ൽഹി സർവകലാശാലയിലെ രാംജാസ് കോളേജിൽ ഗുർമെഹർ കൗർ എന്ന വിദ്യാർത്ഥിനി കൊളുത്തിവിട്ട സമരാഗ്നി, ഡൽഹിയിലെ തെരുവുകളെ വീണ്ടും സമരഭൂമിയാക്കുകയാണ്. എബിവിപിയുടെ നേതൃത്വത്തിലുള്ള ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ തിങ്കളാഴ്ച കൂറ്റൻ ത്രിവർണ പതാകയുമായി നടത്തിയ കൂറ്റൻ പ്രകടനം സമരത്തെ തെരുവിലേക്ക് എത്തിച്ചു.

ഇതിനെതിരെ ഇടതുസംഘടനകളുടെയും ആം ആദ്മിയുടെ വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെയും ജെ.എൻ.യുവിലെയും വിദ്യാർത്ഥികൾ ഇന്ന് പ്രകടനത്തിനൊരുങ്ങുകയാണ്. രാംജാസ് കോളേജിൽനിന്ന് ആർട്‌സ് ഫെസിലിറ്റി ബിൽഡിങ്ങിലേക്കാണ് പ്രകടനം. വിദ്യാർത്ഥി സംഘടനകൾക്കൊപ്പം അദ്ധ്യാപകരും ജീവനക്കാരും പ്രതിഷേധത്തിൽ അണിചേരും.

എബിവിപിക്കെതിരായ പ്രതിഷേധത്തിന് ഓൺലൈനിലൂടെ തുടക്കമിട്ട ഗുർമെഹർ കൗർ ഈ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. ലേഡി ശ്രീരാം കോളേജ് വിദ്യാർത്ഥിനിയായ ഗുർമെഹർ തന്നെ ബലാൽസംഗം ചെയ്യുമെന്നും വധിക്കുമെന്നും ഭീഷണി ലഭിക്കുന്നതായി പരാതിപ്പെട്ട് വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ക്യാപ്റ്റൻ മൻദീപ് സിങ്ങിന്റെ മകളാണ് ഗുർമെഹർ.

പ്രതിഷേധ സ്വരം ഉയർത്തുന്നവർക്കെതിരെ ഉപയോഗിക്കാവുന്ന ആയുധമായാണ് എബിവിപി ബലാൽസംഗത്തെ കാണുന്നതെന്ന് ഗുർമെഹർ പറഞ്ഞു. ബിജെപിയാണ് ഇത് എബിവിപിക്കാരെ പഠിപ്പിക്കുന്നതെന്നും ഗുർമെഹർ പരിഹസിക്കുന്നു. ഭീഷണിയും വെറുപ്പുമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കുട്ടികൾക്ക് ലഭിക്കേണ്ടതെന്ന് ഓരോ രാഷ്ട്രീയ പാർട്ടിയും മനസ്സിലാക്കണമെന്നും അവർ പറഞ്ഞു.

രാംജാസ് കോളേജിൽ സംഘടിപ്പിച്ച ഒരു സാഹിത്യ സംവാദം എബിവിപി വിലക്കിയതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ജെഎൻയുവിലെ സമരനായകരായ ഉമർ ഖാലിദിനെയും ഷെഹ്‌ല റഷീദിനെയും ചടങ്ങിലേക്ക് ക്ഷണിച്ചതാണ് എബിവിപിയെ ചൊടിപ്പിച്ചത്. എബിവിപി നടപടിയിൽ പ്രതിഷേധിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രകടനം നടത്തിയതോടെ ഡൽഹി വീണ്ടും മറ്റൊരു കാമ്പസ് പ്രതിഷേധത്തിലേക്ക് വീഴുകയായിരുന്നു.