തിരുവനന്തപുരം: നരേന്ദ്ര മോദിയും കെജ്രിവാളും ഏറ്റുമുട്ടിയ ഡൽഹിയിലെ തെരഞ്ഞെടുപ്പ് വിഷയം കേരളത്തിലെയും ചൂടുള്ള രാഷ്ട്രീയ വിഷയമായിരുന്നു ഇന്ന്. ആം ആദ്മി പാർട്ടിക്ക് കാര്യമായ കരുത്ത് കേരളത്തിലില്ലെങ്കിലും സംസ്ഥാനത്തെ നേതാക്കളെയും ഏറെ ചിന്തിപ്പിക്കുന്നതാണ് ഡൽഹിയിൽ അവർ നേടിയ വിജയം. കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ കോൺഗ്രസിന് വേണ്ടി വോട്ട് പിടിക്കാൻ ഡൽഹിയിൽ പോയിരുന്നു. എന്നാൽ കോൺഗ്രസ് വട്ടപ്പൂജ്യമായതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും അത് കടുത്ത ക്ഷീണമായി.

മലയാളികൾ കൂടുതലുള്ള ഡൽഹിയിലെ മേഖലകളിലായിരുന്നു സംസ്ഥാനത്തു നിന്നുമുള്ള കോൺഗ്രസ് നേതാക്കൾ പ്രചരണത്തിന് പോയത്. എന്നാൽ, മലയാളികൾ ഉള്ള സ്ഥലത്തും ഭൂരിപക്ഷം നേടിയത് ആം ആദ്മി പാർട്ടിയായിരുന്നു. അഴിമതിക്കെതിരെ പോരാടാൻ രൂപംകൊടുത്ത കെജ്രിവാൾ രൂപംകൊടുത്ത ആം ആദ്മി പാർട്ടിക്കൊപ്പം ഡൽഹി ജനങ്ങൾ നിന്നതോടെ കോൺഗ്രസിനെ പൂർണ്ണമായും കൈവെടിയുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഉണ്ടായത് ബിജെപി വിരുദ്ധ വികാരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ ഭാഗം ഭദ്രമാക്കി. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളും ആം ആദ്മിക്ക് പോയതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഒന്ന് പറയുകയും ഭരണത്തിൽ എത്തുമ്പോൾ മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് ജനങ്ങൾ നൽകിയത്. കോൺഗ്രസിനും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാൻ പാർട്ടി ശ്രമിക്കും. രാഹുൽ ഗാന്ധി ഫാക്ടർ ഈ തിരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ലായിരുന്നു. ബിജെപിയ്‌ക്കെതിരായ നീക്കമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം പാർട്ടിക്ക് കാര്യമായ കരുത്തില്ലാതിരുന്നിട്ടും സിപിഎമ്മിന് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകിയത് ആശ്വാസമാണ്. പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ബിജെപിയെ തോൽപ്പിക്കാൻ ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതോടെ കേരളത്തിലെ സിപിഐ(എം) നേതാക്കൾക്കും അൽപ്പം ഗമ കൂടി. ആം ആദ്മിയെ പുകഴ്‌ത്തുന്ന കേരള നേതാക്കൾ പക്ഷേ, ചിലയിടങ്ങളിൽ മത്സരിച്ച സിപിഐ(എം) സ്ഥാനാർത്ഥികളുടെ വോട്ട് വിവരം പോലും പറയാൻ കൂട്ടാക്കിയിട്ടില്ല. എന്നിരുന്നാലും കെ്ജ്രിവാളിനെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അഭിനന്ദിച്ചു.

മോദിയുടെ ധാർഷ്ട്യം നിറഞ്ഞ ഏകാധിപത്യ പ്രവണതകൾക്കും ബിജെപിയുടെ ജനവിരുദ്ധ നടപടികൾക്കും എതിരായ ശക്തമായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. കോൺഗ്രസിനെ രാജ്യം പൂർണമായി നിരാകരിച്ചതിന്റെ തെളിവുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജനങ്ങൾക്കൊപ്പം നിന്ന് ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്ന ആത്മാർത്ഥമായ സമീപനത്തെ ജനങ്ങൾ ഹൃദയപൂർവം സ്വീകരിക്കും എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ആം ആദ്മി പാർട്ടിയുടെ ഗംഭീരവിജയമെന്നും വി എസ് പറഞ്ഞു. ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷൺ വിഎസിന്റെ അടുത്ത സുഹൃത്തു കൂടിയാണ്.