ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളിൽ ആരോപണവിധേയനായ പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെയും സംഘത്തിന്റെയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്. സംഭവദിവസം മുതൽ സിദ്ദുവിനു വേണ്ടിയുള്ള തിരച്ചൽ തുടരുകയാണ് ഡൽഹി പൊലീസ്.

സിദ്ദുവിനെയും മറ്റു മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും ജഗ്ബീർ സിങ്, ഭൂട്ടാ സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാൽ സിങ് എന്നിവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപയുമാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിയാണ് അക്രമാസക്തമായത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വൻനാശനഷ്ടം വരുത്തുകയും സിഖ് പതാക ഉയർത്തുകയും ചെയ്തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

അക്രമവുമായി ബന്ധപ്പെട്ട് 12 പേരുടെ ചിത്രങ്ങളാണ് ഡൽഹി ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. വിവിധ വിഡിയോകൾ പരിശോധിച്ചതിനു ശേഷവും ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെയുമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി പൊലീസിനെ ആക്രമിച്ചത് ഇവരാണെന്നാണ് നിഗമനം.

അക്രമത്തിൽ 44 കേസുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 122 പേരെ അറസ്റ്റ് ചെയ്തു. വിവിധ കർഷകസംഘടനാ നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടിഒ മേഖലയിൽ കർഷകൻ മരിച്ചതിനെക്കുറിച്ചു തെറ്റായ വിവരം പ്രചരിപ്പിച്ചതിനു കോൺഗ്രസ് എംപി ശശി തരൂരിനും വിവിധ മാധ്യമപ്രവർത്തകർക്കും എതിരെ കേസെടുത്തിരുന്നു.