ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കളമത്സരത്തിൽ ഡി.എം.എ. മയൂർവിഹാർ ഫേസ് ടു ടീം ജേതാക്കളായി. ഡി.എം.എ. മയൂർ വിഹാർ ഫേസ് ത്രീ ടീം രണ്ടും അംബേദ്കർ നഗർപുഷ്പ വിഹാർ ടീം മൂന്നും സ്ഥാനങ്ങൾ നേടി. സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, കരോൾബാഗ്‌കൊണാട്ട്‌പ്ലേസ് ഡി.എം.എ.കൾ പ്രോത്സാഹന സമ്മാനം നേടി. ആകെ 18 ടീമുകൾ പങ്കെടുത്തു.

ആർ.കെ. പുരം ഡി.എം.എ. കൾച്ചറൽ സെന്റർ പരിസരത്ത് നടന്ന മത്സരം രാവിലെ വൈസ് പ്രസിഡന്റ് ജി. ശിവശങ്കരനും സെക്രട്ടറി സി. ചന്ദ്രനും ചേർന്ന് ഉദ്ഘാടനം െചയ്തു. ഓണപ്പൂക്കളം കാണാൻ രാവിലെ മുതൽ തന്നെ നിരവധി മലയാളികളെത്തിയിരുന്നു.

ഒന്നാം സ്ഥാനക്കാർക്ക് 15,001 രൂപയും അനൂകൂൽ സ്മാരക റോളിങ് ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 7,501 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2,000 രൂപയും ലഭിക്കും. സമ്മാനങ്ങൾ സെപ്റ്റംബർ ഏഴിന് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയ സമുച്ചയത്തിലെ വെയ്റ്റ് ലിഫ്റ്റിങ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഓണാഘോഷത്തിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.