ഡെലവർവാലി : സെന്റ് തോമസ് മാർത്തോമ ചർച്ച് ഓഫ് ഡെലവർവാലിയുടെ പത്താമത് ഇടവകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

നവബംർ ഒന്നിനു സെന്റ് തോമസ് മാർത്തോമ ദേവാലയത്തിൽ നടന്ന ഇടവകദിനാഘോഷത്തിൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പ സന്ദേശം നൽകി. ഇടവക വൈസ് പ്രസിഡന്റ് മാത്യൂസ് ടി. മാത്യൂസ് സ്വാഗതം ആശംസിച്ചു. ഗായകസംഘത്തിന്റെ പ്രാരംഭഗാനത്തിനുശേഷം നടന്ന വിശുദ്ധ കുർബാനക്ക് മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. മൽബിൻ കൊച്ചുനിലത്തിൽ, മാത്യു വർഗീസ് എന്നിവർ ആദ്യകുർബാന സ്വീകരിച്ചു. വികാരി റവ. റോയി എ. തോമസ് പ്രാർത്ഥന നടത്തി. തുടർന്നു ഇടവക സെക്രട്ടറി ജോസ് ജോർജ് പത്താമത് ഇടവകദിന റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻ യുഎസ് കോൺഗ്രസ്മാൻ അഡ്‌മിറൽ ജോ സെസ്റ്റാക്ക്, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡുവാൻ ഡി. മിൽനെ, ജോസഫ് മാത്യു, ജോൺ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ മിറിയ മാമ്മന് സ്‌കോളർഷിപ്പ് നൽകി ആദരിച്ചു. തുടർന്ന് ഇടവകയുടെ പാരിഷ് ഡയറക്ടറി മാർ തിയഡോഷ്യസ് പ്രകാശനം ചെയ്തു. ചടങ്ങിൽ റമ്പാൻ സ്ഥാനാഭിഷേക വാർഷികവും പുതിയ ഭദ്രാസനത്തിന്റെ ചുമതലയേൽക്കുന്നതിനു സ്ഥലം മാറിപ്പോകുന്ന മാർ തിയഡോഷ്യസിനു യാത്രയയപ്പും നൽകി.

ഇടവക ഗായകസംഘവും സൺഡേ സ്‌കൂൾ റീജണൽ ക്വയറും ആലപിച്ച ഗാനങ്ങളും യൂത്ത് ഫെലോഷിപ്പ് അവതരിപ്പിച്ച മാർ തിയഡോഷ്യസ് എന്ന സ്ലൈഡ് ഷോയും ശ്രദ്ധേയമായി.

സമ്മേളനത്തിൽ ഇടവക ട്രസ്റ്റി നന്ദി പറഞ്ഞു. മാത്യു ടി. ഏബ്രഹാമിന്റെ സമാപന പ്രാർത്ഥനയും മാർ തിയഡോഷ്യസിന്റെ ആശിർവാദത്തിനും ശേഷം ആഘോഷ പരിപാടികൾ സമാപിച്ചു.