ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. പ്രതി ഞായറാഴ്ച ജയിൽ മോചിതനാകും.

പ്രതിയെ വിട്ടയയ്ക്കരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണു കോടതി ഉത്തരവിട്ടത്. കോടതി തങ്ങളെ ഉപേക്ഷിച്ചെന്നും നീതി ലഭിച്ചില്ലെന്നും കൂട്ടമാനഭംഗത്തിന് ഇരയായ ജ്യോതി സിങ്ങിന്റെ അമ്മ പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ വിധിയിൽ നിരാശരാണെന്നും അവർ പറഞ്ഞു.

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഡൽഹി വനിതാ കമ്മീഷൻ അറിയിച്ചു. വിധിക്കെതിരെ വൻപ്രതിഷേധമാണ് വിവിധ കോണിൽ നിന്ന് ഉയരുന്നത്.

മനോനിലയടക്കം എല്ലാവശങ്ങളും പരിഗണിച്ച് പ്രായപൂർത്തിയാകാത്ത കുറ്റവാളിയെ വിട്ടയയ്ക്കരുതെന്നാണു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കുറ്റവാളിയെ ഒബ്‌സർവേഷൻ ഹോമിൽ തുടർന്നും പാർപ്പിക്കണമെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണൻ സ്വാമി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ഇയാളെ പുറത്തുവിടുന്നതു ക്രമസമാധാന പ്രശ്‌നമുണ്ടാക്കാൻ ഇടയുണെ്ടന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇതു തള്ളിയാണു ഡൽഹി കോടതിയുടെ ഉത്തരവ്.

തെക്കൻ ഡൽഹിയിൽ 23 വയസുള്ള വിദ്യാർത്ഥിനിയാണു 2012 ഡിസംബർ 16നു പീഡനത്തിനിരയായത്. ഓടുന്ന ബസിൽ ആറു പേർ ചേർന്നാണു വിദ്യാർത്ഥിനിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച ശേഷമായിരുന്നു പീഡനം. പിന്നീട് പ്രതികൾ പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി 13 ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ അറസ്റ്റിലായ കുട്ടിക്കുറ്റവാളിയെ പരമാവധി ശിക്ഷയായ മൂന്നു വർഷത്തെ നല്ലനടപ്പിനുള്ള ശിക്ഷയാണു ലഭിച്ചത്. നഗരമധ്യത്തിൽ ഓടുന്ന ബസിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു വർഷം ദുർഗുണ പരിഹാര പാഠശാലയിൽ പാർപ്പിക്കാനായിരുന്നു ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്.