തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിന്റെ തീവ്ര ഹിന്ദുത്വ നിലപാടിൽ പ്രതിഷേധിച്ച് ഡിഗ്രി വിദ്യാർത്ഥിനിയായി തിരുവനന്തപുരത്തുകാരി വീട്ടിൽ വരുത്തിയിരുന്ന പത്രം നിർത്തി. ഇക്കാര്യം കാട്ടി ഹിന്ദു പത്രാധിപർക്ക് പെൺകുട്ടി അയച്ച ഇ മെയിൽ വൈറലാകുന്നു. പ്രശസ്ത എഴുത്തുകാരിയും സാക്ഷരതാ മിഷൻ ഡയറക്ടറുമായ ഡോ. പി എസ് ശ്രീകലയുടെ മകൾ അമ്മുവാണ് ഹിന്ദു പത്രാധിപർക്കു കത്തെഴുതിയത്. ചെന്നൈയിൽ ഇക്കണോമിക്‌സ് അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അമ്മു.

ഹിന്ദു പത്രാധിപർക്ക് അമ്മു ഇ മെയിൽ അയച്ച കാര്യം ശ്രീകലയാണു ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. തുടർന്ന് ഈ ഇമെയിൽ തരംഗമായി മാറുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് നിരവധി പേരാണ് ഇതു ഷെയർ ചെയ്തത്. ഇക്കഴിഞ്ഞദിവസം ഡൽഹിയിൽ സിപിഐഎം കേന്ദ്രാസ്ഥാനത്ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിക്കു നേരെയുണ്ടായ കൈയേറ്റശ്രമം കൈകാര്യം ചെയ്ത രീതിയിലാണു അമ്മു പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.

താനൊരു ബിരുദ വിദ്യാർത്ഥിനിയാണെന്നു പരിചയപ്പെടുത്തിയാണ് അമ്മുവിന്റെ മെയിൽ ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഹിന്ദുവിന്റെ നിലപാടുകൾ പൂർണമായും നിരാശപ്പെടുത്തുന്നതാണ്. തന്റെ ശോഭനമായ ഇന്നലെകളിൽ പത്രത്തിനൊപ്പമായിരുന്നു സഞ്ചാരം. പത്രത്തിന്റെ ധാർമികത, പക്ഷംപിടിക്കായ്മ എന്നിവയിലുണ്ടായിരുന്ന വിശ്വാസമാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. വാർത്തകളെല്ലാം തീവ്ര ഹിന്ദുത്വ നിലപാടുകളോട് അടുത്തുനിൽക്കുന്നതാണ്.

എട്ടാം തീയതി പുറത്തിറങ്ങിയ പത്രത്തിൽ കാലികപ്രസക്തമായ വാർത്തയ്‌ക്കൊന്നും വേണ്ട പരിഗണനയില്ല. ദേശീയനേതാവും എംപിയുമായ വ്യക്തിക്കു നേരെയുണ്ടായ ആക്രമണം പ്രാധാന്യമുള്ള വാർത്തയായില്ല. അതു പത്താമത്തെ പേജിൽ നൽകി ഒതുക്കി. അതേസമയം, തിരുവനന്തപുരത്തെ മാത്രം ബാധിക്കുന്ന ഹർത്താലിന് അനാവശ്യ പ്രാധാന്യം നൽകി. ദ ഹിന്ദുവിന്റെ മാറിയ രാഷ്ട്രീയ താൽപര്യങ്ങൾ വ്യക്തമാക്കുന്നതാണ് ഈ വാർത്തകളോടുള്ള സമീപനം. അതുകൊണ്ട് ഇനി മുതൽ പത്രം വരുത്തുന്നതു നിർത്തുന്നു. കുടുതൽ പേരെ ഇക്കാരണങ്ങളാൽ ഹിന്ദുവിൽനിന്ന് അകറ്റിയിട്ടുണ്ടാകാമെന്നും അമ്മു പറയുന്നു. ധാർമികമായ മാധ്യമപ്രവർത്തനത്തിന് ആശംസകളെന്ന വരികളോടെയാണ് ഇ മെയിൽ അവസാനിക്കുന്നത്.