ന്യൂഡൽഹി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമ്പാദിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റു ചെയ്ത ഡൽഹി നിയമ മന്ത്രി ജിതേന്ദ്രസിങ് തോമർ രാജിവച്ചു. ഇദ്ദേഹത്തെ കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പടിഞ്ഞാറൻ ഡൽഹിയിൽ പരാതിപരിഹാര പരിപാടിയിൽ പങ്കെടുക്കവെയാണ് നാൽപതംഗ പൊലീസ് സംഘം മന്ത്രിയെ പിടികൂടി ഹൗസ്ഖാസ് സ്‌റ്റേഷനിലത്തെിച്ചത്. പിന്നീട് വസന്ത് വിഹാർ സ്‌റ്റേഷനിലേക്ക് മാറ്റി.

പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ മന്ത്രിയെ അറസ്റ്റ്‌ചെയ്തതെന്നും അടിയന്തരാവസ്ഥക്ക് സമാന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയതോടെ ഡൽഹിയിൽ അസാധാരണമായ സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ, വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ഇടപെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ കക്ഷിയല്ലെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. കേന്ദ്രവും ഡൽഹി സർക്കാറും തമ്മിലെ ഉരസൽ രൂക്ഷമാകുന്നതിനിടെയാണ് ആം ആദ്മി പാർട്ടി നേതാവുകൂടിയായ മന്ത്രിയുടെ അറസ്റ്റ്. വ്യാജരേഖ ചമക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ചട്ടം ലംഘിച്ചും മാഫിയ തലവനെ അറസ്റ്റ് ചെയ്യുന്നതുപോലെയുമാണ് മന്ത്രിയെ പിടികൂടിയതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് സംബന്ധിച്ച് വിവരം നൽകിയിട്ടില്‌ളെന്ന് നിയമസഭാ സ്പീക്കർ രാംനിവാസ് ഗോയലും അറിയിച്ചു. എന്നാൽ, വ്യാജ നിയമ ബിരുദമാണെന്ന് കാണിച്ച് തോമറിനെതിരെ ഡൽഹി ബാർ കൗൺസിൽ നൽകിയ കേസിലാണ് അറസ്‌റ്റെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ നോട്ടീസ് നൽകിയാണ് അറസ്റ്റ്. ഉച്ച കഴിയും വരെ പൊലീസ് സ്‌റ്റേഷനിൽ ഇരുത്തിയ ശേഷമാണ് മന്ത്രിയെ പൊലീസ് സാകേത് കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റ് സംബന്ധിച്ച നോട്ടീസ് ചൊവ്വാഴ്ചയാണ് കൈമാറിയതെന്ന് പൊലീസ് കോടതിയിൽ സമ്മതിച്ചു. അറസ്റ്റിന് തൊട്ടുമുമ്പ് നോട്ടീസ് നൽകിയ നടപടിയെ അപഹാസ്യമെന്ന് വിശേഷിപ്പിച്ച കോടതി, തിടുക്കപ്പെട്ട് അറസ്റ്റ്‌ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നോ എന്നും ചോദിച്ചു. അധികാരവും സ്വാധീനവുമുള്ള ആളായതിനാലാണ് ധൃതിപിടിച്ച് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മറുപടി നൽകി. പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് തോമറിനുവേണ്ടി വാദിച്ച അഭിഭാഷകൻ എച്ച്.എസ്. ഫുൽക്ക ആരോപിച്ചു.

ജനങ്ങളുടെ പരാതി കേൾക്കുമ്പോൾ 40 അംഗ പൊലീസ് സംഘം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അറിയിച്ചിരുന്നു. സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് അറസ്‌റ്റെന്ന് പൊലീസ് അവകാശപ്പെട്ടു.
തോമറിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് അറിയിച്ച് സർവകലാശാലകൾ അയച്ച കത്തുകൾ പൊലീസ് കോടതിയിൽ ഹാജരാക്കി. തോമറിനെ തെളിവെടുപ്പിനായി ബീഹാറിലെയും യു.പിയിലെയും സർവകലാശാലകളിൽ കൊണ്ടുപോകണമെന്നും അതിന് അദ്ദേഹത്തെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് അറിയിച്ചു.

സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് സർവകലാശാലകൾ സത്യവാങ്മൂലം സമർപ്പിച്ചതോടെ ഡൽഹി ബാർ അസോസിയേഷൻ തോമറിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഈ കേസ് ഓഗസ്റ്റ് 20ന് പരിഗണിക്കാനിരിക്കെ, ബാർ അസോസിയേഷൻ നൽകിയ കേസിലാണ് ഇന്നലെ പൊലീസ് തോമറിനെ അറസ്റ്റ് ചെയ്തത്.

തോമറിന്റെ നിയമബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ബീഹാറിലെ തിലക് മാഞ്ജി ഭഗൽപ്പൂർ സർവകലാശാലയുടെ വാദം. തോമറിന്റെ സർട്ടിഫിക്കറ്റിലെ റോൾ നമ്പർ 1999ൽ സഞ്ജയ് കുമാർ ചൗധരി എന്ന ആൾക്ക് ബി.എ (ഓണേഴ്‌സ്) ബിരുദം നൽകിയതിന്റേതാണെന്നും തോമറിന്റെ പേര് റെക്കാഡുകളിൽ ഇല്ലെന്നുമാണ് സർവകലാശാല വ്യക്തമാക്കിയിട്ടുള്ളത്. തോമറിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് യു.പിയിലെ ഡോ. രാം മനോഹർ ലോഹ്യ അവധ് സർവകലാശാലയും അറിയിച്ചിട്ടുണ്ട്. അവിടെ നിന്ന് 1988ൽ ബി.എസ്.സി ബിരുദം നേടിയെന്നാണ് തോമർ പറയുന്നത്.