ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന രൺവീർ-ദീപിക വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. നവംബർ 14, 15 തീയിതികളിലായി ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അനുഷ്‌ക വിരാട് കോഹ്ലി വിവാഹത്തിന് ശേഷം ബോളിവുഡ് കണ്ട മറ്റൊരു ആഡംബര വിവാഹം ആയിരിക്കും ഇത്.

ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണമുള്ളത് ഷാരൂഖ് അടക്കം അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. സിനിമാ മേഖലയിൽ നിന്ന് ഷാരൂഖ് ഖാൻ, ഫറാ ഖാൻ, ആദിത്യ ചോപ്ര,സഞ്ജയ് ലീല ബൻസാലി എന്നിവർക്ക് മാത്രമാണ് ക്ഷണമുള്ളത്. രൺവീറിന്റെ പ്രിയസുഹൃത്ത് പ്രിയങ്ക ചോപ്രയെയും വിവാഹത്തിന് ക്ഷണിക്കുമെന്നാണ് അറിയുന്നത്.

14, 15 തീയതികളിലായി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷങ്ങളാണ് ഇരുവരുടെയും വീട്ടുകാർ ഒരുക്കിയിരിക്കുന്നത്. 14ന് സൗത്തിന്ത്യൻ ശൈലിയിലും 15ന് നോർത്തിന്ത്യൻ ശൈലിയിലുമാകും വിവാഹം എന്നാണ് അറിയുന്നത്.ബാംഗ്ലൂർ സ്വദേശിയാണ് ദീപിക. അതുകൊണ്ടു തന്നെ 14ന് കന്നഡ രീതിയിലുള്ള ചടങ്ങുകളാകും നടക്കുക.

വിവാഹത്തിന് അടുത്ത ബന്ധുക്കളടക്കം 200ൽ താഴെ പേരാണ് പങ്കെടുക്കുക. സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചാകും ഇരുവരും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുക. വിവാഹ ശേഷം സുഹൃത്തുക്കൾക്കായി രണ്ട് വിവാഹ സത്ക്കാരങ്ങൾ താരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്ന് മുംബയിലും മറ്റൊന്ന് ബാംഗ്ലൂരിലുമാണ്. മുംബയിലെ ഗ്രാന്റ് ഹയത്ത് ഹോട്ടലിലും ബാംഗ്ലൂരിലെ ലീല പാലസിലുമാണ് വിരുന്നു സത്കാരം. ബാംഗ്ലൂരിൽ നവംബർ 21നാണ് സത്കാരം ഒരുക്കിയിരിക്കുന്നത്. മുംബയിലെ തീയതി പുറത്തുവിട്ടിട്ടില്ല.