'ജീവിക്കാൻ കൂട്ടുവേണമായിരിക്കും പക്ഷെ മരിക്കാൻ തുണയെന്തിന്?' - യൂദാസ്

കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളിൽ ലോകത്തെ കുഴക്കിയ ഏറ്റവും വലിയ പ്രഹേളികകളിലൊന്നാണ് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വം. ഗ്രീക്കോ-റോമൻ രാഷ്ട്രീയചരിത്രത്തിലും യഹൂദവംശചരിത്രത്തിലും വേരുകളുള്ള സയുക്തികമായ ഒരു ജീവിതസാധ്യത ക്രിസ്തുവിനെപ്പോലെ ഏതൊരാൾക്കുമുണ്ട്. പക്ഷെ മനുഷ്യാതീതമായ ഒരസ്തിത്വം സങ്കല്പിച്ചുകൊടുക്കുകവഴി അതൊരു പ്രശ്‌നഭൂമികയാക്കി മാറ്റുകയാണ് സഭ ചെയ്തത്. ഗുരുവും രാജാവും ചിന്തകനും നായകനും പ്രവാചകനും വിമോചകനും വിപ്ലവകാരിയും രക്തസാക്ഷിയുമൊക്കെയായി എത്രയെങ്കിലും സാധ്യതകളുള്ളപ്പോഴും ദൈവപുത്രൻ എന്ന നിലയിൽ മാത്രമാണ് ക്രിസ്തുവിന്റെ അസ്തിത്വം സന്ദിഗ്ദ്ധമാകുന്നത്. ബൈബിളിലെ ബഹുഭൂരിപക്ഷം ഗ്രന്ഥങ്ങളും മിത്തും ഭാവനയും മാത്രമാണെങ്കിലും ചില ഗ്രന്ഥങ്ങൾക്ക് ചരിത്രാത്മകത അംഗീകരിച്ചുകിട്ടിയിട്ടുണ്ട്. ക്രിസ്തുവിന്റെ ജീവിതവും മരണവും പ്രഘോഷിക്കുന്ന നാല് സുവിശേഷങ്ങളിൽ നിർമ്മിക്കപ്പെടുന്ന ദൈവപുത്രപരിവേഷമാകട്ടെ, തീരെ ചരിത്രാത്മകമല്ലതാനും. എന്നുമാത്രവുമല്ല, ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്ന പാപ്പിറസ് രേഖകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ കണ്ടുകിട്ടിയതോടെ, നാലു സുവിശേഷങ്ങൾ തന്നെയും പുതിയ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു.

'കന്യക'യുടെ പുത്രൻ എന്ന പദവിയും മരിച്ചതിനുശേഷമുണ്ടായ 'ഉയിർത്തെഴുന്നേല്പു'മാണ് ക്രിസ്തുവിന്റെ ദൈവികാസ്തിത്വത്തെക്കുറിച്ചുള്ള ഏറ്റവും വിഖ്യാതമായ കല്പനകൾ. അതുതന്നെയാണ് ക്രിസ്തുവിനെ മനുഷ്യേതരനാക്കുന്നതും. അത്ഭുതങ്ങളും രോഗശാന്തികളും തത്വപ്രബോധനങ്ങളുമൊക്കെ പിന്നീടേ വരുന്നുള്ളു. ചാവുകടൽ ചുരുളുകൾക്കുമുൻപുതന്നെ സാഹിതീയവ്യാഖ്യാനങ്ങളുൾപ്പെടെയുള്ളവ, ക്രിസ്തുവിനെ ദൈവപുത്രനും അത്ഭുതപുരുഷനുമാക്കുന്ന ആത്മീയപാഠങ്ങളിൽനിന്നു ഭിന്നമായി ചരിത്രപുരുഷനും മനുഷ്യപുത്രനുമാക്കുന്ന ഭൗതികപാഠങ്ങൾക്കു രൂപം കൊടുത്തിട്ടുണ്ട്. ആ പാരമ്പര്യത്തിലും ഗ്രീക്കോ-റോമൻ മതസംസ്‌കാരത്തോടും റോമാസാമ്രാജ്യത്തോടും യഹൂദർ നടത്തിയ രാഷ്ട്രീയ-മത സമരങ്ങളുടെ പശ്ചാത്തലത്തിലും, യൂറോപ്പിലും ഏഷ്യയിലും നിന്നുള്ള തത്വചിന്തകളും സാമൂഹ്യമാറ്റങ്ങളും മാനവിക മൂല്യങ്ങളും സ്വാംശീകരിച്ച വിപ്ലവകാരിയായി ക്രിസ്തുവിനെ ചിത്രീകരിക്കുന്ന ശ്രദ്ധേയമായൊരു നോവലാണ് ലിജി മാത്യുവിന്റെ 'ദൈവാവിഷ്ടർ'. മുൻപ് സി.ജെ. തോമസിനുമാത്രം മലയാളത്തിൽ ആവിഷ്‌ക്കരിക്കാൻ കഴിഞ്ഞിട്ടുള്ളവിധം ധ്വനിസാന്ദ്രവും ലാവണ്യാത്മകവുമായി ബൈബിളിലെ മാന്ത്രികഭാവനകളുടെ പുനഃസൃഷ്ടിനടത്തുന്ന, അസാമാന്യമാംവിധം കാവ്യാത്മകമായൊരു സാഹിതീയപാഠമാണ് ലിജിയുടെ നോവൽ. മറിയത്തിന്റെ കന്യാകാത്വം മുതൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പുവരെയുള്ള ദൈവാനുഭവങ്ങളെ ചരിത്രാനുഭവങ്ങൾക്കും മർത്യാനുഭവങ്ങൾക്കും കാവ്യാനുഭവങ്ങൾക്കും വിട്ടുകൊടുക്കുന്ന അസാധാരണമായൊരു രചന. നോവലെന്നത് കഥയോ മിത്തോ ചരിത്രമോ രാഷ്ട്രീയമോ എന്നതിനെക്കാൾ ആഖ്യാനത്തിന്റെ കല തന്നെയാണെന്നു തെളിയിക്കുന്ന ഒന്നാന്തരം കൃതികളിലൊന്ന്.

റോമാസാമ്രാജ്യം യുദ്ധത്തിൽ തോല്പിച്ച് തടവിലാക്കിയ ഹാസ്‌മോണിയൻ രാജാവായ അലക്‌സാണ്ടർ ഹേലിയുടെയും ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ജോഷ്വായുടെ മകൾ ഹന്നയുടെയും മകളാണ് മറിയം. നിദ്രാടനക്കാരിയായ സ്വപ്നസുന്ദരി. പിതാവ് നാടുകടത്തപ്പെടുകയും മാതാവ് അഭയാർത്ഥിയാവുകയും ചെയ്തതോടെ ജറുസലേം ദേവാലയത്തിലെ കന്യാമഠത്തിലെത്തിച്ചേർന്നു, മറിയം. അമ്മ ചൊല്ലുന്ന പ്രാർത്ഥനകൾ അവൾ ഏറ്റുചൊല്ലിയില്ല. 'ആദിപാപത്തിന്റെ ഉത്തരവാദിത്തം മനുഷ്യന്റെ ചുമലിൽനിന്നെടുത്ത് കർത്താവിന്റെ ചുമലിൽ തന്നെ വച്ച' മറിയം, ഇസ്രയേലിനുവേണ്ടി മറ്റു ജനതകളെയെല്ലാം നശിപ്പിക്കുന്ന കർത്താവിനെ കാരുണ്യവാനും സർവശക്തനുമെന്നു വിളിക്കാൻ വിസമ്മതിച്ചു. ദാവീദിന്റെയും മോശയുടെയും കർത്താവിനെ ഹിംസയുടെ മൂർത്തിയായി മാത്രം കണ്ട മറിയത്തെ ഒരു സ്വപ്നാടനത്തിനിടയിൽ ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനും ഹേറോദിന്റെ ആജ്ഞാനുവർത്തിയും കുടിലബുദ്ധിയും മതവാണിഭക്കാരനുമായി ഹന്നാസ് ബലാൽക്കാരം ചെയ്യുന്നു. മകൻ നഥാനിയലിന് മറിയത്തെ വിവാഹം ചെയ്തുകൊടുക്കാനാഗ്രഹിച്ച പുരോഹിതൻ അബിയാഥാറിനെയും മകനെയും ഹന്നാസ് തുരത്തി. വിഭാര്യനും നാലു മക്കളുടെ പിതാവുമായ വയോധികനായ ആശാരി ജോസഫിന് ഹന്നാസ് മറിയത്തെ പിടിച്ചുകൊടുക്കുന്നു. ഹന്നയുടെ സഹോദരി എലിസബത്തും ഭർത്താവ് ശഖര്യാവും മറിയത്തെ രക്ഷിച്ച് നാടുവിടുന്നു. ഹേലിയുടെ സഹോദരനും യഹൂദവർത്തകപ്രമാണിയും സെനറ്ററുമായ അരിമഥ്യക്കാരൻ ജോസഫാണ് മറിയത്തിന്റെ രക്ഷപെടലും തുടർന്നുള്ള കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത്.

മറിയം രണ്ടാൺ കുഞ്ഞുങ്ങളെ പ്രസവിച്ചു. യോഹന്നാനും യേശുവും എന്ന് അവർ വിളിക്കപ്പെട്ടു. യോഹന്നാൻ എലിസബത്തിന്റെയും യേശു മറിയത്തിന്റെയും മക്കളാണെന്ന് ശഖര്യാവ് നാട്ടുകാരെ വിശ്വസിപ്പിച്ചു. ഹന്നാസിനെതിരെ നീക്കം നടത്തിയ ശഖര്യാവിനെ ഹന്നാസ് വധിച്ചു. ചാവുകടൽത്തീരത്തെ തന്റെ രഹസ്യതാവളത്തിലെത്തിച്ച് മറിയത്തെയും കുഞ്ഞുങ്ങളെയും എലിസബത്തിനെയും രക്ഷിച്ചു. ജോസഫ് അവരെ പിന്നീട് എൻഗേദിലെ നസറീനി സന്യാസികളുടെ സംരക്ഷണത്തിലാക്കി.

യേശുവിന്റെ ജീവിതം മാത്രമല്ല നോവലിന്റെ ആഖ്യാനവും തുടർന്നങ്ങോട്ട് നിയന്ത്രിക്കുന്നതും നിർണയിക്കുന്നതും രണ്ടുപേരാണ്. അരിമഥ്യക്കാരൻ ജോസഫും അയാളുടെ സഹായിയും വിശ്വസ്തനുമായ യൂദാസും. യേശുവിനെ, യഹൂദർ കാത്തിരുന്ന കർത്താവായും യോഹന്നാനെ കർത്താവിന്റെ വരവറിയിക്കുന്ന പ്രവാചകനായും മാറ്റി, ജോസഫ്. യൂദാസ് യേശുവിന്റെ തോഴനും രക്ഷകനുമായി കൂടെ നിന്നു. ഹേറോദിന്റെയും ഹന്നാസിന്റെയും ഗൂഢപാപങ്ങളുടെ മറയും ഇടവുമായിരുന്ന ജറുസലേം ദേവാലയം അശുദ്ധമാണെന്നു പരസ്യമായി പ്രഖ്യാപിക്കുമ്പോൾ യേശുവിന് പ്രായം പന്ത്രണ്ട്. ഹന്നാസ് അപകടകാരിയാണെന്നറിയാവുന്ന ജോസഫ് യേശുവിനെ സാർഥവാഹകസംഘത്തിന്റെ കൂടെ കിഴക്കൻ ദിക്കിലേക്കു പറഞ്ഞുവിട്ടു. മുപ്പതു വയസ്സുവരെ നീണ്ടുനിന്നു, യേശുവിന്റെ ദേശാടനം. കിഴക്കിന്റെ വിജ്ഞാനങ്ങളും ബൗദ്ധചിന്തകളും സ്വാംശീകരിച്ചു തിരിച്ചെത്തിയ യേശുവിന് ശിഷ്യരും അനുയായികളും പെരുകിയത് പെട്ടെന്നായിരുന്നു; ശത്രുക്കളും. ബഥാന്യക്കാരി മറിയം അവനെ പ്രണയിച്ചു സദാ കൂടെ നിന്നു. യൂദാസ് ശിഷ്യരിൽ പ്രമുഖനായി ഒപ്പം നടന്നു. യേശുവിന്റെ തന്നെ മുഖഛായയുള്ള യോഹന്നാസ് അവന്റെ വരവറിയിച്ചു പിന്മാറി. യേശുവിന്റെ ജനപ്രീതിയും എതിരാളിയുടെ അങ്കലാപ്പും തിരിച്ചറിഞ്ഞ ജോസഫ്, യഹൂദരുടെ രാജാവിന്റെ രക്ഷാകരദൗത്യം നടപ്പാക്കാൻ നീക്കം തുടങ്ങി. ഒരേസമയംതന്നെ റോമാസാമ്രാദ്യത്തെയും ഹന്നാസിനെയും തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെ യേശുവിനെ ബലികൊടുക്കുകയായിരുന്നു ജോസഫിന്റെ പദ്ധതി. യോഹന്നാന് യേശുവിന്റെതന്നെ മുഖഛായയായതിനാൽ, അവനെ കുരിശിൽ തറച്ചുകൊന്നു, മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റുവെന്നു പറഞ്ഞ് യേശുവിനെ അവതരിപ്പിക്കാനുള്ള നീക്കം യേശു സമ്മതിച്ചില്ല. തന്റെ മരണം തന്റേതാണെന്ന നിലപാടിൽ യേശു ഉറച്ചുനിന്നു. അതോടെ ജോസഫ് പദ്ധതി മാറ്റി. മരിക്കും മുൻപേ കുരിശിൽ നിന്നിറക്കി (പിറ്റേന്ന് സാബത്തായതിനാൽ മൃതദേഹം കുരിശിൽ കിടക്കാതിരിക്കാൻ) അലക്‌സാണ്ട്രിയയിലെ വിദദ്ധരായ വൈദ്യന്മാരെക്കൊണ്ട് ചികിത്സിപ്പിച്ച് യേശുവിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നു, ജോസഫ്. യഹൂദർക്കു രക്ഷകനെയും വിശ്വാസികൾക്കു രക്തസാക്ഷിയെയും റോമാക്കാർക്ക് നിത്യദുഃഖത്തെയും ഹന്നാസിന് ജന്മാന്തര ശത്രുവിനെയും ഒന്നിച്ചുനൽകി ജോസഫ് യേശുവിന്റെ നിയോഗം പൂർത്തിയാക്കുന്നു.

'ദൈവാവിഷ്ടർ' പറയുന്നതിതാണ്: 'ദൈവികതയുടെ കുപ്പായമുരിഞ്ഞെറിഞ്ഞ് പുറത്തുവരുന്ന പച്ച മനുഷ്യന്റെ വിപ്ലവകരമായ സാമൂഹ്യബോധമാണ് ക്രിസ്തുവിന്റെ ചരിത്രമൂല്യം'. ആ അർഥത്തിൽ ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഒരുടമ്പടിപോലെ നിലനിൽക്കുന്ന ആത്മാവിന്റെ ചരിത്രപുസ്തകമായി മാറുന്നു, ഈ നോവൽ.

'നിഷ്‌ക്രിയനായ ഒരജ്ഞാതദൈവത്തെക്കാൾ എന്തുകൊണ്ടും ഭേദം പ്രവൃത്തിനിരതനായ ഒരു നല്ല മനുഷ്യനാണ്' എന്ന യോഹന്നാന്റെ വാക്കുകൾ ഈ നോവലിന്റെ പ്രത്യയശാസ്ത്രമായി മാറുന്നു. അതാകട്ടെ, ദൈവശാസ്ത്രത്തെക്കാൾ, ചരിത്രത്തിന്റെ നീതിശാസ്ത്രമായി മാറുന്ന കാലത്തിന്റെ തിരിച്ചറിവാണ്. അതുകൊണ്ടാണ്, അത്ഭുതങ്ങളും മായികവിദ്യകളും രോഗശാന്തികളും കാത്തിരിക്കുന്ന ജനങ്ങളോട് യേശു ഇങ്ങനെ പറയുന്നത്:

'അദ്ദേഹം നേരേ മുകളിലേക്ക് ഉയർത്തിയെറിഞ്ഞ ആ നീർമാതളം ഒരു കുല അത്തിപ്പഴമായി മാറിയത് ജനം അമ്പരപ്പോടെ കണ്ടു. ഒരു ബാലൻ ആൾക്കൂട്ടത്തിന്നിടയിൽനിന്നും ഓടിവന്ന് അതെടുത്ത് എല്ലാവരെയും ഉയർത്തിക്കാട്ടി,

അപ്പോൾ ഗുരു ചോദിച്ചു:

'നോക്കൂ, ഞാൻ ഇത്തരം ചെപ്പടിവിദ്യകൾ കാണിക്കാത്തതിനാലാണോ നിങ്ങൾ നിരാശരായിരിക്കുന്നത്?

ആകാശങ്ങൾ പൊഴിക്കുന്ന അത്തിപ്പഴങ്ങൾ തിന്ന്

നിങ്ങൾ എത്ര നാൾ കാലംകഴിക്കും.

ഒരു വർഷം....? പത്തുവർഷം...?

അതോ ആയുസ്സുമുഴുക്കയോ, തലമുറകൾ വന്നുപോകുംവരെയോ?

അതോ അത്തിപ്പഴം തിന്നുതിന്ന് നിങ്ങൾ മടുക്കുംവരെയോ?

എന്നാൽ സത്യം സത്യമായും

ഞാൻ നിങ്ങളോടു പറയുന്നതെന്തെന്നാൽ,

അസ്വാഭാവികവും ക്ഷണഭംഗുരവുമായ അത്തരം അത്ഭുതങ്ങളല്ല മറിച്ച് സ്വാഭാവികവും ശാശ്വതവുമായ മനുഷ്യയത്‌നങ്ങളാണ് ലോകത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും വിടുതിയിലേക്കും നയിക്കാൻ പോകുന്നത്..'.

ഗുരുവചനങ്ങൾ മനസ്സിലാക്കിയവർ അക്കാരണത്താലും മനസ്സിലാക്കാൻ സാധിക്കാഞ്ഞവർ അക്കാരണത്താലും നിശ്ശബ്ദരായി മിഴികൾ നിലത്തൂന്നി അലസതാളത്തിൽ നടന്നുകൊണ്ടിരുന്നു'.

യൂദാസ് ഇതു തിരിച്ചറിയുന്നുണ്ട്.

'അവൻ അടയാളങ്ങളും അത്ഭുതങ്ങളും കാട്ടാത്തതുകൊണ്ട് സാധാരണ ജനങ്ങളിൽ ഒട്ടുമിക്കവരും അവനെ സംശയത്തോടെ വീക്ഷിക്കുന്നു. അവൻ ചുങ്കക്കാരുടെയും പാപികളുടെയും കൂട്ടുകാരനെന്നാണ് സദാചാരവാദികളായ മറ്റുചിലരുടെ അധിക്ഷേപം. സാബത്തുനിയമങ്ങൾ ലംഘിക്കുകയാൽ ആചാരനിഷ്ഠരായ ഫരിസ്സേയർ അവനെ വെറുക്കുന്നു. പൗരോഹിത്യത്തെ വെല്ലുവിളിക്കുന്നതുകൊണ്ട് സദ്ദൂക്യരും ഉപവാസത്തിലും ആഹ്ലാദനിഷേധത്തിനും പ്രാധാന്യം കൊടുക്കാത്തതുകൊണ്ട് അവനിൽ പ്രതീക്ഷയർപ്പിച്ചിരുന്ന നസറീനികൾക്കും അവനോട് വിരോധമുണ്ട്. ഇങ്ങനെ പോയാൽ'.

യേശുവോ? 'ഞാൻ ആത്മപീഡനങ്ങളെ വെറുക്കുന്നു.

ശരീരവും ആത്മാവും

വിളക്കും വെളിച്ചവും പോലെ

പരസ്പരപൂരകങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു.

വിളക്ക് വെളിച്ചത്തെയെന്നപോലെ ശരീരം ആത്മാവിനെ പ്രകാശിപ്പിക്കുന്നു.

എന്റെ ആത്മാവും ശരീരവും തമ്മിൽ

പ്രണയത്തിലാണെന്നു പറയാനാണെനിക്കിഷ്ടം.

എന്റെ ശരീരം കൊടിയ യാതനകളെ

ഏറ്റുവാങ്ങാൻ പോകുന്നതോർത്ത്

എന്റെ ആത്മാവ് വിലപിക്കുന്നു'.

രണ്ടുതലങ്ങളിലാണ് 'ദൈവാവിഷ്ട'രുടെ ഈ രാഷ്ട്രീയം പ്രവർത്തിക്കുന്നത്. ഒന്ന്, റോമിന്റെ മത-രാഷ്ട്രീയാധിപത്യങ്ങളും യഹൂദരുടെ വിമോചനസ്വപ്നങ്ങളും ജറുസലേമിന്റെ മതമണ്ഡലവും ഹന്നാസിന്റെ അധോലോകവും ജോസഫിന്റെ ഗൂഢതന്ത്രങ്ങളും മറ്റും നിർണയിക്കുന്ന, ചരിത്രവും മിത്തും കൂടിക്കുഴയുന്ന, 'ദൈവാവിഷ്ട'രുടെ ഇതിവൃത്തഘടനയിൽ. രണ്ട്, മാന്ത്രികസൗന്ദര്യം കൈവരിക്കുന്ന ആഖ്യാനത്തിന്റെ കഥന-കാവ്യ കലയിൽ.

ഇതിവൃത്ത ഘടനയെ താഴെപ്പറയുന്ന പത്തുഘടകങ്ങളായി വിശദീകരിക്കാം.

  1. ഗ്രീക്കോ-റോമൻ മത-രാഷ്ട്രീയ ചരിത്രങ്ങളും യഹൂദരുടെ വംശസ്വത്വാന്വേഷണങ്ങളും.
  2. ദൈവത്തിനും മനുഷ്യർക്കുമെതിരായി നടക്കുന്ന ഹന്നാസിന്റെ നിഷ്ഠൂരതകൾ.
  3. യഹൂദരുടെ വംശ-വിമോചന സ്വപ്നങ്ങൾക്കുമേൽ അരിമഥ്യക്കാരൻ ജോസഫിനു കൈവരുന്ന നിർണായക കർതൃത്വം.
  4. മറിയത്തിന്റെ നിദ്രാടനങ്ങളും പ്രാണസഞ്ചാരങ്ങളും.
  5. ക്രിസ്തുവിന്റെ ജീവിതകാലത്തുടനീളം വ്യാപിക്കുന്ന യൂദാസിന്റെ നിയോഗങ്ങൾ.
  6. ഹേലി, എലിസബത്ത്, അബിയാഥാർ, ശഖര്യാവ് തുടങ്ങിയവരുടെ സമാന്തരജീവിതം.
  7. യോഹന്നാന്റെ പ്രവചനവഴികളും സമർപ്പിതജീവിതവും.
  8. ബഥാന്യയിലെ മറിയത്തിന്റെ കാമനാലോകങ്ങൾ.
  9. ക്രിസ്തുവിന്റെ ആത്മസംഘർഷങ്ങൾ, ഭൗതികരഥ്യകൾ, ദൈവാഭിമുഖ്യങ്ങൾ, മാനുഷികവ്യഥകൾ...
  10. ചാവുകടൽ ചുരുളുകളിലെ സമാന്തര സുവിശേഷങ്ങൾ.

ആഖ്യാനമോ? അഞ്ചുമണ്ഡലങ്ങളിൽ ഇഴപിരിഞ്ഞുനിൽക്കുന്നു, 'ദൈവാവിഷ്ട'രുടെ കഥനകല.

ആത്മഭാഷണങ്ങളുടെ രൂപകലയാണ് ഒന്നാമത്തേത്. മറിയവും പുരോഹിതരും ഹേലിയും യോഹന്നാനും ജോസഫും ഉൾപ്പെടെയുള്ളവരുടെ ആത്മഭാഷണമായാണ് ഓരോ അധ്യായത്തിന്റെയും ഘടന, ഇവരെക്കാൾ കലാത്മകവും കാവ്യാത്മകവുമായി ഈ ആവിഷ്‌ക്കാരം നിർവഹിക്കുന്നത് മൂന്നു കഥാപാത്രങ്ങളാണ്. യൂദാസ്, ബഥാന്യക്കാരി മറിയം, പിന്നെ കാറ്റ്. വേണമെങ്കിൽ 'യൂദാസിന്റെ സുവിശേഷം' എന്നുതന്നെ വിളിക്കാവുന്നവിധം ഭൗതികവും മനുഷ്യോന്മുഖവുമാണ് ദൈവാവിഷ്ടർ. ഈ നോവലിന്റെ ആഖ്യാനകലയെ നിയന്ത്രിക്കുന്ന ഏറ്റവും നിർണായകമായ സ്വരം യൂദാസിന്റേതാണ്. ഏറ്റവും മാനുഷികമായത് മറിയത്തിന്റെയും. കാറ്റുപറയുന്ന കഥകൾ ശുദ്ധകവിതകളായി മാറുന്നു.

രണ്ടാമത്തെ മണ്ഡലം ദൈവത്തിന്റെയെന്നതിനെക്കാൾ മനുഷ്യന്റെ സുവിശേഷമായി മാറുന്ന ദൈവാവിഷ്ടരുടെ ചരിത്രാത്മകതയാണ്. ആത്മാവിന്റെ ചരിത്രപുസ്തകം എന്നുതന്നെ പറയാവുന്നവിധം ഈ നോവൽ, ഒരു കാലത്തിന്റെ തുടർച്ചയും പൂർത്തീകരണമായി മാറുന്ന ഗ്രീക്കോ-റോമൻ, യഹൂദവംശങ്ങളുടെ ആത്മലോകങ്ങളുടെ കഥയായി മാറുന്നു. യേശു അതിന്റെ നടുനായകനായും. മുഴുവൻ ദൈവികതകളും ഉരിഞ്ഞുകളഞ്ഞ ഒരു പച്ചമനുഷ്യനാണ് നോവലിലെ യേശു. അത്ഭുതങ്ങളും മായികതകളും കൊണ്ട് പുരോഹിതമതവും ബൈബിളും നിർമ്മിച്ചുകൊടുത്ത ദൈവികപരിവേഷം മാനവികതയുടെ മൂർത്തതക്കു വഴിമാറുന്നു. 'കന്യാഗർഭം' മുതൽ 'ഉയിർത്തെഴുന്നേല്പ്' വരെയുള്ള മിത്തുകളെ ദൈവാവിഷ്ടർ മനുഷ്യോചിതമായി അപനിർമ്മിക്കുന്നു.

മതവിചാരണയുടെയും ദൈവവിചാരണയുടെയും നിശിതമായ സാമൂഹ്യമണ്ഡലമാണ് മൂന്നാമത്തേത്. മറിയം തന്റെ പിതാക്കന്മാരുടെ ദൈവസങ്കല്പത്തെ കടന്നാക്രമിക്കുന്നു. പഴയനിയമം സൃഷ്ടിച്ച പകയുടെയും ഭീതിയുടെയും ഹിംസയുടെയും ദൈവത്തെ അവൾ വെല്ലുവിളിച്ചു. അമ്മയുമായി മറിയം നിരന്തരം തർക്കങ്ങളിലേർപ്പെട്ടു.

'അവിടുത്തെ കാരുണ്യം അനന്തമാണ്' എന്ന ഭാഗം മറ്റുകുട്ടികളോടൊപ്പം ഏറ്റുചൊല്ലാതെ ഞാൻ മൗനം പാലിച്ചത് അമ്മയെ ചൊടിപ്പിച്ചു. അമ്മ കാരണമാരാഞ്ഞപ്പോൾ ഞാൻ പറഞ്ഞു:

'ഒരു ജനതയുടെ, ചുണ്ടിൽനിന്നും മുലപ്പാൽമണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള ആദ്യജാതരെ മുഴുവൻ കൊന്നുകളഞ്ഞ കർത്താവിനെ കാരുണ്യവാനെന്നു വിളിക്കാൻ എന്റെ നാവ് പൊങ്ങുകയില്ല'.

'ദൈവദോഷം പറയുന്നോ? അടിമത്തത്തിൽനിന്നും നമ്മെ മോചിപ്പിക്കാനാണ് കർത്താവ് ഈജിപ്തുകാരെ ശിക്ഷിച്ചതെന്ന് നീ മറന്നോ? നന്ദികെട്ടവൾ!' അമ്മ ക്രുദ്ധയായി.

'നിന്റെ അബ്ബയെയും നമ്മുടെ കുടുംബത്തെയും ക്രൂരമായി ദ്രോഹിച്ചതിന് കർത്താവ് ഹേറോദിനെ ഹിംസിച്ചാൽ അപ്പോഴും നീ ഇങ്ങനെ വാദിക്കുമോ?' അമ്മ എന്നോടു ചേർന്നുനിന്നു രഹസ്യമായി എന്റെ ചെവിയിൽ ചോദിച്ചു. അമ്മയുടെ ശരീരം കോപംകൊണ്ട് വിറയ്ക്കുന്നത് ഞാനറിഞ്ഞു.

'ഉവ്വ്'. കൂസലെന്യേ ഞാൻ പറഞ്ഞു: 'കർത്താവ് കാരുണ്യവാനാണെങ്കിൽ ഹേറോദിന്റെ ഹൃദയത്തിൽനിന്നും അബ്ബയോടു മാത്രമല്ല സകല യഹൂദന്മാരോടുമുള്ള വെറുപ്പും വിദ്വേഷവും അധികാരമോഹവുമെല്ലാം എടുത്തുകളഞ്ഞ് അദ്ദേഹത്തെ മനുഷ്യസ്‌നേഹിയും കാരണ്യവാനുമാക്കും'.

'ഇസ്രയേലിന്റെ ശത്രുക്കളെല്ലാം, അവർ നിശ്ശേഷം നശിപ്പിക്കപ്പെടേണ്ടതിന്നും തുടച്ചു നീക്കപ്പെടേണ്ടതിന്നുമായി കർത്താവുതന്നെയാണ് ഇസ്രയേലിന്നെതിരേ പോരിനുവരാൻതക്കവണ്ണം അവരുടെ ഹൃദയത്തെ കഠിനമാക്കിയതെന്ന ജോഷ്വാപ്രവാചകന്റെ വാക്കുകൾ അമ്മതന്നെ വായിച്ച് എത്രയോ തവണ ഞാൻ കേട്ടിരിക്കുന്നു'.

തന്റെ വംശത്തിന്റെ മഹത്വം പാടിയ അമ്മയെ അവൾ വിമർശിക്കുന്നതു കേൾക്കൂ.

'ആദ്യപാപത്തിന്റെ ഉത്തരവാദിത്വം ഞാൻ മനുഷ്യന്റെ ചുമലിൽ നിന്നെടുത്ത് കർത്താവിന്റെ തോളിൽത്തന്നെവെച്ചു.

കർത്താവിന്റെ ചില നോട്ടക്കുറവുകളാണ് ആദിമാതാപിതാക്കളായ ആദത്തെയും ഹവ്വയെയും കുഴപ്പത്തിലാക്കിയതെന്നു ഞാനാരോപിച്ചു. തിന്നരുതാത്ത പഴം ഉണ്ടാകുന്ന ഒരു ജ്ഞാനവൃക്ഷത്തെ കർത്താവ് ഏദൻതോട്ടത്തിനു നടുവിൽ സൃഷ്ടിച്ചുവെച്ചതിൽ ഒരു ദുരുദ്ദേശ്യം ഉണ്ടായിരുന്നതായെനിക്കു തോന്നി. അതിന്റെ പഴം തിന്നാൽ മരിക്കുമെന്നു കർത്താവു നുണ പറഞ്ഞതെന്തിനാണെന്നും എനിക്കു ബോധ്യമായില്ല. പോരാത്തതിന്, എല്ലാമറിയാവുന്ന കർത്താവിന് സാത്താൻ പാമ്പിന്റെ രൂപത്തിൽവന്ന് പാവം ആദത്തെയും ഹവ്വയെയും പ്രലോഭിപ്പിക്കുമെന്നു മുൻകൂട്ടി കാണാൻ കഴിയുമായിരുന്നിട്ടും അവരെ പ്രലോഭിപ്പിക്കാൻ അവിടുന്ന് സാത്താന് മൗനാനുവാദം നൽകി. പാമ്പും സാത്താനുമടക്കം കുറ്റം ചെയ്തവരും ചെയ്യിച്ചവരും കർത്താവിന്റെ സ്വന്തം കരവേലകൾ മാത്രമാണെന്നിരിക്കെ കർത്താവു ശിക്ഷാവിധി നടപ്പാക്കിയത് ആത്യന്തികമായും സ്വന്തം കർമഫലത്തിന്നെതിരെതന്നെയാണ്. അതല്ല, സാത്താനും കർത്താവിനെപ്പോലെ സ്വയംഭൂ ആണെങ്കിൽ കർത്താവും സാത്താനും തമ്മിൽ പ്രശ്‌നം തീർക്കുകയായിരുന്നു ന്യായം.

എന്റെ ന്യായവാദങ്ങൾ അമ്മയെ വല്ലാതെ ഭയപ്പെടുത്തി. എന്നെ പിശാചു ബാധിച്ചിരിക്കയാണെന്നും അതുകൊണ്ടാണു ഞാൻ ദൈവദൂഷണം പറയുന്നതെന്നും കരുതി അമ്മ വേവലാതിപ്പെട്ടു. ഇത്തരം കാര്യങ്ങൾ ആരെങ്കിലും പറയുന്നത് ഇന്നേവരെ അമ്മ കേട്ടിട്ടുണ്ടായിരുന്നില്ല.

'ദൈവത്തെ ന്യാവിസ്താരം നടത്താൻ മാത്രം വളർന്നോ, നീ....' അമ്മ തലയിൽ കൈവെച്ച് അലറി.

'കലത്തിനു നാവുണ്ടെങ്കിൽ നിർമ്മാണപ്പിശകുവരുത്തിയ കുശവനെ അതു വിധിക്കും, കുശവൻ കലത്തെ വിധിക്കുന്നതിനെക്കാൾ ന്യായം അതാണ്'. ഞാൻ പറഞ്ഞു.

പിന്നീടൊരിക്കൽ ദാവീദിന്റെ മഹത്തായ വംശപാരമ്പര്യം ഉൾവഹിക്കുന്ന എന്റെ രക്തത്തെപ്പറ്റി പറഞ്ഞ് അന്ന ഊറ്റംകൊണ്ടപ്പൊഴും ഞാൻ അമ്മയെ പരിഹസിച്ചു...

'മഹത്തായ പാരമ്പര്യമോ? എന്താണ് അമ്മയുടെ നോട്ടത്തിൽ മഹത്ത്വത്തിന്റെ ലക്ഷണങ്ങൾ? കയ്യൂക്കും കൗശലവുംകൊണ്ട് ആർക്കും നേടിയെടുക്കാവുന്ന അധികാരമോ? കൊന്നും കൊള്ളയടിച്ചും ദരിദ്രന്റെ അരക്കാശുപോലും പിടിച്ചുവാങ്ങിയും കുമിച്ചുകൂട്ടിയ അളവറ്റ സമ്പത്തോ? ആ സമ്പത്തും നൂറുകണക്കിനടിമകളുടെ ചോരയും വിയർപ്പും ഉപയോഗിച്ച് പണിതുയർത്തിയ കോട്ടകൊത്തളങ്ങളോ? ഉപയോഗിച്ചു വലിച്ചെറിഞ്ഞ എണ്ണൂറോളം വെപ്പാട്ടിമാരുടെയും ഇരുനൂറോളം ഭാര്യമാരുടെയും സംഖ്യാബലമോ? സ്വസഹോദരിയെ മാനഭംഗം ചെയ്ത സഹോദരന്റെയും തമ്മിൽത്തല്ലിച്ചത്ത സഹോദരങ്ങളുടെയും പിതൃത്വപുണ്യമോ? ഇതൊക്കെയാണോ എന്റെ പുണ്യപിതാമഹന്റെ മഹത്ത്വങ്ങൾ?'.'

അസാധാരണമാംവിധം സ്ത്രീപക്ഷനിലപാടുകളുള്ള മത-ദൈവവിചാരണകളുടെ വക്താവാണ് മറിയം. ജറുസലേമിന്റെ ദുഃഖപുത്രിയായി സ്വയം അവരോധിക്കാൻ അവൾ തയ്യാറല്ല.

യേശുവാണ് നോവലിലെ ദൈവ-മതവിചാരണയുടെ മറ്റൊരു വക്താവ്. റോമാക്കാരുടെ ആധിപത്യവും യഹൂദരുടെ അടിമത്തവും മാത്രമല്ല, ജറുസലേം ദേവാലയത്തിലെ പൗരോഹിത്യ ദുഷ്പ്രഭുത്വവും അദ്ദേഹത്തിന്റെ ചാട്ടവാറടിയേറ്റു പുളഞ്ഞു അത്ഭുതങ്ങളിൽ തന്നെ തളിച്ചിട്ട മുഴുവൻ ഭാവികാലങ്ങൾക്കുമെതിരെ യേശു പ്രതികരിക്കുന്നു.

മനുഷ്യാനുഭവങ്ങളായി മാറുന്ന ദൈവാനുഭവങ്ങളുടേതാണ് നാലാമത്തെ മണ്ഡലം. മറിയം, ഹേലി, ജോസഫ്, ശഖര്യാവ്, അബിയാഥാർ, യോഹന്നാൻ എന്നിവർ തൊട്ട് യൂദാസും മറിയവും യേശുവും വരെയുള്ളവർ ഇതിൽ ഭിന്നമല്ലയ നോവലിന്റെ പ്രത്യക്ഷരാഷ്ട്രീയവും കാവ്യനീതിയുമായി മാറുന്നതും മറ്റൊന്നല്ല. മർത്ത്യജീവിതത്തിന്റെ നിത്യസങ്കടങ്ങൾക്കുമേൽ ദാക്ഷിണ്യമില്ലാതെ തീമഴപെയ്യിക്കുന്ന പ്രാചീനലോകത്തിന്റെ ദൈവനീതിയെ വിചാരണ ചെയ്യുകയാണ് ഇവരുടെ നിയോഗം. കഷ്ടതകളുടെ കൊടുംകാലത്ത് യഹൂദരനുഭവിച്ച നിസ്വജീവിതങ്ങളെക്കുറിച്ച് ശഖര്യാവ് പറയുന്നതു കേൾക്കൂ:

'എന്റെ കർത്താവേ.. എന്റെ ദൈവമേ...
നിന്റെ ജനതയുടെ യാതനകൾ നീ കാണാത്തതെന്ത്?
അവരുടെ യാചനകൾ നീ കേൾക്കാത്തതെന്ത്?
മക്കൾക്കുവേണ്ടി
മരുഭൂമിയിൽ ഇരതേടുന്ന കഴുതകളെപ്പോലെ
അവർ അദ്ധ്വാനിക്കുന്നു.
ദുഷ്ടരുടെ മുന്തിരിത്തോട്ടത്തിൽ അവർ കാലാ പെറുക്കുന്നു.
അവർ രാത്രി മുഴുവൻ നഗ്നരായി ശയിക്കുന്നു.
തണുപ്പിൽ പുതയ്ക്കാൻ അവർക്ക് ഒന്നുമില്ല.
മലയിൽ പെയ്യുന്ന മഴ അവർ നനയുന്നു.
പാർപ്പിടമില്ലാതെ അവർ പാറക്കെട്ടുകളിൽ അഭയം തേടുന്നു.
മുലകുടിക്കുന്ന അനാഥശിശുക്കളെ
മാറിൽനിന്നും പിടിച്ചെടുക്കുകയും
ദരിദ്രരുടെ കുഞ്ഞുങ്ങളെ പണയം വാങ്ങുകയും ചെയ്യുന്നവരുണ്ട്.
ദരിദ്രർ നഗ്നരായി അലയുന്നു.
അവർ വിശന്നുകൊണ്ട് കറ്റ മെതിക്കുന്നു.
അവർ ദുഷ്ടന്മാരുടെ ചക്കിൽനിന്നും
ഒലിവെണ്ണയും വീഞ്ഞും ആട്ടി എടുക്കുന്നു.
എന്നാൽ അവർ ദാഹാർച്ചരാണ്.
നഗരത്തിൽ മരിക്കുന്നവരുടെ ഞരക്കം കേൾക്കുന്നു,
മുറിവേറ്റവരുടെ പ്രാണൻ സഹായത്തിനായി നിലവിളിക്കുന്നു'.

അഞ്ചാമത്തെ മണ്ഡലം, ഈ നോവൽ ഉടനീളമവതരിപ്പിക്കുന്ന, സങ്കീർത്തനങ്ങളോടു കിടപിടിക്കുന്ന കാവ്യഖണ്ഡങ്ങളുടേതാണ്. ലിജിയുടെ നോവലെഴുത്തിന്റെ ഏറ്റവും മൗലികവും ഭാവനാത്മകവുമായ തലം ഈ കാവ്യാത്മകതതന്നെയാണ്. രൂപതലത്തിലും ഭാവതലത്തിലും. മുഴുനീളം കവിതതന്നെയായെഴുതപ്പെടുന്ന അധ്യായങ്ങൾ 'ദൈവാവിഷ്ട'രിലുണ്ട്. അർഥവൈവിധ്യങ്ങളുടെ മണിമുഴങ്ങുന്ന ഏകവാക്യങ്ങൾ കൊണ്ടു സമ്പന്നമാണ് ഈ നോവൽ.ി

'ആദ്യപാപത്തിന്റെ ഉത്തരവാദിത്വം ഞാൻ മനുഷ്യന്റെ ചുമലിൽ നിന്നെടുത്ത് കർത്താവിന്റെ തോളിൽത്തന്നെവെച്ചു.'.

'കലത്തിനു നാവുണ്ടെങ്കിൽ നിർമ്മാണപ്പിശകുവരുത്തിയ കുശവനെ അതു വിധിക്കും, കുശവൻ കലത്തെ വിധിക്കുന്നതിനെക്കാൾ ന്യായം അതാണ്'.

'നിങ്ങൾക്കുള്ളതെന്താണോ, അതുതന്നെയല്ലാതെ മറ്റെന്താണ് നിങ്ങളുടെ പരിമിതിയും...?'..

'ഞാൻ ഒന്നുമില്ലാത്തവനാകയാൽ

മുഴുലോകത്തിന്റെയും ഉടയവനാകുന്നു.

ഒന്നുമല്ലാത്തവനാകയാൽ മുഴുവൻ

ആഹ്ലാദങ്ങളുടെയും അധിപനാകുന്നു'.

'ജീവിക്കാൻ കൂട്ടുവേണമായിരിക്കാം. പക്ഷേ മരിക്കാൻ തുണയെന്തിന്?'.

യേശുവിനോടുള്ള മറിയത്തിന്റെ പ്രണയം പറയുന്ന ഭാഗങ്ങളാണ് ഈ നോവലിലെ ഏറ്റവും ലാവണ്യാത്മകവും കാവ്യാത്മകവും കാല്പനികവുമായ, ഭാവന. 'നീയെന്നെ തൊട്ടു, ഞാനടിമുടി പൂത്തു എന്നു പൂമരം പറയുംപോലെയാണ് ഇവിടെ എഴുത്തുകാരിയുടെ കാവ്യകർതൃത്വം. മറ്റൊരു സങ്കീർത്തനംപോലെ പ്രണയാർദ്രവും ഭാവതീവ്രവും ഹൃദ്യവുമായ ഭാഷയും കല്പനകളും രൂപഘടനയും.

'ജലംകൊണ്ടു മേഘമെന്നവണ്ണം
കണ്ണീരുകൊണ്ട് എന്റെ അകവും പുറവും നിറഞ്ഞിരിക്കുന്നു.
ഞാൻ മേഘംപോലെ പെയ്യും.
സമതലങ്ങളിൽ ഞാൻ നദിപോലെ പരന്നൊഴുകും.
ഇടുങ്ങിയ പാതകൾ എന്റെ ആഴവും,
ചെങ്കുത്തായ പാറക്കെട്ടുകൾ എന്റെ കരുത്തും വർദ്ധിപ്പിക്കും.
വേനലിൽ ഞാൻ വരണ്ടുപോയാലും
മഴക്കാലത്തോടൊപ്പം ഞാൻ മടങ്ങിവരും.
തുഴക്കാരുടെ തുഴപോലെ
കഠാരയും കരവാളും എന്നിലൂടെ കടന്നുപോകും
എന്നാലോ, ഞാൻ മുറിവേല്പിക്കപ്പെടുകയില്ല.
ഞാൻ കവിതകൊണ്ട് സ്വയം കരുത്തുപകർന്നു.
ഗുരുവിന്റെ അസാന്നിധ്യത്തിൽ
ഞാൻ കൊളുത്താത്ത കരിവിളക്കുപോലെ അണഞ്ഞുകിടന്നു.
ഞാൻ സദാ എന്റെ ഉറയ്ക്കുള്ളിൽ സ്വയം ബന്ധിച്ചു.
എന്റെ ഹൃദയം പാടി'.

'ഞങ്ങൾ നടന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ ഒരു ഊന്നുവടി ഉണ്ടായിരുന്നത് കയറ്റിറക്കങ്ങളിൽ അദ്ദേഹത്തിനു താങ്ങായി. സമനിരപ്പിൽ ഒരു വെറും അലങ്കാരമായി. അലസവേളകളിൽ അദ്ദേഹമതിനെ അസാമാന്യവേഗത്തിൽ ചുഴറ്റിയും ചൂണ്ടുവിരലിന്മേൽ ലംബമായി നിറുത്തിയും ഒരു തമാശയ്‌ക്കെന്നോണം കൃത്യമായ ഉന്നങ്ങളിൽ എറിഞ്ഞു തൊടീച്ചും നേരമ്പോക്കുകൾ കാട്ടി. ഒരിക്കൽ അദ്ദേഹം അതിന്റെ വളഞ്ഞ മുകൾത്തലപ്പിൽ മനോഹരമായ ഒരുകുല അരളിപ്പൂക്കൾ വിടർത്തി. ഇന്ദ്രജാലമാണ്, വെറും ഇന്ദ്രജാലം. ദിവ്യാത്ഭുതങ്ങൾ കണ്ട് അത്ഭുതപ്പെടാൻ തയ്യാറായിരുന്ന ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇളംചോപ്പു നിറമാർന്ന പൂവുകൾ എനിക്കു നേരേ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

'മനോഹരമായവ മനോഹരമായവയോടു ചേരട്ടെ'.

ഞാനവ എന്റെ മുടിക്കെട്ടിൽ തിരുകി.

ഹെബ്രോന്മല കയറുമ്പോൾ അദ്ദേഹത്തിന്റെ തുകൽപാദുകത്തിന്റെ വാറുപൊട്ടി. കുനിഞ്ഞു ചെരിപ്പെടുത്ത് സസൂക്ഷ്മം നിരീക്ഷിച്ചപ്പോൾ മുഖം തെല്ലു വാടി.

'മാർഗ്ഗം അതികഠിനം.... പാദമോ അതീവ മൃദുലം, കണ്ടില്ലേ, ഇവിടെ ചവിട്ടരുത് ഇവിടെ ചവിട്ടരുട് എന്ന് കൂർമുഖം കാട്ടുന്ന കരിങ്കല്ലുകളേ കാണാനുള്ളു...'.

അദ്ദേഹം വലിച്ചെറിയാനാഞ്ഞ പാദുകം ഞാൻ കൈനീട്ടിവാങ്ങി. ഞാനെന്റെ നീലനിറമുള്ള ശിരോവസ്ത്രം അഴിച്ചെടുത്ത് രണ്ടായിക്കീറി. പാദുകം അദ്ദേഹത്തിന്റെ പാദത്തിന്നടിയിൽവെച്ച് കീറിയെടുത്ത തുണിനാടകൊണ്ട് ഭംഗിയിലും ഉറപ്പിലും ബന്ധിച്ചു. അദ്ദേഹത്തിന്റെ പാദങ്ങളിൽ എന്റെ കരങ്ങൾ സ്പർശിച്ച നിമിഷം എന്റെ ഹൃദയം തുടിച്ചു. അദ്ദേഹത്തിന്റെ കരങ്ങൾ എന്റെ മുടിയിഴ തലോടിയപ്പോൾ എന്റെ ഹൃദയം നിലച്ചു.

'നിന്റെ നെറുക പൊള്ളുന്നു. ഈ ചൂട് നീ താങ്ങുമോ? അദ്ദേഹം ചോദിച്ചു.

ഞാൻ മിഴികളുയർത്തി അദ്ദേഹത്തെ നോക്കി.

ഒരു നിമിഷാർദ്ധസ്വപ്നത്തിന്റെ വെളിപാടിൽ

എന്റെ ബോധം നിശ്ചലമായി.

അദ്ദേഹത്തിന്റെ മിഴികൾ

രണ്ടു നീലശലഭങ്ങളായി തുടിച്ചുതാണുപറന്ന്

എന്റെ അധരങ്ങളിൽ വന്നിരുന്നു.

അവയപ്പോൾ മാതളദളങ്ങൾപോലെ വിറച്ചു....'.

ദേവാലയത്തിൽ തിരശ്ശീല തുന്നുന്ന മറിയത്തിന്റെ ചിന്തകൾ പോലുള്ളവയാണ് മറ്റൊരുദാഹരണം. 'ചുവപ്പും നീലയും ധൂമ്രവും നിറങ്ങളുള്ള നാരുകളും, നേർത്ത വെൺചണനാരുകളും ചേർത്ത് ഞങ്ങൾ അത്യന്തം ഭാരമേറിയ ദേവാലയത്തിരശ്ശീലയിൽ കെരൂബുകളെ തുന്നിച്ചേർത്തു. ആകാശവും ഭൂമിയും സാഗരങ്ങളും താരാപഥങ്ങളും പ്രപഞ്ചത്തെത്തന്നെയും തിരശ്ശീലമേൽ അടയാളപ്പെടുത്തിയ ഞങ്ങളുടെ ജീവിതമാകട്ടെ ഈ ഭൂമിയിൽ ഒരിടത്തും അടയാളപ്പെടുകയില്ല. ഞങ്ങളുടെ കൊച്ചുകൊച്ചു രഹസ്യം പറച്ചിലുകളും അടക്കിയ ചിരികളുംപോലും അക്ഷന്തവ്യമായ കുറ്റകൃത്യങ്ങളായി വിലയിരുത്തപ്പെട്ടു. അടിച്ചും നുള്ളിയും പിച്ചിയും അവർ ഞങ്ങളുടെ നിഷ്‌കളങ്ക തൃഷ്ണകളെ അമർച്ച ചെയ്തു. നിവൃത്തിയില്ലാതെ ഞങ്ങൾ ശീലമാക്കിയ നിത്യമായ മൂകതയും വിഷാദവും സൗശീല്യത്തിന്റെ ലക്ഷണമായി എണ്ണപ്പെട്ടു.

ഞങ്ങളുടെ സ്വാതന്ത്ര്യദാഹം തിരശ്ശീലയിലെ കെരൂബുകളുടെ വിരുത്തിയ ചിറകുകളായി.

ഞങ്ങൾ അമർത്തിയ ചിരികളൊക്കെയും അതിലെ വിടർന്ന മാതളപുഷ്പങ്ങളായി.

ഞങ്ങളുടെ മോഹങ്ങൾ താരാപഥത്തിലെ എണ്ണമറ്റ നക്ഷത്രങ്ങളായി.

ഞങ്ങൾ പങ്കുവെക്കാൻ കൊതിച്ച രഹസ്യങ്ങൾ അലയാഴിയുടെ നീലിമയും.

ഞങ്ങളുടെ സഹനം മണ്ണിന്റെ കാവിനിറവുമായി'.

ലോകബോധത്തിൽ, ദൈവസങ്കല്പത്തിൽ, മർത്യാനുഭൂതിയിൽ, കാവ്യഭാവനയിൽ ഒക്കെ ഖലീൽ ജിബ്രാനും കസാൻദ് സാക്കീസും സൃഷ്ടിച്ച ആത്മീയതയുടെയും ഭൗതികതയുടെയും ലാവണ്യസംയുക്തത്തിന്റെ അസാധാരണമായ ഒരു മലയാളമാതൃകയായി മാറുന്നു, ദൈവാവിഷ്ടർ. 

ദൈവാവിഷ്ടർ
(നോവൽ)
ലിജി മാത്യു
ഡി.സി. ബുക്‌സ്
2017, വില: 199 രൂപ