- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ഷോകളും വെല്ലുവിളികളുമായി കെജ്രിവാൾ രംഗം കൊഴുപ്പിക്കുന്നു; കരുതലോടെ പ്രതികരിച്ച് കിരൺ ബേദിയും; ഡൽഹിയിൽ മോദിയുടെ പേരുപോലും അപ്രസക്തം
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ജനകീയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ഡൽഹി മറ്റൊരു പരീക്ഷണത്തിന് കളമൊരുക്കുകയാണോ? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം വിധിയെഴുതിയത് മോദി തരംഗമാണെങ്കിൽ, ഡൽഹിയിൽ മോദിയുടെ പേരുപോലും അപ്രസക്തമാകുന്ന നിലയിലാണ്. അരവിന്ദ് കെജരീവാളും കിരൺ ബേദിയും തമ്മിലുള്ള വ്യക

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ജനകീയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ഡൽഹി മറ്റൊരു പരീക്ഷണത്തിന് കളമൊരുക്കുകയാണോ? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം വിധിയെഴുതിയത് മോദി തരംഗമാണെങ്കിൽ, ഡൽഹിയിൽ മോദിയുടെ പേരുപോലും അപ്രസക്തമാകുന്ന നിലയിലാണ്. അരവിന്ദ് കെജരീവാളും കിരൺ ബേദിയും തമ്മിലുള്ള വ്യക്തിത്വങ്ങളുടെ പോരാട്ടമായി മാറുകയാണ് ഡൽഹി തിരഞ്ഞെടുപ്പ് രംഗം.
ഡൽഹി തിരഞ്ഞെടുപ്പ് സത്യവും അഴിമതിയും തമ്മിലുള്ള ധർമ്മയുദ്ധമാണെന്ന് കെജരീവാൾ പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസ്സിനെയും ബിജെപിയെയും അപ്രസക്തമാക്കുന്ന തരത്തിലുള്ള പരിപാടികളാണ് കെജരീവാൾ ഇക്കുറിയും കാഴ്ചവെക്കുന്നത്. റോഡുഷോകളിലൂടെ പരമാവധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രചാരണത്തിനാണ് അദ്ദേഹം മുൻതൂക്കം നൽകുന്നത്. ഇന്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്.
ഒരേതട്ടകത്തിൽ പയറ്റുകയും പിന്നീട് പിരിയുകയും ചെയ്ത നേതാക്കളാണ് കെജരീവാളും കിരൺ ബേദിയും. കെജരീവാളിനെ വീഴ്‌ത്താൻ സാധാരണ രാഷ്ട്രീയബുദ്ധി മതിയാകില്ലെന്ന തിരിച്ചറിവിലാണ് ബിജെപി കിരൺ ബേദിയെത്തന്നെ രംഗത്തിറക്കിയത്. ബേദി രംഗത്തെത്തിയതോടെ ഡൽഹി തിരഞ്ഞെടുപ്പിൽ തീപാറുമെന്നുറപ്പായി.
ബേദി മത്സരിക്കുന്ന കൃഷ്ണ നഗർ മണ്ഡലത്തിലാണ് ചൊവ്വാഴ്ച കെജരീവാൾ പ്രചാരണത്തിൽ മുഴുകിയത്. ഡൽഹി രാഷ്ട്രീയത്തെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് ബേദിയെ കെജരീവാൾ വെല്ലുവിളിക്കുകയും ചെയ്തു. അതിനിടെ ട്വിറ്ററിൽ തന്നെ ബേദി ബ്ലോക്ക് ചെയ്തുവെന്നും തന്നെ അൺ ബ്ലോക്ക് ചെയ്യണമെന്ന അഭ്യർത്ഥന കെജരീവാൾ നടത്തിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു.
കെജരീവാൾ പരത്തുന്നത് പ്രതിലോമ രാഷ്ട്രീയമാണെന്ന ആരോപണമാണ് കിരൺ ബേദി ഇതിനെതിരെ ഉന്നയിച്ചത്. ഇതു യുദ്ധമല്ലെന്നും വെറും രാഷ്ട്രീയം മാത്രമാണെന്നോർക്കണമെന്നും കിരൺ ബേദി പറഞ്ഞു. തന്നോട് പരസ്യമായി വാദപ്രതിവാദത്തിന് വരാനുള്ള കെജരീവാളിന്റെ ക്ഷണം അവർ നിരസിക്കുകയും ചെയ്തു.

