മസ്‌ക്കറ്റ്: രാജ്യത്ത് തൊഴിൽ തർക്കങ്ങളിൽ പരിഹാരം കണ്ടെത്താൻ എംപ്ലോയർമാർ വൈകിപ്പിക്കുന്നത് മൂലം ഒട്ടേറെ തൊഴിലാളികൾ ആഹാരവും പാർപ്പിടവുമില്ലാതെ തെരുവിൽ അന്തിയുറങ്ങേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ തെരുവിനെ ആശ്രയിച്ച് രണ്ടു വർഷത്തോളമായി കഴിയുന്നവർ നിരവധിയുണ്ടെന്നാണ് കണക്ക്.

തൊഴിലാളിയും തൊഴിൽ ഉടമയും തമ്മിലുള്ള തർക്കങ്ങൾ ലേബർ ഡിസ്പ്യൂട്ട് ഡിപ്പാർട്ട്‌മെന്റിലാണ് പരിഹരിക്കപ്പെടുന്നത്. എന്നാൽ തർക്കപരിഹാരത്തിനായി എംപ്ലോയർ ഹാജരാകാത്തത് മൂലം ഒട്ടേറെ തൊഴിലാളികൾ വഴിയാധാരമാകുകയാണ് ചെയ്യുന്നത്. ലേബർ ഡിസ്പ്യൂട്ട് ഡിപ്പാർട്ട്‌മെന്റിൽ പരിഹാരം കണ്ടെത്താനാവാത്ത കേസുകൾ കോടതിയിലേക്ക് നീങ്ങുന്നതും തൊഴിലാളികളെ ഏറെ വലയ്ക്കുന്നുണ്ടെന്ന് ട്രേഡ് യൂണിയൻ നേതാക്കളും സോഷ്യൽ വർക്കർമാരും എംബസി ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു.

കോടതിയിലെത്തുന്ന തൊഴിൽ തർക്കങ്ങളിൽ പരിഹാരം കണ്ടെത്താൻ കാലതാമസം ഉണ്ടാകുന്തോറം തൊഴിലാളികൾ ആഹാരവും പാർപ്പിടവുമില്ലാതെ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നും മുപ്പതു വർഷമായി ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ സോഷ്യൽ വർക്കർ കൂടിയായ ഷാജി സെബാസ്റ്റ്യൻ പറയുന്നു. ലേബർ ഡിപ്പാർട്ട്‌മെന്റ് വിളിച്ചുചേർക്കുന്ന ഡിസ്പ്യൂട്ട് സെറ്റിൽമെന്റിന് ഹാജരാകാത്ത എംപ്ലോയർക്കെതിരേ നടപടി സ്വീകരിക്കാൻ നിലവിൽ നിയമമൊന്നുമില്ലെന്നാണ് മിനിസ്ട്രി ഓഫ് മാൻപവറിലെ സീനിയർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്. ഇതുമൂലം ഇന്ത്യക്കാരുൾപ്പെടെയുള്ള നൂറുകണക്കിന് പ്രവാസികൾക്ക് തെരുവിനെ ആശ്രയിക്കേണ്ട ഗതികേടാണ് ഉള്ളത്.