- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിടിച്ചു നിന്നത് ജിതേഷ് ശർമ്മ മാത്രം; ഡൽഹി ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് പഞ്ചാബ്; ഡൽഹിക്ക് 116 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 116 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 115 റൺസിന് ഓൾ ഔട്ടായി. 32 റൺസെടുത്ത ജിതേഷ് ശർമയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ മായങ്ക് അഗർവാൾ 24 റൺസെടുത്തപ്പോൾ മറ്റ് ബാറ്റർമാർക്ക് ആർക്കും തിളങ്ങാനായില്ല. ഡൽഹിക്കുവേണ്ടി ഖലീൽ അഹമ്മദ്, ലളിത് യാദവ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബ് തുടക്കം മുതൽ തകർന്നു. പവർ പ്ലേയിൽ ഷർദ്ദുൽ ഠാക്കൂർ എറിഞ്ഞ ആദ്യ ഓവറിൽ ഏഴ് റൺസും ഖലീൽ അഹമ്മദിന്റെ രണ്ടാം ഓവറിൽ ആറ് റൺസും നേടി തുടങ്ങിയ പഞ്ചാബ് താക്കൂറിന്റെ മൂന്നാം ഓവറിൽ മൂന്ന് ബൗണ്ടറിയടക്കം 14 റൺസടിച്ച് കുതിക്കാനൊരുങ്ങിയെങ്കിലും നാലാം ഓവറിൽ സ്പിന്നർ ലളിത് യാദവ് പിടിച്ചു കെട്ടി. ഓപ്പണർ ശിഖർ ധവാനെ(9) ലളിത് യാദവ് വിക്കറ്റിന് പിന്നിൽ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ പ്ചാബിന്റെ തകർച്ച തുടങ്ങി.
അഞ്ചാം ഓവറിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ(15 പന്തിൽ 24) ബൗൾഡാക്കി മുത്സഫിസുർ പഞ്ചാബിന് രണ്ടാം പ്രഹരമേൽപ്പിച്ചു. മികച്ച ഫോമിലുള്ള ലിവിങ്സ്റ്റണെ(2) പവർ പ്ലേക്ക് മുമ്പെ അക്‌സർ പട്ടേൽ മടക്കിയതോടെ പഞ്ചാബിന്റെ കാറ്റുപോയി. പവർ പ്ലേക്ക് പിന്നാലെ പ്രതീക്ഷ നൽകിയ ജോണി ബെയർസ്റ്റോയും(9) ഖലീലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
54-4 എന്ന സ്‌കോറിൽ തകർന്ന പഞ്ചാബിനെ ജിതേഷ് ശർമയും ഷാരൂക് ഖാനും ചേർന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും ജിതേഷിനെ(23 പന്തിൽ 32) വിക്കറ്റിന് മുന്നിൽ കുടുക്കി അക്‌സർ ആ പ്രതീക്ഷ തകർത്തു. പിന്നാലെ ഷാരൂഖ് ഖാനെ(12)ഖലീലും റബാഡയെയും(2) നഥാൻ എല്ലിസിനെയും(0) കുൽദീപും മടക്കി. വാലറ്റത്ത് രാഹുൽ ചാഹറിന്റെ(12) ചെറിയ വെടിക്കെട്ട് പഞ്ചാബിനെ 100 കടത്തി.
ഡൽഹിക്കായി അക്‌സർ പട്ടേൽ നാലോവറിൽ 10 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ ഖലീൽ അഹമ്മദ് നാലോവറിൽ 21 റൺസിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഡൽഹി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കോവിഡ് ഭീതിക്കിടയിലും കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് ഡൽഹി ടീം ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. കോവിഡ് ബാധിതനായ മിച്ചൽ മാർഷിന് പകരം സർഫ്രാസ് ഖാൻ ഡൽഹിയുടെ അന്തിമ ഇലവനിലെത്തി. പഞ്ചാബ് ടീമിലും ഒരു മാറ്റമുണ്ട്. നായകസ്ഥാനത്ത് മായങ്ക് അഗർവാൾ തിരിച്ചെത്തിയപ്പോൾ ഒഡീൻ സ്മിത്തിന് പകരം നഥാൻ എല്ലിസ് പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.


