ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിലെ നിയമമന്ത്രിക്ക് വ്യാജ ബിരുദഗെന്ന് ആരോപണം. മന്ത്രി ജിതേന്ദർ സിങ് തോമറിനെതിരെയാണ് ആരോപണം ഉയർന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിയുടെ നിയമ ബിരുദം വ്യാജമാണെന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്. ബിഹാർ യൂണിവേഴ്‌സിറ്റിയിൽനിന്നു നിയമ ബിരുദം നേടിയതായാണു തോമർ നൽകിയിരിക്കുന്ന വിവരം. എന്നാൽ, ബിഹാർ യൂണിവേഴ്‌സിറ്റി ഡൽഹി ഹൈക്കോടതിയിൽ നൽകിയ രേഖയിൽ തോമറിന്റെ ബിരുദത്തെക്കുറിച്ചുള്ള ഒരു വിവരവും ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

തോമറിനു ബിരുദ സർട്ടിഫിക്കറ്റ് നൽകിയതായി യൂണിവേഴ്‌സിറ്റിയിൽ രേഖയില്ലെന്നും അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിന്റെ നമ്പരിൽ മറ്റൊരാൾക്കാണു സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നുമാണു യൂണിവേഴ്‌സിറ്റി കോടതിയെ അറിയിച്ചത്.

ഇക്കാര്യം സർക്കാരിനെതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. തോമർ നടത്തിയിരിക്കുന്നതു സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവയ്ക്കണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണു തോമറിന്റെ വാദം. എന്തായാലും നിയമ മന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണം എഎപി സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

അതിനിടെ, നിയമമന്ത്രി ജിതേന്ദർ സിങ് തോമറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. മന്ത്രിയുടെ നിയമ ബിരുദം വ്യാജമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് കോൺഗ്രസിന്റെ ആവശ്യം. തോമർ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അജയ് മാക്കൻ ആവശ്യപ്പെട്ടു.