ന്യൂഡൽഹി: ബിജെപിക്ക് തിരിച്ചടി നൽകി ഡൽഹിയിൽ ആംആദ്മി പാർട്ടി ഭരണം നേടുമെന്ന് സർവ്വേ ഫലം. കേവല ഭൂരിപക്ഷമായ 35 സീറ്റ് നേടിയേക്കുമെന്ന് എ.ബി.പി ന്യൂസ്‌നീൽസൺ സർവേ. ബിജെപിക്ക് 29 സീറ്റ് മാത്രമാകും ലഭിക്കുക. തെരഞ്ഞെടുപ്പിന് അഞ്ച് നാൾ മാത്രം ബാക്കി നിൽക്കെ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ താഴേയ്ക്കു പോകുകയാണെന്നും സർവേ വ്യക്തമാക്കുന്നു.

ആംആദ്മിക്ക് 37% വോട്ട് ലഭിക്കുമ്പോൾ ബിജെപിക്ക് 33% മാത്രമാകും ജനപിന്തുണ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ ഉയർത്തിക്കാട്ടിയതും ബിജെപിയെ തുണച്ചില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മികച്ച സ്ഥാനാർത്ഥിയായി 48% വോട്ടർമാരും കണക്കാക്കുന്നത് ആംആദ്മി നേതാവ് ആരവിന്ദ് കെജ്‌രിവാളിനെയാണ്. ബേദിയെ പിന്തണയ്ക്കുന്നത് 42% മാത്രം. സംസ്ഥാനത്തെ താഴ്ന്ന വരുമാനക്കാർ, യുവാക്കൾ, പിന്നോക്ക വിഭാഗങ്ങൾ, മുസ്ലീങ്ങൾ എന്നിവരുടെ പിന്തുണയാണ് ആംആദ്മി പാർട്ടിക്ക് തുണയാകുന്നത്.

ഡിസംബറിലെ സർവേയിൽ ബിജെപിക്ക് 45 സീറ്റും ആംആദ്മിക്ക് 17 സീറ്റും എ.ബി.പി പ്രവചിച്ചിരുന്നു. എന്നാൽ, ജനുവരി ആയപ്പോൾ ബിജെപിയുടെ സാദ്ധ്യത 31 മുതൽ 36 സീറ്റുകളായി ചുരുങ്ങി. ഫെബ്രുവരി 7നാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി ന് 10 ഫലം പുറത്തുവരും. കോൺഗ്രസിന്റെ സാധ്യതകൾ തള്ളിക്കളയുന്ന സർവ്വെ ഫലമാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് ഡൽഹി ഫലം നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ സർവ്വ ഫലങ്ങൾ കണക്കിലെടുത്ത് ശക്തമായ പ്രചരണങ്ങൾ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ ബിജെപി സജീവമാകുന്നു. എന്നാൽ കെജ്രിവാളിന്റെ ജനപ്രീതി ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസ്-സി സർവ്വെയും ആംആദ്മിക്ക് ഒപ്പമാണ്. 36 മുതൽ 41 സീറ്റാണ് ആംആദ്മിക്ക് സർവ്വെ നൽകുന്നത്. ബിജെപിക്ക് 27 മുതൽ 32 വരെയും. അതായത് ആപ്പിന് ഭൂരിപക്ഷം ഉറപ്പിച്ച് നൽകുകയാണ് ഹിന്ദുസ്ഥാൻ ടൈംസ് സർവ്വെ. കോൺഗ്രസിന് 2 മുതൽ ഏഴ് സീറ്റുകളേ നൽകുന്നുള്ളൂ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാൾ ഏറെ മുന്നിലാണ്. 46 ശതമാനം പേർ കെജ്രിവാളിനെ പിന്തുണയ്ക്കുമ്പോൾ 36 ശതമാനം പേരാണ് കിരൺ ബേദിക്ക് ഒപ്പമുള്ളത്.

അതിനിടെ ഡൽഹി ബിജെപിയിൽ കലഹം തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന നരേന്ദ്ര ടണ്ഠനാണ് ഇന്നലെ രാവിലെ രാജി പ്രഖ്യാപിച്ച ശേഷം പിൻവലിച്ചു. ബേദിയുടെ സ്വേച്ഛാധിപത്യ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജിപ്രഖ്യാപനം. ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കാണ് കത്ത് നൽകിയത്. മണിക്കൂറുകൾക്കു ശേഷം അദ്ദേഹം തന്നെ രാജി പിൻവലിച്ചു. ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണു പിന്മാറ്റം.

ബേദിയുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും മനോഭാവത്തിൽ ഞാൻ മടുത്തു. അതിനാൽ ഞാൻ രാജിവയ്ക്കുന്നു ഇതായിരുന്നു ഇന്നലെ രാവിലെ ടണ്ഠന്റെ പ്രഖ്യാപനം. അവരോടൊപ്പം പ്രവർത്തിക്കാൻ തനിക്കാവില്ല. ബേദിയുടെ രീതികളെപ്പറ്റി കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ ഞാൻ പല തവണ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം. ബിജെപി പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്ത ബേദി ഇപ്പോൾ ഞങ്ങളെ ഭരിക്കുകയാണ്. ഇതിൽ എനിക്ക് വളരെയേറെ വേദനയുണ്ടെന്നും ഷായ്ക്ക് അയച്ച കത്തിൽ ടണ്ഠൻ പറയുന്നു. അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് പിന്നീട് രാജി പിൻവലിച്ചു. മുപ്പത് വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്ന ടണ്ഠൻ പാർട്ടി മുൻ സെക്രട്ടറിയും ഡൽഹി ബിജെപി എക്‌സിക്യൂട്ടിവ് കമ്മിറ്റി സ്ഥിരം ക്ഷണിതാവുമാണ്.

ബിജെപി ഡൽഹി ഘടകത്തിൽ ടണ്ഠന്റെ രാജി കാര്യമായ പ്രതികരണങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കേന്ദ്രം നേതൃത്വത്തിൽ ആശങ്കയുണ്ടായതായാണ് വിലയിരുത്തൽ. ഡൽഹിയിൽ ഭരണം പിടിക്കാൻ പ്രധാനമന്ത്രി ഉൾപ്പെടെ 22 ഓളം കേന്ദ്രമന്ത്രിമാർ രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അസ്വാരസ്യങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എഎപി വിട്ട് അടുത്തിടെമാത്രം പാർട്ടിയിലെത്തിയ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഡൽഹിയിലെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.