മുംബൈ: വേദി മാറിയെങ്കിലും അത് ഡൽഹിയുടെ കളിയെ ബാധിച്ചില്ല.ബൗളർമാർ എറിഞ്ഞിട്ട പഞ്ചാബിനെ ഓപ്പണർമാർ അടിച്ചുപരത്തിയതോടെ പഞ്ചാബിന് മേൽ ഡൽഹിക്ക് കൂറ്റൻ ജയം. പഞ്ചാബ് കിങ്‌സ് ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ നിറംമങ്ങിയ മത്സരത്തിൽ 116 റൺസ് വിജയലക്ഷ്യം വെറും 10.3 ഓവറിൽ മറികടന്ന ഡൽഹി നെറ്റ് റൺറേറ്റിലും വൻ കുതിപ്പാണു നടത്തിയത്. സ്‌കോർ പഞ്ചാബ് 20 ഓവറിൽ 115നു പുറത്ത്; ഡൽഹി 10.3 ഓവറിൽ 1161. ടോസ് ഡൽഹി.

ആദ്യ ഓവർ മുതൽതന്നെ തകർത്തടിച്ച പൃഥി ഷാ ഡേവിഡ് വാർണർ ഓപ്പണിങ് സഖ്യമാണു കളി പെട്ടന്നു തീരുമാനമാക്കിയത്. പവർപ്ലേ ഓവറുകൾ അവസാനിച്ചപ്പോൾത്തന്നെ ഡൽഹി സ്‌കോർബോർഡിൽ 81 റൺസ് എത്തിയിരുന്നു. കഗീസോ റബാദയും വൈഭവ് അറോറയും അടക്കമുള്ള പഞ്ചാബ് ബോളർമാർ പൊതിരെ തല്ലുവാങ്ങി.

പൃഥ്വി ഷാ 20 പന്തിൽ 7 ഫോറും ഒരു സിക്‌സും അടക്കം 41 റൺസും, വാർണർ 30 പന്തിൽ 10 ഫോറും ഒരു സിക്‌സും അടക്കം പുറത്താകാതെ 60 റൺസും നേടി. ടീം സ്‌കോർ 83ൽ എത്തിയപ്പോൾ പൃഥ്വി ഷാ വീണെങ്കിലും പിന്നീടെത്തിയ സർഫ്രാസ് ഖാൻ (13 പന്തിൽ ഒരു ഫോർ അടക്കം 12 നോട്ടൗട്ട്) വാർണർക്കൊപ്പം നിന്നു ഡൽഹി വിജയം ഉറപ്പാക്കി. രാഹുൽ ചാഹറിനാണു പൃഥ്വി ഷായുടെ വിക്കറ്റ്.
നേരത്തെ, സീസണിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചെറിയ സ്‌കോറിനാണ് ഇന്ന് പഞ്ചാബ് പുറത്തായത്. ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയിട്ടും അതു തുടരാൻ പഞ്ചാബ് ബാറ്റർമാർക്കു സാധിക്കാതെ പോയതാണു തിരിച്ചടിയായത്. 33 റൺസിൽ നിൽക്കെയാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റു വീണത്.

10 പന്തിൽ ഒൻപത് റൺസെടുത്ത ഓപ്പണർ ശിഖർ ധവാനെ ലളിത് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണു പുറത്താക്കിയത്. തുടർന്നങ്ങോട്ട് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ കഷ്ടപ്പെട്ടാണ് പഞ്ചാബ് 100 കടന്നത്. 35 റൺസിൽ ക്യാപ്റ്റൻ മയാങ്ക് അഗർവാൾ പുറത്തായി. 15 പന്തിൽ 24 റൺസെടുത്ത മയാങ്ക് ബംഗ്ലാദേശ് ബോളർ മുസ്തഫിസുർ റഹ്‌മാന്റെ പന്തിൽ ബോൾഡാകുകയായിരുന്നു.

ജോണി ബെയർ‌സ്റ്റോ ഒൻപതു റൺസിനും കഴിഞ്ഞ മത്സരങ്ങളിൽ തകർത്തു കളിച്ചിരുന്ന ലിയാം ലിവിങ്സ്റ്റൺ വെറും രണ്ടു റൺസിനും പുറത്തായത് പഞ്ചാബിനു കനത്ത തിരിച്ചടിയായി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. 23 പന്തുകളിൽനിന്ന് 32 റൺസാണു ജിതേഷ് നേടിയത്. ഷാറൂഖ് ഖാൻ (20 പന്തിൽ 12), കഗിസോ റബാദ (ആറ് പന്തിൽ രണ്ട്), നേഥൻ എല്ലിസ് (പൂജ്യം), രാഹുൽ ചാഹർ (12 പന്തിൽ 12) എന്നിങ്ങനെയാണു പുറത്തായ മറ്റു പഞ്ചാബ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ഒൻപതു റൺസെടുത്ത അർഷ്ദീപ് സിങ്ങും രണ്ടു റൺസുമായി വൈഭവ് അറോറയും പുറത്താകാതെ നിന്നു.

ഖലീൽ അഹമ്മദ്, ലളിത് യാദവ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. മുസ്തഫിസുർ ഒരു വിക്കറ്റും സ്വന്തമാക്കി.