തിരുവനന്തപുരം: ഈ മാസം 10ാം തിയ്യതിയാണ് തൊളിക്കോടിന് സമീപം പട്ടി കടിച്ച് അവശനായ കേഴ മാനിനെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് മെംബർ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറെ വിവരം അറിയിച്ചു. പരുത്തിപ്പള്ളി റെയ്ഞ്ചിലെ വാച്ചർ ഉടൻ സംഭവ സ്ഥലത്ത് എത്തിയെങ്കിലും മാൻ കിടന്നത് പാലോട് റെയ്ഞ്ചിലെ ആനപ്പെട്ടിയിൽ ആയതിനാൽ അവരെ വിവരം അറിയിച്ച് മടങ്ങി. ചൂഴമല സെക്ഷനിൽ ആണ് മാൻ കിടക്കുന്നതായി ആദ്യം വിവരം കിട്ടിയത്. എന്നാൽ പച്ചമല സെക്ഷനാണെന്ന് പാലോട് റെയ്ഞ്ചുകാരും സ്ഥിരീകരിച്ചതോടെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും പാമ്പു പിടിത്തക്കാരനായ വാച്ചറും സംഭവ സ്ഥലത്ത് എത്തി.

അവശനായ കേഴ മാൻ ഇനി രക്ഷപ്പെടില്ലന്നും കുഴിച്ചു മൂടാൻ പോകുകയാണന്നും ഫോറസ്റ്റ്കാർ നാട്ടുകാരെ അറിയിച്ചു. തുടർന്ന് മാനിനെ ഫോറസ്റ്റ് കാർ സെക്ഷൻ ഓഫീസിലേക്ക് കൊണ്ടു പോയി. ഇതിന് ശേഷം ഫോറസ്റ്റുകാരുടെ സംഘടനയുടെ ജില്ലാ നേതാവു കൂടി ഓഫീസെലത്തിയശേഷം മാനിനെ കൊന്ന് കറി വെച്ചുവെന്നാണ് ആരോപണം. ആദിവാസികൾ ഇടയ്ക്ക് നാട്ടിൽ നിന്നും കൊണ്ടു പോയ ആട്ടിറച്ചി കറി വെച്ചതിന് വരയാടിനെ വേട്ടയാടി എന്ന് ആരോപിച്ച് അവരെ നിരന്തരം പിഢീപ്പിച്ചവരാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.കൂടാതെ എലിയെ പിടിച്ച് കറി വച്ചാലും ആദിവാസി കൂരകളിൽ റെയ്ഡ് നടത്തുന്നവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.

സംരക്ഷിത വിഭാഗത്തിലെ ഷെഡ്യൂൾ മൂന്നിൽപെട്ട കേഴമാനിനെ കറിവച്ചത് ഗുരുതരമായ കുറ്റ കൃത്യമാണ്. മാനിനെ വേട്ടയാടുകയോ ഇറച്ചിയാക്കുകയോ ചെയ്താൽ 3വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റാരോപിതർ വനം വകുപ്പ് ഉദ്യോഗസ്ഥർ ആണ് എന്നതും കേസിന്റെ ഗൗരവ്വം വർദ്ധിപ്പിക്കുന്നു.

എന്നിട്ടും ഈ വിവരം മൂടിവെയ്ക്ക്നാണ് വനം വകുപ്പ ശ്രമിക്കുന്നത്. സംഭവം അറിഞ്ഞ്രണ്ടു ദിവസത്തിന് ശേഷം എത്തിയ പാലോട് റെയ്ഞ്ച് ഓഫീസർ കേഴ മാനിനെ കുഴിച്ചു മൂടിയ സ്ഥലം ചോദിച്ചുവെങ്കിലും ആരോപണ വിധേയർക്ക് കൃത്യമായ ഉത്തരം നല്കാനായില്ല. ഇതേ തുടർന്നാണ് പാമ്പു പിടിത്തക്കാരനായ താൽക്കാലിക വാച്ചറെ പിരിച്ചു വിട്ടത്. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സാധാരണ ഗതിയിൽ ഒരു വന്യ ജീവി മരണപ്പെട്ടാൽ വനം വകുപ്പിലെ വെറ്റിനറി ഡോക്ടർ എത്തി പോസ്റ്റ് മോർട്ടം നടത്തിയശേഷം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംസ്‌ക്കരിക്കുന്നത്.

ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയതിന് പിന്നിൽ യൂണിയൻ നേതാവാണന്നാണ് ആരോപണം. യൂണിയൻ നേതാവിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി കേസ് തന്നെ ഇല്ലാതാക്കാനാണ് വനം വകുപ്പ് ആസ്ഥാനത്ത് നീക്കം നടക്കുന്നത്. ഈ കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗിനിടെ അരുവിക്കര പൊലീസിനെ കയ്യേറ്റം ചെയ്തതായും ആക്ഷേപം ഉണ്ട്.