ആലപ്പുഴ: മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ അധികം ഒച്ചപ്പാടുകൾക്ക് ഇടകൊടുക്കാതെയാണ് കോൺഗ്രസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെന്നാണ് പൊതുവിൽ കോൺഗ്രസ് പ്രവർത്തകരും വിലയിരുത്തുന്നത്. എന്നാൽ മിന്നൽ വേഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ഉമ പ്രചരണം തുടങ്ങിയെങ്കിലും കോൺഗ്രസിനുള്ളിൽ മുറുമുറുപ്പുകൾ ഇപ്പോഴും ബാക്കിയാണ്.

സ്ഥാനാർത്ഥിയായി ഒരു വനിതയാണ് വന്നതെങ്കിലും എതിർപ്പുണ്ടെന്ന സൂചനയുമായി ചില നേതാക്കൾ രംഗത്തു. പാർട്ടിയിൽ കൂടിയാലോചന ഇല്ലെന്നാണ് ഷാനിമോൾ പ്രതികരിച്ചത്. പി.ടി.തോമസിന്റെ ഭാര്യയാണു മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണ്. അഭിപ്രായം പറയേണ്ടെന്നു രണ്ടുപേർ പറഞ്ഞാൽ അംഗീകരിക്കാനാവില്ല. നേരത്തേ ഗ്രൂപ്പ് നേതാക്കൾ കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു.

ഇപ്പോൾ പാർട്ടിയിൽ ഓരോരുത്തരും നേതാക്കളാണെന്നും ഷാനിമോൾ വിമർശിച്ചു. തൃക്കാക്കരയിൽ പി.ടിയുടെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. പതിവിൽനിന്നു വ്യത്യസ്തമായി വളരെ നേരത്തേയായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വത്തിൽ വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ലെന്നാണു ഷാനിമോൾ ഉൾപ്പെടെയുള്ളവരുടെ വിമർശനം.

ഷാനിമോളുടെ അഭിപ്രായത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും കടുത്തു. പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പിന്തുണ അറിയിച്ചു രംഗത്തുവന്നെങ്കിലും പ്രവർത്തകർ ഷാനിമോൾക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അനവസരത്തിലാണ് ഷാനിമോളുടെ പ്രതികരണമെന്നാണ് അണികൾ ആവർത്തിക്കുന്നത്. അതേസമയം തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും പറഞ്ഞു. നേതൃത്വം സ്ഥാനാർത്ഥി നിർണയം നടത്തിയത് ആരോടൊക്കെ ആലോചിച്ചാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും ദീപ്തി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും മുന്നേ വെടിപ്പൊട്ടിച്ച കെ വി തോമസ് പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും വേദി ഏതെന്ന് പിന്നീട് പറയാമെന്നും പറയുന്നു. താൻ വികസന രാഷ്ട്രീയത്തിനൊപ്പമെന്ന് പറഞ്ഞ് അതൃപ്തി വ്യക്തമാക്കി. അതേസമയം കെ വി തോമസിന് മറുപടി നൽകാനില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാട്. ദേശീയ നേതാക്കൾ തൃക്കാക്കരയിിൽ പ്രചാരണത്തിനെത്തുമെന്നും കൊച്ചി വിമാനത്താവളം , കലൂർ സ്റ്റേഡിയം തുടങ്ങിയവയെ എതിർത്തവരാണ് സി പി എം എന്നും വി ഡി സതീശൻ പറഞ്ഞു.

സഹതാപ തരംഗം കൊണ്ട് മാത്രം ജയിക്കാനാകില്ലെന്ന് പറഞ്ഞ് നേതൃത്വത്തിനെതിരെ പിന്നീട് രംഗത്തെത്തിയത് മുൻ എം എൽ എ കൂടിയായ ഡൊമിനിക് പ്രസന്റേഷൻ ആണ്. ഡൊമിനിക് പ്രസന്റേഷന്റെ പരിഭവം തീർക്കാൻ ഒടുവിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ സംസാരിച്ചു. ഇന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഡൊമിനിക് പ്രസന്റേഷനെ നേരിൽ കാണുകയും ചെയ്തു. ഡൊമിനിക് പ്രസന്റേഷനുമായുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് തീർത്തെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. പാർട്ടി ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങുമെന്നും ഡൊമിനിക് പ്രസന്റേഷനെ കണ്ടശേഷം ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.

അതേസമയം പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഹൈബി ഈഡൻ എം പി വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടാകുന്നത് സ്വാഭാവിക പ്രതികരണങ്ങൾ ആണ്. തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കോൺഗ്രസിലെ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ലക്ഷ്യം വെച്ചു കൊണ്ടു കൂടിയാണ് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിവെച്ചതെന്നും സൂചനകളുണ്ട്.