ഷിക്കാഗോ: ഈവർഷത്തെ ദീപാവലി ആഘോഷങ്ങൾ നേപ്പർവില്ലിലുള്ള മാൾ ഓഫ് ഇന്ത്യയിൽ വച്ചു ദീപങ്ങൾക്ക് തിരി തെളിയിച്ചുകൊണ്ട് യുഎസ് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി നിർവഹിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന വിവിധ കലാപരിപാടികളിൽ ഷിക്കാഗോയിലുള്ള വിവിധ സംഘടനകൾ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി നേപ്പർവിൽ മേയർ സ്റ്റീവ് ചിരാക്കോ, ഹാനോവർ പാർക്ക് മേയർ റോഡ്നി ക്രെയ്ഗ്, അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് (എഎഇഐഒ) പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് (എഎപിഐ) പ്രസിഡന്റും, ഓക്‌ബ്രൂക്ക് സിറ്റിയുടെ ട്രസ്റ്റിയുമായ ഡോ. സുരേഷ് റെഡ്ഡി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. 'സ്പിരിറ്റ് ഓഫ് ദീപാവലി' എന്ന ദീപാവലി ആഘോഷം റിത്വികാ അറോറ, ഹാനി സിന്ധു, വിനോസ് ചാനവാലു, സീതാ ബിലു എന്നിവർ ചേർന്ന് നടത്തി.

കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ദീപങ്ങളുടെ ആഘോഷമായ ദീപാവലി, കോവിഡ് മൂലം ജനങ്ങൾ അനുഭവിച്ച ഇരുളടഞ്ഞ സമയങ്ങളിൽ നിന്ന് വെളിച്ചത്തിലേക്കും, സന്തോഷത്തിലേക്കും സാഹോദര്യത്തിലേക്കും നയിക്കാൻ ഇടയാകട്ടെ എന്ന് ആശംസിച്ചു.

ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന നേപ്പർവില്ലിൽ നിന്നും, ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ രണ്ടു ദിവസം നീണ്ടുനിന്ന ഷോപ്പിങ് ഫെസ്റ്റിവലിലും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികളിലും പങ്കെടുത്തു.