ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗിനെതിരെ കേസ് എടുത്തെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഡൽഹി പൊലീസ്. എഫ്ഐആറിൽ ഗ്രേറ്റയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും സമരത്തെ സഹായിക്കാനെന്ന പേരിൽ പ്രചരിക്കുന്ന ടൂൾ കിറ്റിനെതിരെയാണ് കേസ് എടുത്തതെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.

കർഷക സമരവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ഗൂഢാലോചനയിൽ ഗ്രേറ്റ ഭാഗമായെന്നാണ് ഡൽഹി പൊലീസിന്റെ വിലയിരുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കർഷക സമരത്തെ സഹായിക്കാൻ എന്ന പേരിൽ ഗ്രേറ്റ പങ്കുവെച്ച ടൂൾകിറ്റ്, ഇവരുടെ അജൻഡ വ്യക്തമാക്കുന്നതായി ഡൽഹി പൊലീസ് സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ട്യൂൻബെർഗ, റിഹാന തുടങ്ങി വിദേശത്തുള്ള നിരവധി പ്രമുഖരാണ് രംഗത്തുവന്നത്.

ഇവർക്കെതിരെ വിമർശനവുമായി മറുപക്ഷവും രംഗത്തുവന്നതോടെ, ലോകമൊട്ടാകെ വലിയ തോതിലുള്ള ചർച്ചയ്ക്കാണ് ഇത് വഴിമരുന്നിട്ടത്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ചയാണ് ഗ്രേറ്റ ആദ്യമായി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ സമരത്തെ സഹായിക്കാൻ എന്ന പേരിൽ ഗ്രേറ്റ പരിഷ്‌കരിച്ച ടൂൾകിറ്റും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂൾകിറ്റ് പിൻവലിച്ചാണ് പുതിയത് ട്വിറ്ററിൽ പങ്കുവെച്ചത്.

കർഷകർക്കൊപ്പം നിലകൊള്ളുമെന്ന് വ്യക്തമാക്കി ഗ്രേറ്റ വീണ്ടും രംഗത്ത് വന്നു. 'താൻ ഇപ്പോഴും കർഷകരുടെ സമാധാന സമരത്തിനൊപ്പം നിൽക്കുന്നു. വെറുപ്പ്, ഭീഷണി, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവയൊന്നും ഇതിൽ മാറ്റമുണ്ടാക്കില്ല'- ഗ്രേറ്റ ട്വീറ്റ് ചെയ്തു. സമരത്തെ പിന്തുണച്ചുള്ള ഗ്രേറ്റയുടെ ട്വീറ്റുകൾ ചർച്ചയായിരുന്നു. ഗ്രേറ്റയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആർ ഇട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പ്രതിയാക്കിയിട്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം.

അതേസമയം, ഡൽഹിയിലെ കർഷക സമരത്തിനു പോപ് താരം റിയാനയും ഗ്രേറ്റയും മറ്റു സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചതു വലിയ ചർച്ചയായതോടെ സംഭവത്തിൽ വിദേശ ഗൂഢാലോചന സംശയിച്ചു ബിജെപി രംഗത്തെത്തി.

I still #StandWithFarmers and support their peaceful protest.
No amount of hate, threats or violations of human rights will ever change that. #FarmersProtest

- Greta Thunberg (@GretaThunberg) February 4, 2021
ബിജെപി നേതാവ് കപിൽ മിശ്രയാണു തുടർച്ചയായ ട്വീറ്റുകളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചത്. 'ഇന്ത്യയിൽ വൻ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ഇപ്പോൾ വ്യക്തമായി. വൻതോതിൽ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണമാണിത്'- മിശ്ര പറഞ്ഞു.