മുംബൈ: അമിതാഭ് ബച്ചൻ അവതാരകനായ റിയാലിറ്റി ഷോ കോൻ ബനേഗാ ക്രോർപതി മത്സരത്തിൽ ചരിത്രം വിജയം നേടി ഡൽഹിയിൽ നിന്നുള്ള നരൂല സഹോദരങ്ങൾ. ഏഴു കോടി രൂപയാണ് അചിൻ നരുല, സാർത്ഥക് നരുല എന്നിവർ 14 ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞ് നേടിയത്. നാല് ലൈഫ്‌ലൈനും ഇവർ ഉപയോഗിച്ചു. അചിൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവും സാർത്ഥക് വിദ്യാർത്ഥിയുമാണ്. ഷോയിൽ ഇതുവരെ നേടിയതിൽ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

കഴിഞ്ഞ പത്തു വർഷമായി ഈ ഷോയിൽ പങ്കെടുക്കാൻ ശ്രമിച്ചു വരികയായിരുന്നു അചിൻ. ആദ്യ തവണ പരിപാടിയിൽ പങ്കെടുക്കാനുള്ള യോഗ്യതയ്ക്ക് വേണ്ടതിന് തൊട്ടുപിന്നിൽ വച്ചാണ് അചിന് കാലിടറിയത്. ജേതാക്കളായ നരൂല സഹോദരങ്ങളെ അമിതാഭ് ബച്ചൻ അഭിന്ദിച്ചു. അവരോടൊപ്പമുള്ള ചിത്രങ്ങളും ബച്ചൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അവിശ്വസനീയമായ നിമിഷങ്ങൾ, അവിശ്വസനീയമായ വിജയവും എന്നാണ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്. 

ഷോ തുടങ്ങിയ കാലം മുതൽ ഇതുപോലൊരു വിജയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നെന്നു സോണി എന്റെർടെയിന്റ്‌മെന്റ് ടെലിവിഷന്റെ മാർക്കറ്റിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഗൗരവ് സേത്ത് പറയുന്നു.