ന്യൂഡൽഹി: ഖസാക്കിന്റെ ഇതിഹാസം നാടകം അവതരിപ്പിക്കുന്നത് ഡൽഹി ഹൈക്കോടതി വിലക്കി. ഒ.വി.വിജയന്റെ മകൻ മധു വിജയൻ നൽകിയ പകർപ്പവകാശ ഹർജിയിലാണ് കോടതി നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിന്റെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തിൽ പുനർനിർമ്മിക്കുന്നതും പ്രദർശിപ്പിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവതരിപ്പിക്കുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവ്.

ഒ.വി. വിജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെ പകർപ്പവകാശം മകനായ മധുവിനാണ് ലഭിച്ചത്. നാടകത്തിന്റെ അണിയറപ്രവർത്തകർ പകർപ്പവകാശം ലംഘിച്ചതായി മധു നൽകിയ ഹർജിയിൽ ആരോപിക്കുന്നു. തന്റെ അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കുകയും ചെയ്തു. പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി സംവിധായകൻ ദീപൻ ശിവരാമന് നോട്ടീസയച്ചിരുന്നു. നാടകാവിഷ്‌കാരത്തിന് അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപൻ ഇ-മെയിൽ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് മധു വാദിക്കുന്നത്.

നവംബർ 11 മുതൽ 13 വരെ മുംബൈയിൽ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് കോടതിയുടെ നടപടി. കേസ് നവംബർ 28-ന് വീണ്ടും പരിഗണിക്കും.