പൂർണസമ്മതത്തോടെ ഒപ്പം വരികയും ദാമ്പത്യത്തിന്റേതായ കൗതുകങ്ങളെല്ലാം ആസ്വദിക്കുകയും ചെയ്തശേഷം പീഡനം ആരോപിച്ച് കേസ് കൊടുക്കുന്നത് ശരിയല്ലെന്ന് ഡൽഹി കോടതി. ബലാൽസംഗം ആരോപിക്കപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഡൽഹി കോടതിയുടെ സുപ്രധാനമായ ഈ വിധി.

ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് പരാതിപ്പെട്ട യുവതിയുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി വീരേന്ദർ ഭട്ട് ഹരിയാണ സ്വദേശിയായ വികുൽ ഭക്ഷിയെ വെറുതെ വിട്ടത്. യൗവനകാലത്ത് ഇരുവരും ഒരുമിക്കുകയും ലൈംഗിക ജീവിതം ആസ്വദിക്കുകയും ചെയ്തശേഷം പീഡനം ആരോപിച്ച് കേസ് കൊടുക്കുന്നതിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകിയശേഷം ബലാൽസംഗം ചെയ്ത് വഞ്ചിച്ചുവെന്നായിരുന്നു ഇയാൾക്കെതിരെ ഉണ്ടായിരുന്ന പരാതി. എന്നാൽ, വിവാഹവാഗ്ദാനത്തിന്റെ പേരിൽ മാത്രമാണ് ഇരുവരും ശാരീരിക ബന്ധം പുലർത്തിയതെന്ന് തെളിയിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. യൗവനത്തിന്റെ കൗതുകത്തിൽ ഇരുവരും ആ ബന്ധം ആസ്വദിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ഇരുവരും കൈമാറിയ സന്ദേശങ്ങളും അത് തെളിയിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. വികുലുമായി ലൈംഗികബന്ധം പുലർത്താൻ യുവതി താത്പര്യം കാട്ടിയിരുന്നതായി ഈ സന്ദേശങ്ങളിൽ വ്യക്തമാണ്. അതിന് ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനങ്ങൾ കാരണമായിട്ടില്ലെന്നും കോടതി കണ്ടെത്തി. സന്ദേശങ്ങളിലൂടെ മുൻകൂട്ടി തീരുമാനിച്ചശേഷമായിരുന്നു ഇരുവരുടെയും സമാഗമങ്ങളെന്നും അതിനെ ബലാൽസംഗമെന്ന് വിവക്ഷിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.