ൽഹിയിൽ ആം ആദ്മി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതുമുതൽ കേന്ദ്ര സർക്കാർ അതിന്റെ പകപോക്കൽ നടപടികൾ ആരംഭിച്ചതാണ്. ഡൽഹിയുടെ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജുങ്ങിനെ ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ തീക്കളി. ആം ആദ്മി സർക്കാർ സ്വീകരിച്ച പല നടപടികളും തീരുമാനങ്ങളും നിർത്തലാക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. കെജരീവാൾ സർക്കാരിന്റെ നടപടികളെക്കുറിച്ച് ജുങ് നിയമിച്ച മൂന്നംഗ പാനൽ ഉയർത്തിയിരിക്കുന്നത് ഒട്ടേറെ ആരരോപണങ്ങളാണ്.

കേന്ദ്രവും കെജരീവാളുമായുള്ള യുദ്ധത്തിന് മുഖ്യ കാർമികത്വം വഹിക്കുന്നത് ജുങ്ങാണ്. ഇപ്പോൾ മൂന്നംഗ പാനൽ അവരുടെ റിപ്പോർട്ട് ജുങ്ങിന് സമർപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ക്രമക്കേടുകൾ ഇവർ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ചിലത് പരിഹരിക്കാവുന്നതാണെങ്കിലും മറ്റു ചിലത് നിയമവിരുദ്ധമായ നടപടികളാണ്. റിപ്പോർട്ട് പഠിച്ചശേഷം തുടർനടപടികൾ ഈയാഴ്ച തന്നെ ലെഫ്റ്റ്‌നന്റ് ഗവർണർ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി നടത്തിയ സുപ്രധാന വിധിയനുസരിച്ചാണ് ലെഫ്റ്റനന്റ് ഗവർണർ പിടിമുറുക്കിയിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണറുടെ അധികാരം പുനഃസ്ഥാപിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനുശേഷമാണ് മുൻ സിഎജി വി.കെ. ഷുങ്ഗ്ലു, മുൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ഗോപാലസ്വാമി, മുൻ വിവരാവകാശ കമ്മീഷണർ പ്രദീപ് കുമാർ എന്നിവരെ ഉൾപ്പെടുത്തി മൂന്നംഗ പാനലിന് ജുങ് രൂപം നൽകിയത്.

ഡൽഹി സർക്കാർ പാസ്സാക്കിയ 400-ഓളം നടപടികളിലെ ക്രമക്കേടുകളും വഴിവിട്ട ചെയ്തികളും കണ്ടെത്തുകയായിരുന്നു മൂന്നംഗ പാനലിന്റെ പ്രധാന ദൗത്യം. മൂന്നംഗ പാനൽ ഭരണഘടനാ വിരുദ്ധമാണെന്ന് ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പാനലിനെ പിരിച്ചുവിടണമെന്നും പരിശോധനയ്ക്കായി ഏറ്റെടുത്ത ഫയലുകൾ തിരിച്ചുനൽകണമെന്നും സർക്കാർ ജുങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജുങ്ങും പാനലും നടപടികളുമായി മുന്നോട്ടുപോയി. തിരുത്താവുന്നവ, നിയമവിരുദ്ധമായവ, മധ്യസ്ഥനെ നിയോഗിക്കാവുന്നവ ഏന്നീ മൂന്നുതരത്തിലുള്ള പരിശോധനകളാണ് ഫയലുകളിൽ പാനൽ നടത്തിയത്.