഴിവിൽ ദീപക്കിനെ പ്രസ് അക്കാഡമിയുടെ ഗവേർണിങ് കൗൺസിലിൽ എടുത്തത് കെസി ജോസഫ് എന്ന മന്ത്രിയും.
വിവാദങ്ങൾ ഉയരുമ്പോഴും രാഷ്ട്രീയക്കാരുടെ പിന്തുണയിൽ നേട്ടങ്ങളുണ്ടാക്കി ദീപക് സ്വന്തം സാമ്രാജ്യം സ്ഥാപിച്ചു. പിന്നീട് പിണറായി വിജയന്റെ അതിവിശ്വസ്തനായി. കൊച്ചി പ്രസ് ക്ലബ്ബിൽ പിണറായിയുടെ സ്ഥാനാർത്ഥിയെന്ന് പറഞ്ഞ് മത്സരിച്ചെങ്കിലും തോറ്റു. പത്ര പ്രവർത്തക യൂണിയന്റെ സംസ്ഥാന കമ്മറ്റിയിലേക്കും ദീപക് കടന്നു വരാൻ ശ്രമിച്ചു. അതെല്ലാം മാധ്യമ പ്രവർത്തകർക്കിടയിലെ കൂട്ടായ്മകൾ പൊളിച്ചു. എന്നാൽ പിണറായി കരുത്തനായതോടെ എല്ലാം ദീപക്കിന് അനുകൂലമായി.
തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും പിടിക്കപ്പെടുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചു. പാസ്പോർട്ട് ഓഫീസിൽ പഴിയടച്ച് കുറ്റം സമ്മതിച്ച ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ പൊലീസ് അന്വേഷണം നടത്താതെ എഴുതി തള്ളി. ഇത് പുനപരിശോധിക്കണമെന്ന് തെളിവ് സഹിതം പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചു പോലുമില്ല. പത്താം ക്ലാസിന് അപ്പുറം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ദീപക്കിനെ അക്രഡിറ്റേഷൻ കമ്മറ്റിയിലും എടുത്തു. സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റേഷൻ കിട്ടാൻ മാധ്യമ പ്രവർത്തകർക്കുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ദീപക്കിന്റെ നിയമനം അന്ന് വിവാദത്തിലായത്.
ഹൈക്കോടതിയെ തെറ്റിധരിച്ചാണ് ദീപക് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ രക്ഷപ്പെട്ടതെന്നതിന്റെ തെളിവും മറുനാടന് ലഭിച്ചു. 2013ലാണ് ദീപക്കിന്റെ പാസ്പോർട്ടിൽ ഇസിഎൻആർ പതിക്കാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്ന് ആരോപണം ഉയർന്നത്. ഇതോടെ പാസ്പോർട്ട് റദ്ദാക്കി. ഇതിൽ സാമന്യനീതി നിഷേധമുണ്ടെന്ന് പറഞ്ഞ് ദീപക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ളയായിരുന്നു അഭിഭാഷകൻ. ഈ കേസിൽ ദീപക്കിനോട് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടി ആവശ്യപ്പെട്ടു. ഇതോടെ അവകാശ വാദങ്ങളെല്ലാം പിൻവലിച്ച് ചീഫ് പാസ്പോർട്ട് കമ്മീഷണർക്ക് മുന്നിൽ അപ്പീൽ നൽകാനെന്ന വ്യാജേന ഹൈക്കോടതിയിൽ നിന്ന് ഹർജി പിൻവലിച്ചു. ഹൈക്കോടതി ഉത്തരവിൽ ഇത് വ്യക്തമാണ്.
ഈ വിവാദം ഉയർന്നപ്പോൾ കേസ് അന്വേഷണത്തിന് ഉത്തരവിട്ടത് അന്ന് കണ്ണൂർ എസ് പിയായിരുന്ന രാഹുൽ ആർ നായരായിരുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അന്വേഷണവുമായി പൊലീസ് ഈ സമയത്ത് മുന്നോട്ട് പോയി. പിന്നാലെ എസ് പിയായി ഉണ്ണിരാജ എത്തി. ഈ സമയത്തായിരുന്നു കള്ളക്കളി നടന്നത്. ചീഫ് പാസ്പോർട്ട് ഓഫീസർക്ക് മുമ്പിൽ അപ്പീൽ നൽകാനെന്ന് പറഞ്ഞ് ഹൈക്കോടതിയിലെ ഹർജി പിൻവലിച്ച ദീപക് അത് ചെയ്തില്ല. പകരം പാസ്പോർട്ട ഓഫീസറുടെ മുന്നിലെത്തി 5000 രൂപ പിഴയടച്ച് പാസ്പോർട്ട് ആക്ട് പ്രകാരമുള്ള കേസിൽ കുറ്റസമ്മതം നടത്തി.
ഇതിന് ശേഷം ഹൈക്കോടതിയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്. പ്രതിരോധ വകുപ്പിന്റെ കോഴ്സിന് ദീപക്കിനെ വിട്ടത് അമൃതാ ടിവിയാണ്. ദീപക്കിന് ഡിഗ്രിയില്ലെന്നും ഈ കോഴ്സിന് വിടരുതെന്നും അമൃതായിലെ ജീവനക്കാർ തന്നെ പറഞ്ഞിരുന്നു. ഇതിനെ എതിർത്ത ഉയർന്ന ഉദ്യോഗസ്ഥനെ അന്നത്തെ അമൃതാ ടിവി മാനേജ്മെന്റ് പിരിച്ചുവിട്ടു. വമ്പൻ സാമ്പത്തിക ഇടപാടിന്റെ ഫലമായി പ്രതിരോധ രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്നും ആരോപണം ഉയർന്നു.
പാസ്പോർട്ടിലെ ഇസിഎൻആർ പതിക്കാൻ ഉപയോഗിച്ച അതേ സർട്ടിഫിക്കറ്റാണ് ദീപക് ഡിഫൻസ് ഡിപ്പാർട്ട്മെന്റിനും നൽകിയത്. എന്നാൽ ഉന്നര രാഷ്ട്രീയ ഇടപെടൽ കാരണം പ്രതിരോധ വകുപ്പ് ഈ വിഷയത്തിൽ ഇനിയും അന്വേഷണം പൂർത്തിയാക്കിയില്ല. ഇതിന്റെ തെളിവുകളും മറുനാടന് ലഭിച്ചിട്ടുണ്ട്. ഡൽഹിയിലെ പിടിപാടായിരുന്നു ഇതിന് കാരണം. മുതിർന്ന ബിജെപി നേതാവിന്റെ പിന്തുണയും ഇക്കാര്യത്തിൽ ദീപക്കിന് കിട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ