- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യതലസ്ഥാനത്തെ കോവിഡ് കേസുകളുടെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു; മലിനീകരണ തോത് ഏറ്റവും ഉയർന്ന അതിരാവിലെ മുതിർന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങരുതെന്നും ഐഎംഎ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോവിഡ് കേസുകളുടെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). വായൂമലിനീകരണം അണുബാധയുടെ സാധ്യത വർധിപ്പിക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനവും അന്തരീക്ഷ മലിനീകരണവും തമ്മിൽ ബന്ധമുണ്ടെന്ന് യൂറോപ്യൻ ഗവേഷകരും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
'മലിനീകരണ തോത് ഏറ്റവും ഉയർന്ന അതിരാവിലെ മുതിർന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങരുത്. ഈ സമയം അണുബാധയും അലർജിയുമുണ്ടാകാൻ സാധ്യത കൂടുതലാണ്', കോവിഡ് ബാധിക്കാനുള്ള സാധ്യതയും കൂടും', ഐ.എം.എ മുന്നറിയിപ്പ് നൽരുന്നു. ശ്വസന രോഗങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുള്ള രോഗികൾക്ക് വായുവിന്റെ ഗുണനിലവാരം(AQI) 50 നും 100 നും ഇടയിലാണെങ്കിൽ ശ്വസിക്കാൻ പ്രയാസമാണ്. ആരോഗ്യമുള്ളവരെ പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ഐ.എം.എ അധ്യക്ഷൻ രാജൻ ശർമ പറഞ്ഞു.
ശനിയാഴ്ച രാവിലെ ദേശീയ തലസ്ഥാനത്ത് ശരാശരി 443 എക്യുഐ രേഖപ്പെടുത്തി; 401 എ.ക്യു.എ അല്ലെങ്കിൽ അതിൽ കൂടുതലുള്ള റേറ്റിങ് 'രൂക്ഷമായ' മലിനീകരണത്തിന്റെ സൂചകമാണ്. ആരോഗ്യ വിദഗ്ദ്ധർ ആഴ്ചകളായി വായുമലനീകരണവും കോവിഡ് അണുബാധയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്. വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഡൽഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതൽ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ച വിവിധ യൂറോപ്യൻ സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് ഗവേഷകർ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 1.26 ലക്ഷം കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളിൽ 17 ശതമാനവും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു. ആഗോള തലത്തിൽ ഇതിന്റെ നിരക്ക് 15 ശതമാനമാണ്.
അതിനിടെ, സാധാരണ ആളുകൾക്ക് കൊറോണ വൈറസ് വാക്‌സിൻ ലഭിക്കാൻ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ കോവിഡ് വാക്‌സിൻ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നായി മാറാൻ ഒരു വർഷത്തിലേറെ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഡോ. രൺദീപ്.
' നമ്മുടെ രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലാണ്. കോവിഡ് പ്രതിരോധമരുന്ന് വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന രീതിയിൽ എത്തിക്കാൻ നമുക്ക് സമയം ആവശ്യമാണ്', അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിൻ ലഭ്യമായാൽ ആദ്യത്തെ ലക്ഷ്യം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും മരുന്ന് എത്തിക്കാനായിരിക്കുമെന്നും രൺദീപ് പറഞ്ഞു. ' വേണ്ടത്ര സിറിഞ്ചും നീഡിലുകളും ഉറപ്പാക്കി ഉൾപ്രദേശങ്ങളിൽ വരെ തടസ്സമില്ലാതെ വാക്‌സിൻ വിതരണം ഉറപ്പാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ വാക്‌സിൻ വിതരണം ചെയ്തതിന് ശേഷം കുടുതൽ മെച്ചപ്പെട്ട മറ്റൊരു വാക്‌സിൻ എത്തിയാൽ അതിന്റെ സ്ഥാനനിർണ്ണയമായിരിക്കും മറ്റൊരു വെല്ലുവിളിയെന്നും ഡോക്ടർ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ ആർക്ക് ഏത് വാക്‌സിൻആണ് നൽകേണ്ടതെന്ന് നിശ്ചയിക്കണം കോഴ്‌സ് കറക്ഷൻ എത്തരത്തിൽ സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കണം. മുന്നോട്ടുപോകുമ്പോൾ ഇത്തരം പല കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിൻ ലഭ്യമായാലും കൊറോണ വൈറസ് ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്