- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി എയിംസിലെ നഴ്സുമാരുടെ സമരം കൈയൂക്ക് കൊണ്ട് നേരിട്ട് കേന്ദ്രസർക്കാർ; കേസെടുക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ പൊലീസ് ബലപ്രയോഗവും; അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തിയ പൊലീസ് സമരം ചെയ്യുന്ന നഴ്സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു; ലാത്തി കൊണ്ടുള്ള അടിയേറ്റ് മലയാളി നഴ്സുമാർക്ക് പരിക്ക്
ന്യൂഡൽഹി: എയിംസിൽ നഴ്സുമാർ നടത്തുന്ന സമരത്തിൽ അന്ത്യശാസനവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. സമരത്തെ അടിച്ചൊതുക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസമില്ലാതെയിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ എയിംസിൽ നഴ്സുമാരുടെ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാരെ പൊലീസ് നേരിട്ടതോടെയാണ് സമരം സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു. ഇത് സംഘർത്തിൽ കലാശിക്കുകയായിരുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നഴ്സുമാരുടെ സംഘടന ഡൽഹി എയിംസിൽ തിങ്കളാഴ്ച സമരം ആരംഭിച്ചത്. ആറാം ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ച ശമ്പളം അടക്കമുള്ളവ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടന സമരം നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടർന്നു. ചൊവ്വാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി പൊലീസിന്റെ ഇടപെടൽ ഉണ്ടായത്. എയിംസിന്റെ കോമ്പൗണ്ടിനകത്താണ് നഴ്സുമാർ പണിമുടക്ക് നടത്തുന്നത്. അനിശ്ചിതകാല സമരമാണ് നഴ്സുമാർ പ്രഖ്യാപിച്ചത്. ഒ.പിയുടെ പ്രവർത്തനവും ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നഴ്സുമാർ പണിമുടക്കുന്നത്.
ഏകദേശം 5,000 ത്തോളം നഴ്സുമാരാണ് എയിംസിൽ തൊഴിലെടുക്കുന്നത്. കേന്ദ്രസർക്കാർ ചർച്ച നടത്തി തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്സുമാർ. നേരത്തെ 16ാം തിയ്യതി സമരം ആരംഭിക്കാനായിരുന്നു നഴ്സുമാരുടെ സംഘടനയുടെ തീരുമാനം എന്നാൽ സമരം പൊളിക്കാനായി കേന്ദ്രസർക്കാർ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ നഴ്സുമാർ അപ്രതീക്ഷിതമായി സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു
കോവിഡ് രൂക്ഷമായ ഡൽഹിയിൽ നഴ്സുമാരുടെ സ്ഥിതി ദയനീയമാണ്. കോവിഡ് പ്രതിരോധ രംഗത്ത് ഡോക്ടർമാരോടൊപ്പമല്ല നഴ്സുമാരെ പരിഗണിക്കുന്നത് എന്ന പരാതിയും ഇവർക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് നഴ്സുമാരുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ അത് തള്ളുകയായിരുന്നു.
അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സമരം നടക്കുന്നത്.ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുമ്പ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ