- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാനുള്ള അവകാശം പ്രായപൂർത്തിയായ സ്ത്രീക്കുണ്ട്; ഇഷ്ടമുള്ള ആളിനൊപ്പം കഴിയുന്നത് ചോദ്യം ചെയ്യാനുള്ള അവകാശമില്ല; ഡൽഹി ഹൈക്കോടതി വിധി പറഞ്ഞത് ഹേബിയസ് കോർപ്പസ് ഹർജിയിൻ മേൽ; പ്രണയവിവാഹിതരായ ദമ്പതികളുടെ കേസിൽ ചരിത്രവിധി
ന്യൂഡൽഹി: പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, താൻ ആഗ്രഹിക്കുന്ന ആർക്കൊപ്പവും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബർ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ സമർപ്പിച്ച ഹേബിയസ് കോർപസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് വിപിൻ സംഘ്വി, രജ്നിഷ് ഭട്നഗർ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച വാദം കേട്ടത്. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം താല്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവർ കോടതിയെ അറിയിച്ചു.
തുടർന്നാണ് പ്രായപൂർത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. യുവതിയെ പൊലീസ് സംരക്ഷണയിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കൈയിലെടുക്കുന്നതിൽനിന്ന് വിലക്കാനും ഡൽഹി പൊലീസിന് കോടതി നിർദ്ദേശം നൽകി. ദമ്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും രക്ഷിതാക്കളോട് ഉപദേശിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദമ്പതികൾ താമസിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള പൊലീസ് കോൺസ്റ്റബിളിന്റെ ഫോൺ നമ്പർ ദമ്പതികൾക്ക് കൈമാറാനും കോടതി നിർദേശിച്ചു. ആവശ്യം വരികയാണെങ്കിൽ പൊലീസിനെ ബന്ധപ്പെടുന്നതിന് വേണ്ടിയാണ് ഫോൺ നമ്പർ കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ