ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ ഡൽഹി ബാറ്റിങ് നിര മറികടന്നു.

പുറത്താവാതെ 47 റൺസെടുത്ത ശ്രേയസ്സ് അയ്യരും 42 റൺസ് നേടിയ ശിഖർ ധവാനും അവസാന ഓവറുകളിൽ തകർത്തടിച്ച റിഷഭ് പന്തുമാണ് ഡൽഹിയുടെ ബാറ്റിങ്ങിന് കരുത്തേകിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഡൽഹി ബൗളർമാരും ഈ വിജയത്തിൽ നിർണായക സാന്നിധ്യമായി. നാല് ഓവറിൽ പന്ത്രണ്ട് റൺസ് വഴങ്ങി രണ്ട് നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ ആന്റിച്ച് നോർട്യയാണ് കളിയിലെ താരം സ്‌കോർ: ഹൈദരാബാദ് 20 ഓവറിൽ ഒൻപതിന് 134. ഡൽഹി 17.5 ഓവറിൽ രണ്ടിന് 139.

ഈ വിജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 14 പോയന്റ് നേടിക്കൊണ്ട് ഡൽഹി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എട്ടു മത്സരങ്ങളിൽ ഒരു വിജയം മാത്രം കൈമുതലായുള്ള സൺറൈസേഴ്സ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രേയസ് അയ്യർ ഫോം വീണ്ടെടുത്തത് ഡൽഹിക്ക് ആശ്വാസമായി. 2021 ഐ.പി.എല്ലിലെ ശ്രേയസ്സിന്റെ ആദ്യ മത്സരം കൂടിയാണിത്. പരിക്കുമൂലം താരത്തിന് കഴിഞ്ഞ എട്ട് മത്സരങ്ങൾ നഷ്ടമായിരുന്നു.

135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോർ 20-ൽ നിൽക്കേ മൂന്നാം ഓവറിൽ ഓപ്പണർ പൃഥ്വി ഷായെ ഡൽഹിക്ക് നഷ്ടമായി. 11 റൺസെടുത്ത ഷായെ ഖലീൽ അഹമ്മദ് നായകൻ വില്യംസണിന്റെ കൈയിലെത്തിച്ചു. മികച്ച ക്യാച്ചാണ് വില്യംസൺ എടുത്തത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്. ഷായ്ക്ക് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി. പരിക്കിൽ നിന്നും മുക്തനായ ശ്രേയസ് ഏറെ നാളുകൾക്ക് ശേഷമാണ് കളിക്കാനിറങ്ങിയത്.

ശ്രദ്ധയോടെ കളിച്ച ശ്രേയസ്സും ധവാനും ചേർന്ന് ഡൽഹി ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. ബാറ്റിങ് പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണ് ഡൽഹി നേടിയത്. തുടർച്ചയായ ആറു സീസണുകളിൽ 400 റൺസിലധികം റൺസ് സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡ് ധവാൻ സ്വന്തമാക്കി. ഡേവിഡ് വാർണർ, സുരേഷ് റെയ്ന എന്നിവരാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയിട്ടുള്ളത്.

ധവാൻ അനായാസം ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ ടീം സ്‌കോർ കുതിച്ചു. 7.5 ഓവറിൽ ഡൽഹി 50 കടന്നു. എന്നാൽ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ പുറത്താക്കി റാഷിദ് ഖാൻ സൺറൈസേഴ്സിന് ആശ്വാസം പകർന്നു. 37 പന്തുകളിൽ നിന്ന് 42 റൺസെടുത്ത ധവാനെ അബ്ദുൾ സമദ് ക്യാച്ചെടുത്ത് പുറത്താക്കി.

ധവാന് പകരം നായകൻ ഋഷഭ് പന്ത് ക്രീസിലെത്തി. പന്തിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്‌കോർ 100 കടത്തി. വൈകാതെ ഇരുവരും ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിച്ചു. ശ്രേയസ് 41 പന്തുകളിൽ നിന്ന് രണ്ട് വീതം ബൗണ്ടറികളുടെയും സിക്സുകളുടെയും സഹായത്തോടെ 47 റൺസെടുത്തും ഋഷഭ് പന്ത് 21 പന്തുകളിൽ നിന്ന് 35 റൺസെടുത്തും പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 28 റൺസെടുത്ത അബ്ദുൾ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ഡൽഹിക്കായി കാഗിസോ റബാഡയും മൂന്നും ആന്റിച്ച് നോർട്യയും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

ടോസിലെ ഭാഗ്യം ഹൈദരാബാദിനെ ബാറ്റിംഗിൽ തുണച്ചില്ല.മോശം ഫോമിനെത്തുടർന്ന് ഐപിഎൽ ആദ്യ ഘട്ടത്തിൽ ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ ഡേവിഡ് വാർണർ(0) ആദ്യ ഓവറിൽ നോർട്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ക്യാപ്റ്റൻ കെയ്ൻ വില്യംസണും വൃദ്ധിമാൻ സാഹയും ചേർന്ന് ഹൈദരാബാദിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും സാഹയെ മടക്കി റബാഡ പവർപ്ലേയിലെ ഹൈദരാബാദിന്റെ കുതിപ്പിന് തടയിട്ടു.

കെയ്ൻ വില്യംസൺ നൽകിയ രണ്ട് അനായാസ അവസരങ്ങൾ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടെങ്കിലും വില്യംസണ് കൂടുതൽ നേരം ക്രീസിൽ നിൽക്കാനായില്ല. റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ അക്‌സർ പട്ടേലിന്റെ പന്തിൽ ഹെറ്റ്‌മെയർ വില്യംസണെ(18) ലോംഗ് ഓഫിൽ പിടികൂടി.

മുൻനിര മടങ്ങിയതിന് പിന്നാലെ പിടിച്ചു നിൽക്കാൻ ശ്രമിച്ച മനീഷ് പാണ്ഡെയെ(17) റബാഡയും കേദാർ ജാദവിനെ(3) നോർട്യയും മടക്കിയതോടെ ഹൈദരാബാദിന്റെ നടുവൊടിഞ്ഞു. ജേസൺ ഹോൾഡറെ(10) അക്‌സർ പൃഥ്വി ഷായുടെ കൈകളിലെത്തിച്ചതോടെ ഹൈദരാബാദിന്റെ പോരാട്ടം കഴിഞ്ഞു. അവസാന ഓവറുകളിൽ റാഷിദ് ഖാൻ(19 പന്തിൽ 22) നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദിനെ 134 റൺസിലെത്തിച്ചത്.