ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ അന്ധേരിമോദിലുള്ള ലിറ്റിൽ ഫ്ളവർ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. ഡൽഹി ഡവലപ്‌മെന്റ് അഥോറിറ്റിയുടേയാണ് നടപടി. ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പള്ളി പൊളിച്ചത്.

അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് അഥോറിറ്റിയുടെ നടപടി. കൈയേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ് നൽകിയിരുന്നു. 

മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാൻ നൂറിലധികം പൊലീസുകാരുമുണ്ടായിരുന്നു. 



നിർമ്മാണത്തെ ചൊല്ലിയുള്ള തർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡിഡിഎ നടപടിയെടുത്തതെന്ന് ആരോപിച്ച് വിശ്വാസികൾ രംഗത്തെത്തി.

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നോട്ടീസിന് മറുപടി കൊടുക്കാൻ പോലും സമയം നൽകാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങൾ ആരോപിച്ചു. വിവരം ധരിപ്പിക്കാൻ ഇടവകാംഗങ്ങൾ ശ്രമിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല.



പള്ളി പൊളിച്ചുമാറ്റുന്നതായുള്ള വിവരം അറിഞ്ഞെത്തിയ മലയാളികൾ അടക്കമുള്ള വിശ്വാസികളെ കോമ്പൗണ്ടിൽ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞുവച്ചതോടെ കടുത്ത പ്രതിഷേധം ഉയർന്നു. നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിന് സമീപം തടിച്ചുകൂടിയത്.



തങ്ങളുടെ ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കൾ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പള്ളിക്കു സമീപം പ്രാർത്ഥനാ യജ്ഞം നടത്തുകയാണ്.



സീറോ മലബാർ സഭയുടെ ഡൽഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോദിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം. പത്ത് വർഷം മുമ്പ് പണിത ദേവാലയമാണ് പൊളിച്ചുമാറ്റിയത്.