- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് പ്രക്ഷോഭത്തെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്താൻ; കർഷകരിൽ ഒരാൾ പോലും എൻഐഎക്കു മുന്നിൽ ഹാജരാകില്ലെന്നും നേതാക്കൾ; കർഷകസമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാരും സമരക്കാരും
ന്യൂഡൽഹി: കർഷക സമരത്തെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് കർഷകനേതാക്കൾ ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കർഷക നേതാക്കളെ ചോദ്യം ചെയ്യാനായി എൻഐഎ നോട്ടീസ് അയച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്. എന്നാൽ, പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു കർഷകൻ പോലും ചോദ്യം ചെയ്യലിനായി എൻഐഎക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാടിലാണ് കർഷകർ.
നിരോധിത ഖലിസ്ഥാൻ സംഘടനയുടെ നേതാവ് ഗുർപന്ത്‌വന്ദ് സിങ് പന്നുവിനെതിരായ യുഎപിഎ കേസുമായി ബന്ധപ്പെട്ട് കർഷക നേതാവ് ബൽദേവ് സിങ് സിർസ അടക്കം ഏതാനും പേരെ ചോദ്യം ചെയ്യാൻ എൻഐഎ വിളിപ്പിച്ചതിനു പിന്നാലെയാണു സംഘടനകൾ നിലപാട് കടുപ്പിച്ചത്. ചോദ്യം ചെയ്യൽ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തതാണെന്നും കർഷകരിൽ ഒരാൾ പോലും എൻഐഎക്കു മുന്നിൽ ഹാജരാകില്ലെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രജേവാൾ പറഞ്ഞു.
ഇതിനിടെ, കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ടു സുപ്രീം കോടതി നിയോഗിച്ച സമിതി നാളെ ആദ്യ യോഗം ചേരും. കേന്ദ്രവും സംഘടനകളും തമ്മിലുള്ള പത്താം ചർച്ചയും നാളെയാണ്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കർണാടകയിൽ കർഷകരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. ബെലഗാവിയിൽ സ്വകര്യ കമ്പനിയുടെ തറക്കല്ലിടൽ ചടങ്ങിന് എത്തിയപ്പോഴാണ് പ്രതിഷേധവുമായി നിരവധി കർഷകർ രംഗത്തെത്തിയത്.
അമിത് ഷാ എത്തുന്നത് അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ തന്നെ നിരവധി കർഷകർ പ്രദേശത്തെ പലയിടങ്ങളിലും ചെറുസംഘങ്ങളായി തിരിഞ്ഞ് ധർണ നടത്തിയിരുന്നു. മന്ത്രി ചടങ്ങിനെത്തിയതോടെ തറക്കല്ലിടൽ നടക്കുന്ന ഫാക്ടറിക്ക് മുന്നിലേക്ക് കൂട്ടമായെത്തിയാണ് കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചത്.
കർഷക വിരോധി എന്നാണ് അമിത് ഷായെ പ്രതിഷേധക്കാർ അഭിസംബോധന ചെയ്തത്. കർഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടുതൽ പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
കർഷകർക്ക് വേണ്ടിയാണ് ബില്ലുകൾ പാർലമെന്റ് പാസാക്കിയതെന്നും കർഷകരുടെ വരുമാനം വർധിക്കുന്നത് സമീപ ഭാവിയിൽ കാണാനാകുമെന്നും ചടങ്ങിൽ പങ്കെടുത്ത് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് മറ്റൊരു ചടങ്ങിലും ഷാ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ശനിയാഴ്ച് അമിത് ഷാ കർണാടകയിലെത്തിയത്.
മറുനാടന് ഡെസ്ക്