ന്യൂഡൽഹി: ചരിത്ര വിജയം നേടിയ ആം ആദ്മി പാർട്ടി ഡൽഹിയിൽ സർക്കാർ രൂപീകരണ നടപടികളിലേക്കു കടക്കുന്നു. ശനിയാഴ്ച രാം ലീല മൈതാനിയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അരവിന്ദ് കെജ്രിവാൾ ക്ഷിണിച്ചു. എന്നാൽ ഇതിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. നേരിട്ടു കണ്ട് ക്ഷണിക്കാനായി നരേന്ദ്ര മോദിയെ കെജ്രിവാൾ സന്ദർശിക്കുന്നുണ്ട്.

നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാഷ്ട്രപതിയുമായും ഇന്നു കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കു മുൻപാകും കൂടിക്കാഴ്ച. കന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവിനെ അദ്ദേഹം സന്ദർശിച്ചുകഴിഞ്ഞു. രാജ്‌നാഥ് സിങുമായി ഇന്നുച്ചക്ക് കൂടിക്കാഴ്ച നടത്തും. അതിനിടെ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് കേന്ദ്ര സർക്കാർ എല്ലാ വിധ പിന്തുണയും നൽകുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.

കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ഭൂരിഭാഗം അംഗങ്ങളേയും ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആം ആദ്മി പാർട്ടി ആലോചിക്കുന്നുണ്ട്. പാർട്ടിക്കു കൃത്യമായ മാർഗരേഖയുണ്ടെന്നും, അതനുസരിച്ചാകും പ്രവർത്തനമെന്നും ആം ആദ്മി പാർട്ടി നേതാവ് രാഖി ബിർള പറഞ്ഞു. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ തന്നെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ആശയ വ്യക്തത വന്നിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ വ്യാജ ഫണ്ട് വിവാദത്തിൽ ആംആദ്മി പാർട്ടിക്ക് കേന്ദ്ര ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. വ്യാജ കമ്പനികളിൽ നിന്ന് സംഭാവന വാങ്ങിയതിന് എതിരെയാണ് നോട്ടീസ്. പ്രചരണ സമയത്ത് ബിജെപി ഉയർത്തിയ പ്രധാന ആരോപണങ്ങളിൽ ഒന്നാണ് ഇത്. വ്യാജ കമ്പനികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിൽ വിശദീകരണമാണ് ആദായ നികുതി വകുപ്പ് തേടിയത്. ചെക്കിലൂടെ സംഭാവന വാങ്ങിയതെന്നും വ്യാജ കമ്പനിയാണോ എന്ന് അറിയില്ലെന്ന നിലപാടാണ് നേരത്തെ ആംആദ്മി പാർട്ടി സ്വീകരിച്ചത്. വ്യാജ കമ്പനികളുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടത് ആദായ നികുതി വകുപ്പാണെന്നും പ്രതിരോധമുയർത്തി. ഈ കേസിലാണ് ഡൽഹിയിൽ അധികാരം പിടിച്ചെടുത്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര സർക്കാരിന്റെ ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത് എന്നത് ശ്രദ്ധേയമാണ്.

ഡൽഹിയിൽ ബിജെപിയുടെ പരാജയം മോദിയുടെ പരാജയമാണെന്നാണ് ശിവസേനയുടെ നിലപാട്. മോദിയുടെ പരാജയമല്ലെങ്കിൽ പിന്നെ ആരുടെ പരാജയമെന്ന് ബിജെപി വ്യക്തമാക്കണം. ഡൽഹി തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കിരൺ ബേദി മാത്രല്ല. പ്രസംഗം കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്നും പാർട്ടി മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന വിമർശിക്കുന്നു.

ഡൽഹിയിലെ തോൽവിക്കു കാരണം നരേന്ദ്ര മോദിയാണെന്നു പറയുന്നതിൽ തെറ്റില്ല. മോദി തരംഗം രാജ്യം കീഴടക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സുനാമി, തരംഗത്തേക്കാളും വലുതാണെന്ന് ഡൽഹി ജനത തെളിയിച്ചുവെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ പറഞ്ഞിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എഎപി ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് പിന്നാലെയാണ് പ്രത്യക്ഷ പരാർമശങ്ങളുമായി മോദി സർക്കാരിനെ വിമർശിച്ച് ശിവസേന മുഖപത്രത്തിലൂടെ രംഗത്ത് വന്നത്.