ഗുരുഗ്രാം: മരണത്തിലേക്ക് തള്ളിയിടും മുൻപ് തന്റെ പിഞ്ചോമനകൾക്കൊപ്പം ജീവിക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല. നിഷ്‌കരുണം കൊലപ്പെടുത്തുന്നതിന് മുൻപ് ഭാര്യ പറഞ്ഞ വാക്കുകൾക്ക് പുല്ലു വില പോലും കൽപിക്കാതിരുന്ന യുവാവ് ജനമനസുകളിൽ ക്രൂരതയുടെ പര്യായമായി മാറിയിരിക്കുകയാണ്. 'ദയവായി എന്നെ കൊല്ലരുത്, എന്റെ കുട്ടികളെ ഞാൻ അത്രയധികം സ്നേഹിക്കുന്നു', കാമുകി ആവശ്യപ്പെട്ട പ്രകാരം എട്ടാം നിലയിൽ നിന്നും തള്ളിയിട്ടു കൊല്ലുന്നതിന് തൊട്ടുമുമ്പ് 32 കാരി ദീപികാ ചൗഹാൻ ഭർത്താവിനോട് കണ്ണീരോടെ പറഞ്ഞ വാക്കുകളാണിത്. എന്നിട്ടും 35 കാരനായ വിക്രം ചൗഹാന്റെ മനസ് കല്ലിന് സമമായിരുന്നു.

ഒക്ടോബർ 27 ന് ഗുരുഗ്രാമിലെ വാലിവ്യൂ എസ്റ്റേറ്റ് അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിക്രം ചൗഹാൻ തന്റെ ഭാര്യ ദീപികാ ചൗഹാനെ ഫ്‌ളാറ്റിൽ നിന്നും തള്ളിയിട്ട് വധിക്കുമ്പോൾ നാലു വയസ്സുകാരി മകളും അഞ്ചുമാസം പ്രായമുള്ള മകനും ഉറങ്ങുകയായിരുന്നു. സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപേ ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് സൂചന. ഭാര്യയെ ഇയാൾ തള്ളിയിടുന്നത് അയൽക്കാരൻ കണ്ടിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കൃത്യം നടത്താൻ വിക്രത്തിന് മറ്റൊരാളടെ സഹായവുമുണ്ടായിരുന്നെന്നാണ് സൂചന. ഇത് ആരെന്നത് വെളിവായിട്ടില്ല. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം നടത്തിയ മെഡിക്കൽ ചെക്കപ്പിൽ ഭർത്താവ് വിക്രത്തിന്റെ കൈത്തണ്ടയിൽ മാന്തിയ പാടുകൾ കണ്ടെത്തിയിരുന്നു. ഇത് ഇരുവരും തമ്മിൽ വഴക്കടിച്ചിരുന്നതിന്റെ സൂചനയാണെന്ന് പൊലീസ് പറഞ്ഞു. ഷെഫാലി ബാസിൻ എന്നൊരു യുവതിയുമായി വിക്രത്തിന് ബന്ധമുണ്ടായത് ദീപിക കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതും. ഈ യുവതിയുമായുള്ള ബന്ധത്തിന് ദീപിക തടസ്സം നിൽക്കുമെന്ന ചിന്ത ഉടലെടുത്തതോടെയാണ് കൊലപാതകം നടത്താൻ വിക്രം പദ്ധതിയിടുന്നത്.

ചോരയുടെ മണമുള്ള ഒക്ടോബർ 27

ഒക്ടോബർ 27 ന് നടന്ന ക്രൂരമായ കൊലയ്ക്ക് മുൻപ് വിക്രം നടത്തിയ മുന്നോരുക്കങ്ങൾ തന്നെ ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. അന്നേ ദിവസം കർവാചൗത്തായി ആചരിക്കുകയായിരുന്നു. അന്ന് ദീപിക ഭർത്താവിനെ വിളിച്ച് താൻ ഭർത്താവിന് വേണ്ടി ഉപവസിക്കുകയാണെന്നും വീട്ടിൽ എത്തണമോയെന്നും ചോദിച്ചു. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഷെഫാലിയുമായുള്ള ഭർത്താവിന്റെ ബന്ധത്തിൽ താൻ വശം കെട്ടെന്നും അവരുടെ വീട്ടിൽ ചെന്ന് എല്ലാം തുറന്നു പറയുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് വിക്രം അപ്പുറത്തെ കെട്ടിടത്തിലെ ഷെഫാലിയുടെ വീടിന്റെ പടിക്കെട്ടിലേക്ക് ഓടി.

സിസിടിവി ക്യാമറിയിൽ പതിയാതിരിക്കാൻ എലവേറ്റർ ഒഴിവാക്കിയായിരുന്നു വിക്രത്തിന്റെ നീക്കം. ഇതിനിടയിൽ ഷെഫാലിക്ക് മുന്നറിയിപ്പ് സന്ദേശം നൽകുകയും ചെയ്തു. പിന്നീട് ഇയാൾ സ്വന്തം വീട്ടിലേക്ക് ഓടിയെത്തി. കർവാചൗത്ത് ആഘോഷിക്കാൻ മാതാപിതാക്കൾ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. അവർ പോകാൻ വേണ്ടി രാത്രി 9.30 വരെ കാത്തു. അതിന് ശേഷം ദീപികയെ തന്ത്രപൂർവ്വം ബാൽക്കെണിയിലേക്ക് വിളിച്ചുകൊണ്ടുവന്നു 9.37 ഓടെ തള്ളിത്താഴേയ്ക്കിട്ടു. തുടർന്ന് സഹായത്തിനായി അയൽക്കാരെ വിളിച്ചുകൊണ്ട് താഴേയ്ക്ക് വിക്രം പാഞ്ഞെത്തുകയും പെട്ടെന്ന് എടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ഇതിനകം ദീപിക മരിച്ചിരുന്നു.

സംഭവത്തിൽ ചൊവ്വാഴ്ച ഷെഫാലി ഭാസിൻ തീവാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിക്രവും ഷെഫാലിയും തമ്മിൽ ഗൂഗിൾ ടോക്ക്, വാട്സ്ആപ്പ്, എന്നിവ വഴി നടത്തിയ സംഭാഷണങ്ങളും പിടിച്ചെടുത്തതോടെയാണ് പൊലീസിന് ഇത് സുസജ്ജമായി നടപ്പിലാക്കിയ ഒരു കൊലപാതകമാണെന്ന് തിരിച്ചറിയാനായത്. ദീപിക മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് 7.43 ന് ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും അവൾ ഒച്ചവെയ്ക്കുന്നതായും ഷെഫാലിക്ക് മെസേജ് അയച്ചിരുന്നു. അവളെ ബാൽക്കെണിയിൽ നിന്നും എടുത്തെറിയാനായിരുന്നു ഷെഫാലിയുടെ മറുപടി.

ഒമ്പതു മിനിറ്റിന് ശേഷം വീണ്ടും വിക്രം കാര്യം വഷളാകുകയാണെന്ന തരത്തിൽ മറ്റൊരു മെസേജ് കൂടി അയച്ചതോടെ എന്നാൽ അതു തന്നെ ചെയ്യാനായിരുന്നു ഷെഫാലിയുടെ മറുപടി. വിക്രവും ദീപികയും താമസിക്കുന്ന സ്ഥലത്തിന് തൊട്ടപ്പുറത്തുള്ള കെട്ടിടത്തിൽ താമസിക്കുന്ന ഷെഫാലിയും വിവാഹിതയും ആറുമാസം ഗർഭിണിയുമാണ്. 2017 മുതൽ രണ്ടുപേരും ബന്ധം തുടരുകയാണ്. ഏതാനും മാസം മുമ്പായിരുന്നു ഇരുവരും ദീപികയെ കൊല്ലാൻ തീരുമാനിച്ചത്.

രണ്ടുപേരുടെയും അവിഹിതമാർഗ്ഗം സുഗമമായി തുടരുന്നതിനായി ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തുകയോ അവരെ കൊന്നു കളയുകയോ ചെയ്യാനായിരുന്നു ഷെഫാലി വിക്രത്തോട് പറഞ്ഞുകൊണ്ടിരുന്നത്.