- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവർക്കറുടെയും സുഷമാ സ്വരാജിന്റെയും പേരിൽ പുതിയ കോളേജ്; തീരുമാനവുമായി ഡൽഹി സർവകലാശാല മുന്നോട്ട്; അനുമതിക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാർശ കൈമാറി; എതിർപ്പ് അറിയിച്ച് കോൺഗ്രസ് രംഗത്ത്
ന്യൂഡൽഹി: ഡൽഹി സർവകലാശാല നജഫ്ഗർഗിലും ഫത്തേപൂർ ബേരിയിലുമായി പുതുതായി തുടങ്ങുന്ന രണ്ട് കോളേജുകളിൽ ഒന്നിന് വി.ഡി സവർക്കറുടെ പേര് നൽകാൻ സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ യോഗ തീരുമാനം. വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
വിവിധ മേഖലകളിൽ വിദഗ്ദ്ധരായ ഒരു കൂട്ടം ആളുകളുടെ പേരിൽ നിന്നാണ് ഒരു കോളേജിന് സവർക്കറുടെയും മറ്റൊന്നിന് മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും പേര് നൽകിയതെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം സീമ ദാസ് വെളിപ്പെടുത്തി.സ്വാമി വിവേകാനന്ദൻ, മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ്, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുൾപ്പടെ ഒരുകൂട്ടം മഹാത്മാക്കളുടെ പേരിൽനിന്നാണ് വൈസ് ചാൻസിലർ യോഗേഷ് സിങ് ഇരുവരുടെയും പേര് തിരഞ്ഞെടുത്തതെന്നാണ് വിവരം.
കഴിഞ്ഞ 25 വർഷമായി പുതിയ കോളേജ് ആരംഭിക്കാൻ ഡൽഹി സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ സർവകലാശാല തീരുമാനത്തെ സെനറ്റ് അംഗമായ രാജ്പാൽ സിങ് പവാർ ഉൾപ്പടെ നിരവധി പേർ എതിർത്തതായും വിവരമുണ്ട്. തിരഞ്ഞെടുത്ത പേരുകളുള്ള വ്യക്തികൾ പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണെന്ന് രാജ്പാൽ വിമർശിച്ചു. അതേസമയം കോളേജിന് സവർക്കരുടെ പേരിട്ടാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻഎസ്യു ഡൽഹി പ്രസിഡന്റ് കുനാൽ ഷെരാവത്ത് മുന്നറിയിപ്പ് നൽകി.
കോളേജ് ആരംഭിക്കുന്നതിനായി നജാഫഗഡിലും ഫത്തേപൂർ ബേരിയിലും കോളേജുകൾ ആരംഭിക്കുന്നതിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 22 വർഷമായി ഡൽഹി സർവ്വകലാശാല പുതിയ രണ്ട് കോളജുകൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ ഇത് നീണ്ടുപോവുകയായിരുന്നു.
ഓഗസ്റ്റിൽ നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിലും കോളേജുകൾക്ക് പേര് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. തുടർന്ന് നിരവധിപേരുകൾ നിർദ്ദേശിക്കുകയും ചെയ്തു. അന്തിമ അനുമതിക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇതുസംബന്ധിച്ചുള്ള ശുപാർശ കൈമാറിക്കഴിഞ്ഞു.
ന്യൂസ് ഡെസ്ക്