ന്യൂഡൽഹി: മുൻ കേന്ദ്ര വിദേശകാര്യസഹമന്ത്രിയും മാധ്യമപ്രവർത്തകനുമായ എം.ജെ.അക്‌ബർ നൽകിയ ക്രിമനൽ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. 208 ലെ മീടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി എം.ജെ.അക്‌ബറിനെതിരെ പ്രിയ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു.

ഏഷ്യൻ ഏജിൽ അക്‌ബറിന്റെ കീഴിൽ ജോലി ചെയ്യാനായി അഭിമുഖത്തിന് എത്തിയപ്പോൾ തന്നെ അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2017 ൽ രമണി വോഗിൽ ഒരുലേഖനം എഴുതിയിരുന്നു. പേരുപറയാതെയാണ് ആ ലേഖനം എഴുതിയത്. പിന്നീടാണ് എ.ജെ.അക്‌ബറാണ് തന്നെ പീഡിപ്പിച്ചതെന്ന് പ്രിയ രമാണി വെളിപ്പെടുത്തിയത്. മറ്റുപല സ്ത്രീകളും സമാന ആരോപണങ്ങൾ മീടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉന്നയിച്ചിരുന്നു.

പരാതി ഉന്നയിക്കാൻ വർഷങ്ങൾക്ക് ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. ഡൽഹി കട്കട്ദുമ കോടതിയിൽ പരിഗണിച്ച കേസിൽ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. സ്ത്രീകളുടെ അന്തസിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ട്. സീതയെ രക്ഷിക്കാൻ ജഡായു എത്തിയത് ഓർക്കണമെന്നും കോടതി പറഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയാകുന്ന ആൾ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ക്ലേശങ്ങളും സമൂഹം മനസ്സിലാക്കണം. സാമൂഹ്യമായി വലിയ നിലയിലുള്ള ആൾക്കും ലൈംഗിക പിഡകനാകാൻ കഴിയും. അത്തരം പ്രവൃത്തി ഒരാളുടെ അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

1990കൾ മുതൽ മാധ്യമരംഗത്തുള്ള പ്രിയാ രമണി 1994ൽ ജോലിക്കായുള്ള ഏഷ്യൻ ഏജിലെ ഇന്റർവ്യൂവിന് മുംബയിലെ ഹോട്ടൽമുറിയിൽ എത്തിയപ്പോൾ തനിക്ക് അക്‌ബറിൽ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018ൽ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എം ജെ അക്‌ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു. വെളിപ്പെടുത്തലുകൾ വിവാദമായതോടെ എം ജെ അക്‌ബറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം ജെ അക്‌ബർ കോടതിയെ സമീപിച്ചത്.

208 ഒക്ടോബർ 15 ൽ മോദി സർക്കാരിൽ മന്ത്രിയായിരിക്കെ തന്നെയാണ് അക്‌ബർ കോടതിയെ സമീപിച്ചത്.രണ്ടുദിവസത്തിന് ശേഷം ഒക്ടോബർ 17 ന് അദ്ദേഹം രാജി വച്ചു. 41 പേജുള്ള ക്രിമിനൽ മാനനഷ്ടക്കേസാണ് അദ്ദേഹം പ്രിയ രമാണിക്കെതിരെ ഫയൽ ചെയ്തത്. രമാണിയുടെ ട്വീറ്റുകളും ലേഖനവുമാണ് താൻ 40 വർഷമായി കെട്ടിപ്പടുത്ത അന്തസ് കെടുത്തിയതെന്നും തനിക്ക് മന്ത്രിസ്ഥാനമൊഴിയേണ്ടി വന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

കേസ് തന്നെ ഭയപ്പെടുത്താൻ വേണ്ടിയാണെന്നായിരുന്നു പ്രിയ രമാണിയുടെ പ്രതികരണം. അക്‌ബറിൽ നിന്ന് സമാന അനുഭവമുണ്ടായ എല്ലാ സ്ത്രീകളെയും നിശ്ശബ്ദരാക്കാനുള്ള തന്ത്രം കൂടിയാണ് ഇതെന്നും അവർ ആരോപിച്ചിരുന്നു