- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5ജിക്കെതിരായ ഹർജിയിൽ കോടതി ചുമത്തിയ 20 ലക്ഷം പിഴയടക്കാതെ ജൂഹി ചൗള; ഫീസ് റീഫണ്ട് ചെയ്യണം; വിധിയിലെ ഹർജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചെന്നാക്കണമെന്നും മറ്റൊരു ഹർജി; ബോളിവുഡ് നടിയുടെ 'ആവശ്യം' ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; പത്ത് ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നിയമ നടപടിയെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: 5ജിക്കെതിരായ ഹർജി തള്ളിക്കൊണ്ട് കോടതി വിധിച്ച പിഴ അടയ്ക്കാത്ത, ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമർശിച്ചു ഹൈക്കോടതി. ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത് ആണെന്നായിരുന്നു ജസ്റ്റിസ് ജെ.ആർ. മിധയുടെ പ്രതികരണം. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി നേരത്തെ തള്ളിയ ഹൈക്കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഇതിനെതിരെ ജൂഹി ചൗളയും മറ്റു രണ്ടു പേരും നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. കോടതി ഫീസ് തിരികെ നൽകുക, പിഴ ചുമത്തിയ നടപടി പിൻവലിക്കുക, ഹർജി തള്ളി എന്ന പരാമർശം ഒഴിവാക്കി നിരസിക്കുക എന്ന വാക്ക് ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുമായാണു വീണ്ടും അപേക്ഷ നൽകിയത്.
എന്നാൽ പുതിയ ഹർജിയും കോടതി തള്ളി. ജൂഹി ചൗളയുടെ നീക്കത്തിൽ വിമർശനമറിയിച്ച ജഡ്ജി ഇത് ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. 5 ജിക്കെതിരായ ഹർജിയിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിരുന്നെന്നും എന്നിട്ടും ഇപ്പോൾ വിധി മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിയുമായി വന്നത് ഞെട്ടിക്കുന്നതാണെന്നുമാണ് ജസ്റ്റിസ് ജെആർ മിഥ അഭിപ്രായപ്പെട്ടത്. ഒരാഴ്ച അല്ലെങ്കിൽ പത്തു ദിവസത്തിനുള്ളിൽ 20 ലക്ഷം പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ മറ്റു നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് കോടതി മുന്നറിയിപ്പും നൽകി.
രാജ്യത്ത് 5 ജി നെറ്റ്വർക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ജൂഹി ചൗളയുടെ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി 20 ലക്ഷം രൂപയാണ് പിഴയിട്ടത്. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമർശിച്ചിരുന്നു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹർജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.
'ജൂഹി ചൗളയ്ക്ക് എതിരെ കോടതിയലക്ഷ്യ നോട്ടിസ് അയക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിട്ടുണ്ട്. ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണ്' ജസ്റ്റിസ് ജെ.ആർ. മിധ പറഞ്ഞു. തന്റെ നീതിന്യായ കാലയളവിൽ കോടതി ഫീസ് അടയ്ക്കാൻ തയാറാകാത്ത ഒരാളെ ആദ്യം കാണുകയാണെന്നായിരുന്നും ജസ്റ്റിസ് മിധ വിമർശിച്ചു.
അപേക്ഷയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു ജൂഹി ചൗളയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മീത് മൽഹോത്ര വ്യക്തമാക്കിയതോടെ ഇതിനു കോടതി അനുമതി നൽകി. പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജിയെന്നും നിയമസംവിധാനത്തെ ഹർജിക്കാർ അപഹസിച്ചുവെന്നും വിമർശനം ഉയർത്തിയാണു ജൂൺ 5നു ഹൈക്കോടതി 20 ലക്ഷം പിഴ അടയ്ക്കാൻ നിർദ്ദേശിച്ചത്.
ന്യൂസ് ഡെസ്ക്