ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് സത്യേന്ദർ ജെയിനെ അറസ്റ്റു ചെയ്തത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കഴിഞ്ഞ മാസം ഇഡി കണ്ടുകെട്ടിയിരുന്നു.

2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികൾ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊൽക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കർമാർക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തൽ.

2015 - 16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി സത്യേന്ദർ ജെയിൻ ഹവാല ഇടപാടു നടത്തിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാൻ എടുത്ത വായ്പകൾ തിരിച്ചയട്ക്കാനും മന്ത്രി ഈ പണം ഉപയോഗിച്ചതായും ഇഡി പറയുന്നു. കള്ളപ്പണം വെളുപ്പിച്ചതിനു 2017ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡിയും കേസെടുത്തത്. 4.81 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതെന്നും സത്യേന്ദർ ജയിന് ഹവാല ഇടപാടിൽ പങ്കുണ്ടെന്ന മൊഴിയുണ്ടെന്നും ഇഡി അറിയിച്ചു

2015- 16 കാലയളവിൽ തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം സത്യേന്ദർ വെളുപ്പിച്ചെന്നാണ് സിബിഐ കേസ്. പ്രയസ് ഇൻഫോ സെല്യൂഷൻസ്, അകിൻചന്ദ് ഡവലപ്പേഴ്‌സ്, മംഗൾയതൻ പ്രോജക്ട് എന്നീ കമ്പനികളുടെ പേരിൽ നടന്ന ഇടപാടുകളാണു സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. സത്യേന്ദറിന്റെ കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതല സത്യേന്ദർ ജെയിനിനായതിനാലാണ് അറസ്റ്റെന്നു ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 'ബിജെപി ഹിമാചൽ പ്രദേശിൽ പരാജയപ്പെടാൻ പോകുകയാണ്. സത്യേന്ദർ ജെയിൻ ഹിമാചലിലേക്കു പോകാതിരിക്കാനാണ് ഈ അറസ്റ്റ്. കേസ് വ്യാജമായതിനാൽ കുറച്ചു ദിവസത്തിനുള്ളിൽ അദ്ദേഹം പുറത്തിറങ്ങും.' സിസോദിയ ട്വീറ്റ് ചെയ്തു.