- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭധാരണവും പ്രസവവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം; ഭ്രൂണത്തിന് ഗുരുതരമായ തകരാറുകൾ കണ്ടെത്തുകയാണെങ്കിൽ ഗർഭം അലസിപ്പിക്കാം; ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഗർഭധാരണവും പ്രസവവും വ്യക്തിസ്വാതന്ത്ര്യമായി കണ്ട് നിർണായക വിധിന്യായവുമായി ഡൽഹി ഹൈക്കോടതി. പ്രത്യുൽപാദനമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഭ്രൂണത്തിന് ഗുരുതരമായ തകരാറുകൾ കണ്ടെത്തുകയാണെങ്കിൽ വ്യക്തിക്ക് ഗർഭം അലസിപ്പിക്കാമെന്നുമാണ് കോടതി വിധിപ്രസ്താവത്തിലൂടെ വ്യക്തമാക്കിയത്.
ഗർഭഛിദ്രം അനുവദിക്കണമെന്ന ആവശ്യവുമായി യുവതി സമർപ്പിച്ച ഹരജി പരിഗണിച്ച് കൊണ്ടായിരുന്നു കോടതിയുടെ വിധി. വിവിധ തകരാറുകൾ കണ്ടെത്തിയതിനാൽ 28 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് ഗർഭഛിദ്രം അനുവദിക്കണമെന്നായിരുന്നു യുവതി ഹരജിയിൽ ആവശ്യപ്പെട്ടത്. ഹരജിയിലെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് ജ്യോതി സിങ് ആണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനയിലെ ആർട്ടിക്കിൾ 21 അനുശാസിക്കുന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ് ഗർഭഛിദ്രത്തിനുള്ള അവകാശവുമെന്നാണ് കോടതി നിരീക്ഷിച്ചത്.
ഭ്രൂണത്തിന് തകരാറുകളുണ്ടെന്ന മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അബോർഷന് അനുമതി നൽകുന്നതെന്നും ഈ സാഹചര്യത്തിൽ ഗർഭം തുടരണോ വേണ്ടയൊ എന്ന തീരുമാനിക്കാനുള്ള അവകാശം ഹരജിക്കാരിക്ക് നൽകിയില്ലെങ്കിൽ അതവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ജസ്റ്റിസ് ജ്യോതി സിങ് പറഞ്ഞു.
''തകരാറുള്ള ഭ്രൂണവുമായി മുന്നോട്ട് പോയാൽ അത് ഭാവിയിൽ ഹരജിക്കാരിയുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കാനിടയുണ്ട്. ഈ ഭ്രൂണത്തിൽ കുഞ്ഞ് ജനിച്ചാൽ ആദ്യഘട്ടത്തിൽ തന്നെ ഹൃദയശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പിന്നീട് കുട്ടിക്ക് കൗമാരത്തിലും മുതിർന്ന് കഴിഞ്ഞാലും ശസ്ത്രക്രിയ ആവശ്യമായി വരും. അങ്ങനെയായാൽ ഇത് ചികിത്സയെ മാത്രം അടിസ്ഥാനമാക്കിയുള്ള ജീവിതമായി മാറും,'' കോടതി നിരീക്ഷിച്ചു.
മറുനാടന് ഡെസ്ക്