ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ആപത്തെന്ന് ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കുട്ടികളിലുള്ള വാക്സിൻ പരീക്ഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്നും കോടതി നിർദേശിച്ചു.

കുട്ടികളിൽ വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികൾക്കാണ് കാര്യമായി വൈറസ് ബാധയേൽക്കാൻ പോകുന്നത് എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹർജി. കുട്ടികളിലുള്ള കോവിഡ് വാക്സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

വാക്സിന് വിദഗ്ധ സമിതി അനുമതി നൽകിയ ശേഷം കുട്ടികളിൽ വാക്സിൻ നൽകുന്നത് സംബന്ധിച്ച് നയത്തിന് രൂപം നൽകുമെന്നും കേന്ദ്രസർക്കാർ ധരിപ്പിച്ചു. അതിനിടെയാണ് ഡൽഹി ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യത്തിൽ ധൃതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ആപത്ത് ക്ഷണിച്ചു വരുത്തും. വാക്സിൻ പരീക്ഷണം പൂർത്തിയാവുന്നത് വരെ കാത്തിരിക്കണം. പരീക്ഷണം ഇല്ലാതെ കുട്ടികളിൽ വാക്സിൻ കുത്തിവച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും ഡൽഹി ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

പരീക്ഷണം പൂർത്തിയായാൽ ഉടൻ തന്നെ കുട്ടികൾക്കിടയിൽ വാക്സിൻ വിതരണം തുടരണം. ഇതിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ്ങ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടു. കേസ് സെപ്റ്റംബർ ആറിലേക്ക് മാറ്റി.