നിങ്ങൾ എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിക്കാനായി പറഞ്ഞ സമയത്തിലും മണിക്കൂറുകളോളം വൈകി കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ...? എന്നാൽ ഇനി മുതൽ എമിറേറ്റ്സിനോട് ഇതിനായി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനുള്ള വഴിയാണിപ്പോൾ തുറന്നിരിക്കുന്നത്. ഇത്തരത്തിൽ എമിറേറ്റ്സ് വിമാനം വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റ് മിസാകുന്നവർക്കാണ് നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് യൂറോപ്യൻ നിയമപ്രകാരം വഴിയൊരുങ്ങിയിരിക്കുന്നത്. അതായത് നിങ്ങളുടെ കണക്ഷൻ ഫ്ലൈറ്റ് റദ്ദായതുകൊണ്ട് മൂന്ന് മണിക്കൂറിൽ ഏറെ വൈകി വീട്ടിൽ എത്തേണ്ടി വന്നിട്ടുണ്ടെങ്കിൽ 529 പൗണ്ട് നഷ്ടപരിഹാരം കിട്ടുമെന്നുറപ്പാണ്. ഈ വിഷയത്തിൽ യൂറോപ്പുമായി നിയമ പോരാട്ടത്തിന് ഇറങ്ങിയ എമിറേറ്റ്സിന് ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുകയാണ്.

ഇത്തരത്തിൽ തങ്ങളുടെ ഫ്ലൈറ്റ് സമയം വൈകുന്നത് മൂലം കണക്ഷൻ ഫ്ലൈറ്റ് ലഭിക്കാതിരിക്കുന്നത് മൂലം നഷ്ടപരിഹാരം നൽകാനാവില്ലെന്നായിരുന്നു എമിറേറ്റ് വാദിച്ചിരുന്നത്. അതായത് ഈ രണ്ട് വിമാനങ്ങളെയും ഒന്നായി കാണാനാവില്ലെന്നും മറിച്ച് രണ്ടായി തന്നെ കാണണമെന്നും അതിനാൽ നഷ്ടപരിഹാരം അനുവദിക്കാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു ഈ വിമാനക്കമ്പനി ഉറച്ച് നിന്നിരുന്നത്. ഇത്തരം കേസുകളിൽ മറ്റ് നാല് വിമാനക്കമ്പനികൾ നിയമം മാറ്റാൻ വഴങ്ങിയിരുന്നുവെങ്കിലും എമിറേറ്റ്സ് യൂറോപ്യൻ നിയമത്തിനെതിരെ അപ്പീൽ കോടതി കയറുകയായിരുന്നു.

എന്നാൽ അവിടെ എമിറേറ്റ്സ് പരാജയപ്പെട്ടതിനെ തുടർന്നാണ് യാത്രക്കാർക്ക് മില്യൺ കണക്കിന് പൗണ്ട് നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് അവസരമുണ്ടായിരിക്കുന്നത്. യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം എമിറേറ്റ്സ് നൽകേണ്ട സമയം സമാഗതമായിരിക്കുന്നുവെന്നാണ് സിഎഎ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ ഹൈനെസ് പ്രതികരിച്ചിരിക്കുന്നത്. വിമാനം റദ്ദാക്കിയാലോ മണിക്കൂറുകളോളം വൈകിയാലോ യൂറോപ്യൻ യൂണിയൻ നിമയമനുസരിച്ച് വിമാനക്കമ്പനി യാത്രക്കാർക്ക് നിർബന്ധമായും നഷ്ടപരിഹാരം നൽകിയിരിക്കണം.

എന്നാൽ ഏത് വിമാനക്കമ്പനിയിലാണ് നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്നത്...? എത്ര സമയമാണ് വൈകിയിരിക്കുന്നത്..?തുടങ്ങിയവയെ ആശ്രയിച്ചാണ് നിങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം നിർണയിക്കപ്പെടുന്നത്. നഷ്ടപരിഹാരം നൽകാതെ ഒഴിഞ്ഞ് മാറാൻ വിമാനക്കമ്പനികൾ പരമാവധി ശ്രമിച്ചേക്കാമെങ്കിലും നിങ്ങൾ അവയെ വിടാതെ പിന്തുടർന്നാൽ മാത്രമേ നഷ്ടപരിഹാരം ചിലപ്പോൾ ലഭിക്കുകയുള്ളു. നിഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി കൃത്യമായ സ്റ്റെപ്പുകൾ പിന്തുടരേണ്ടതാണ്.