- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോട്ടയിൽ ഉയർത്തിയത് സിഖുകാർ പവിത്രമായി കാണുന്ന നിഷാൻ സാഹിബ് പതാക; ചെങ്കോട്ടയിൽ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാൻ ആവില്ലെന്ന ചർച്ചയുമായി ശശി തരൂർ; നാണക്കേടായത് സുരക്ഷാ ഏജൻസികൾക്ക്; ഡൽഹി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത കർഷക പ്രതിഷേധത്തിന്; ഇനി കൂടുതൽ സുരക്ഷ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധം. രാജ്യ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന തരത്തിലേക്ക് അത് മാറി. ചെങ്കോട്ടയും ഡൽഹി ഐടിഒ അടക്കം വളഞ്ഞ കർഷകർ തങ്ങളുടെ സമരഭൂമിയായ സിംഘു അതിർത്തിയിലേക്ക് മടങ്ങിത്തുടങ്ങിയതോടെയാണ് ഡൽഹി ശാന്തമായത്. ട്രാക്ടർ പരേഡിനിടെ കർഷകരും പൊലീസും തമ്മിൽ കാര്യമായ ഏറ്റുമുട്ടൽ നടന്ന ഐടിഒ, ഗസ്സിപുർ, നംഗ്ലോയി എന്നിവിടങ്ങളിലെല്ലാം കർഷകർ മടങ്ങിയിട്ടുണ്ട്. ഇവിടെയെല്ലാം ഇപ്പോൾ സർക്കാർ സുരക്ഷാ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.
ചെങ്കോട്ടയുടെ മകുടത്തിൽ കർഷകർ സിഖ് പതാകയും കർഷകപതാകയും നാട്ടിയത് ഏറെ ചർച്ചയായിട്ടുണ്ട്. ഇത് സുരക്ഷാ ഏജൻസികൾക്ക് നാണക്കേടായി. ദേശീയപതാകയെ സ്പർശിക്കാതെയാണ് ചെങ്കോട്ടയ്ക്ക് മുകളിൽ കർഷകർ കൊടി കെട്ടിയത്. ചെങ്കോട്ടയിൽ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാനാവില്ലെന്നും ശശി തരൂർ എംപി പ്രതികരിച്ചു. അങ്ങനെ കർഷകർക്ക് അനുകൂലമായ വികാരം പ്രതിപക്ഷം ചർച്ചയാക്കുന്നുണ്ട്.
സിഖ് മതാനുയായികൾ പവിത്രമായി കാണുന്ന നിഷാൻ സാഹിബ് പതാക ഉയർത്താൻ ലക്ഷ്യമിട്ടുതന്നെയാണ് വിലക്ക് ലംഘിച്ച് കർഷകർ ചെങ്കോട്ടയിൽ എത്തിയത്. പൊലീസ് എണ്ണത്തിൽ കുറവായിരുന്നു. ട്രാക്ടറുകളിലും മറ്റും സംഘടിച്ചെത്തിയ നൂറുകണക്കിന് കർഷകർ എല്ലാ പ്രതിരോധവും ഭേദിച്ച് മുമ്പോട്ട് പോയി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന സ്തംഭത്തിലും സമീപമുള്ള മകുടങ്ങളിലും സുരക്ഷാവേലികളിലും കർഷകർ സിഖ് പതാകയും സംഘടനാ പതാകകളും കെട്ടി. പൊലീസ് അനുനയിപ്പിക്കാൻ കിണഞ്ഞ് ശ്രമിച്ചിട്ടും ലാത്തിച്ചാർജ് നടത്തിയിട്ടും കർഷകർ പിന്മാറിയില്ല.
ഡൽഹിയിൽനിന്നു പുറത്തു കടക്കാനുള്ള വഴികൾ പൊലീസ് അടച്ചതോടെ സമരം ഓൾഡ് ഡൽഹിയിലെ നിരത്തുകളിലേക്കും വ്യാപിച്ചു. ചെങ്കോട്ടയിലെ സമരത്തിനു പിന്നാലെ കർഷകർ ദേശീയപതാകയേയും ദേശീയചിഹ്നത്തേയും അപമാനിച്ചെന്ന് വ്യാപകമായ പ്രചാരണമുണ്ടായി.
നേതാക്കളുടെ കണക്കു കൂട്ടൽ തെറ്റിച്ച പ്രതിഷേധ കടൽ
റിപ്പബ്ലിക് ദിനത്തിൽ പന്ത്രണ്ട് മണിക്ക് ട്രാക്ടർ റാലി തുടങ്ങാനായിരുന്നു കർഷകരുടെ ധാരണ. അപ്രതീക്ഷിതമായാണ് രാവിലെ എട്ടേമുക്കാലോടെ സമരക്കാർ കർഷകർ ഡൽഹി ലക്ഷ്യമാക്കി പുറപ്പെട്ടത്. തൊട്ടുപിന്നാലെ ഒൻപതരയോടെ നൂറുകണക്കിന് ട്രാക്ടറുകളിലും മോട്ടോർ സൈക്കിളുകളിലുമായി കർഷകർ ഡൽഹിക്ക് തിരിച്ചു. ഇതോടെ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയായി. കർഷക നേതാക്കൾക്ക് പോലും കാര്യങ്ങൾ നിയന്ത്രിക്കാനായില്ല. ഇതോടെ സംഘർഷം എല്ലാ പരിധിയും വിട്ടു.
രാവിലെ 10 ന് ട്രാക്ടർ റാലി സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിലെത്തുകയും പൊലീസുമായി സംഘർഷമുണ്ടാകുകയും ചെയ്തു. തുടർന്ന് പൊലീസ് ആദ്യ കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ അക്രമത്തിന് തുടക്കമായി. കർഷകർ നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ പ്രവേശിക്കുകയും സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ സംഘർഷമുണ്ടാകുകയും ചെയ്തു. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തു. വാളുകളുമായി ചില കർഷകർ പൊലീസുമായി ഏറ്റുമുട്ടി. 11.40ന് കർഷകർ ഡൽഹി മീററ്റ് ഹൈവേയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നു. പന്ത്രണ്ടേകാലോടെ സിംഘുവിൽ നിന്നുള്ള കർഷകർ ഡൽഹി റിങ് റോഡിൽ പ്രവേശിച്ചു.
ഡൽഹി മുക്കാർബ ചൗക്കിൽ സംഘർഷമായി. ഒരു മണിയോടെ കർഷക റാലി ഐടിഒയിൽ പ്രവേശിച്ചു. ഇവിടെ പൊലീസ് ബസ് തകർത്തു. തൊട്ടുപിന്നാലെ ഒരുമണിയോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷങ്ങളിൽ ഒരു കർഷകൻ മരിച്ചു. ഇത് പൊലീസ് വെടിവെപ്പിലാണെന്ന് കർഷകരും ട്രാക്ടർ മറിഞ്ഞാണെന്ന് പൊലീസും ആരോപിച്ചു. ഇതോടെ സംഘർഷത്തിന് പുതിയ തലം വന്നു, പ്രധാന മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചു. 1.25ഓടെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങുന്നു. 1.48ന് കർഷകർ ചെങ്കോട്ടയിൽ പ്രവേശിക്കുന്നു.
ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിൽ എത്തിയത്. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് ഇവരെ ഇവിടെനിന്ന് നീക്കിയത്.
ഇനി അതീവ സുരക്ഷ
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷക്കായി 15 കമ്പനി അർദ്ധസൈനികരെ കൂടുതൽ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ മേധാവി, ഡൽഹി പൊലീസ് കമ്മീഷണർ തുടങ്ങിയവർ അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.
ഡൽഹി നഗരത്തിൽ പ്രവേശിക്കും വരെ നിശ്ചയിട്ട റൂട്ട് മാപ്പിലായിരുന്നു ട്രാക്ടർ റാലി. എന്നാൽ പൊലീസ് തീർത്ത ബാരിക്കേഡുകളും വഴിയടച്ചിട്ടിരുന്ന കൺടെയ്നറുകളും ബസ്സുകളും ക്രെയിനും കോൺക്രീറ്റ് ബ്ലോക്കുകളും എല്ലാം തട്ടിനീക്കിയും പിടിച്ചെടുത്തുമാണ് സമരക്കാർ മുന്നോട്ടുനീങ്ങിയത്. വഴിമുടക്കിയ എല്ലാ പ്രതിബന്ധങ്ങളും ആ ട്രാക്ടറുകൾ ഉഴുതുമറിച്ചു.
നേരത്തെ നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടർ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഐടിഒയിൽ പൊലീസുകാരെ കർഷകർ ട്രാക്ടറുകൾ ഉപയോഗിച്ച് ഓടിച്ചിട്ടിടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. സുപ്രധാന സർക്കാർ ഓഫീസുകളും മറ്റു നിലകൊള്ളുന്ന ഇടമാണ് ഐടിഒ. ഇവിടെയായിരുന്നു സംഘർഷം എല്ലാ പരിധിയും വിട്ടത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി സംഘർഷങ്ങളോടെയാണ് അവസാനിച്ചത്. കർഷകർ തങ്ങളുടെ സമരഭൂമിയായ സിംഘു അതിർത്തിയിലേക്ക് മടങ്ങി. ട്രാക്ടർ പരേഡിനിടെ കർഷകരും പൊലീസും തമ്മിൽ കാര്യമായ ഏറ്റുമുട്ടൽ നടന്ന ഐടിഒ, ഗസ്സിപുർ, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
സിംഘു അടക്കമുള്ള ഡൽഹിയുടെ അഞ്ച് അതിർത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും നേരത്തെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. സംഘർഷത്തിൽ പതിനെട്ടോളം പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കർഷർക്കും പരിക്കേറ്റിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ