ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത ഒരുപരിഹാസ്യ വിഷയമായി ഉയരുന്നത് ഇതാദ്യമായല്ല. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയായിരുന്നു ആദ്യം വിവാദമായി ഉയർന്നത്. കോൺഗ്രസ് ഇക്കാര്യം സമർത്ഥമായി ഉപയോഗിച്ചു. ഇതിന് ശേഷം വിവാദം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ എത്തി നിൽക്കുകയാണ്. പ്രധാനമന്ത്രിക്ക് എം എ ബിരുദം ഉണ്ടോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന പ്രധാന ചോദ്യം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തേടിയുള്ള വിവരാവകാശ അപേക്ഷ അദ്ദേഹത്തിന്റെ ഓഫീസ് തള്ളിയതാണ് വിവാദത്തിന് ആധാരം.

ഇതിനിടെ പ്രധാനമന്ത്രിയുടെ എംഎ ബിരുദം സംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ വന്ന തിരുത്ത് വിവാദമായതും. ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും പ്രധാനമന്ത്രി എംഎ കരസ്ഥമാക്കിയിട്ടുണ്ടെന്ന വിവരം വെബ്‌സൈറ്റിൽ നിന്നും നീക്കംചെയ്യപ്പെട്ടതാണ് വിവാദത്തിന്റെ തുടക്കം. ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും മോദി എംഎ ബിരുദം സ്വന്താക്കിയതായായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിരുന്നത്. ഡൽഹി നിയമമന്ത്രി തോമർ വ്യാജ ബിരുദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ഈ മാറ്റം വന്നു. എംഎ ബിരുദം നീക്കം ചെയ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് ഗുജറാത്ത് സ്വദേശിയായ ഒരു സാമൂഹ്യ പ്രവർത്തകൻ വിവരാവകാശ നിയമ പ്രകാരം പ്രധാനമന്ത്രി കാര്യാലയത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. #DegreeDikhaoPMSaabഎന്ന ഹാഷ്ടാഗിൽ ഇതിനെിരെയുള്ള പ്രതികരങ്ങളുടെ വന്നു കൊണ്ടിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്‌ബുക്കിലും ട്രെൻഡിംഗായിരിക്കയാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച ചോദ്യം.

മോദി ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ടെന്നും അഞ്ച് വർഷത്തിന് ശേഷം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഎ ബിരുദം നേടിയെന്നുമാണ് വിക്കി പീഡിയ പറയുന്നത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞുള്ള വിവരാവകാശ അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകുകയാണെങ്കിൽ താൻ തല മൊട്ടയടിക്കുമെന്ന് മുൻ സുപ്രീംകോടതി മുൻ ജഡ്ജിയും പ്രസ്‌കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്‌ഢേയ കട്ജു ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ബിരുദമെല്ലാം വ്യാജമാണെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.