ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതയിൽ നിന്നും കരകയറിയതോടെ ഡൽഹിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച മുതൽ ബാറുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചു. റസ്റ്ററന്റുകളുടെ പ്രവൃത്തിസമയം നിലവിലുള്ളതിനേക്കാൾ രണ്ടു മണിക്കൂർ കൂട്ടി. പാർക്കുകൾ, മൈതാനം, ഗോൾഫ് ക്ലബ്, ഔട്ട്‌ഡോർ യോഗങ്ങൾ എന്നിവയ്ക്കും അനുമതി നൽകിയെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു.

ഉച്ച മുതൽ രാത്രി പത്തു വരെയാണ് ബാറുകൾക്ക് പ്രവർത്തനാനുമതി. 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂ. റസ്റ്ററന്റുകൾക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. നേരത്തേ രാവിലെ 10 മുതലായിരുന്നു പ്രവർത്തനാനുമതി.

അതേസമയം, കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ അവഗണിക്കാനാകാത്ത ഒന്നായിരിക്കെ പെട്ടെന്നുള്ള തുറന്നുവിടൽ ദുരന്തം വിളിച്ചു വരുത്തുമെന്നാണ് ഡോക്ടർമാരും പൊതുജനാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ആറ് എട്ട് ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ മൂന്നാം തരംഗം എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവ് നൽകിയതിനെ തുടർന്ന് ഡൽഹിയിലെ ചന്തകളിലും മറ്റും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെയാണു കൂടുതൽ ഇളവുകൾ അനുവദിച്ച് ഉത്തരവിറങ്ങുന്നത്.

അകലം പാലിക്കാനോ മാസ്‌ക് ധരിക്കാനോ പലരും തയാറാകുന്നില്ല. മെട്രോ സ്റ്റേഷനുകളിലും ജനത്തിരക്ക് ഉണ്ടാകുന്നത് വലിയതോതിൽ രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘനം മൂന്നാം തരംഗത്തിന്റെ വരവിനു വേഗം കൂട്ടുകയേ ഉള്ളൂവെന്നു ഡൽഹി ഹൈക്കോടതിയും മുന്നറിയിപ്പ് നൽകിയിരുന്നു.