- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മണിക്കൂറിനകം ഞാൻ ആത്മഹത്യ ചെയ്യും; ഡൽഹിയിലെ വീട്ടമ്മ സന്ദേശം അയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്; വിവരം ഡൽഹിയിൽ അറിഞ്ഞപ്പോൾ വീടു പൊളിച്ച് അർദ്ധരാത്രിയിൽ രക്ഷപ്പെടുത്തൽ: ബോറിസ് ജോൺസൺ ഒരു ഇന്ത്യക്കാരിയുടെ ജീവൻ കാത്ത കഥ
ന്യൂഡൽഹി: ഡൽഹിയിലെ വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശം അയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്. എന്നാൽ ഇന്ത്യയുടെ തലസ്ഥാനത്തു നിന്നും ആത്മഹത്യാ ഭീഷണി മുഴക്കി ബ്രിട്ടീഷ് പ്രധാന മന്ത്രിക്ക് ഇമെയിൽ അയച്ചപ്പോൾ ഈ വീട്ടമ്മ ഒരിക്കലും കരുതിയില്ല ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ തന്റെ ജീവന്റെ കാവലാളാകുമെന്ന്. ജീവിതത്തിന്റെയും നിരാശയുടേയും വക്കിൽ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് വീട്ടമ്മ ആത്മഹത്യാ സന്ദേശം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അയക്കുന്നത്. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിവേഗമുള്ള ഇടപെടൽ മൂലം വീട്ടമ്മയെ അർദ്ധരാത്രി വീടു പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു ഡൽഹി പൊലീസ്.
ബോറിസ് ജോൺസന് ആത്മഹത്യാ സന്ദേശം കിട്ടിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന ഓഫിസുകൾ ഇടപെടുകയും മണിക്കൂറുകൾക്കകം വീട്ടമ്മയെ വീടുകൾ തോറും കയറി ഇറങ്ങി പൊലീസ് കണ്ടു പിടിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. പുലർച്ചെ 3 മണിക്കാണ് പൊലീസ് സംഘം വാതിൽ പൊളിച്ച് അകത്തുകയറി ഇവരെ രക്ഷപ്പെടുത്തിയത്. പൊലീസ് എത്തിയപ്പോൾ പൊട്ടിക്കരഞ്ഞ ആ സ്ത്രീ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല അങ്ങ് ബ്രിട്ടനിൽ നിന്നം തന്റെ ജീവൻ കാക്കാൻ ഇടപെടൽ ഉണ്ടാകുമെന്ന്.
'ഞാൻ ദുഃഖിതയാണ്, 2 മണിക്കൂറിനുള്ളിൽ ആരെങ്കിലും എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും' എന്നാണ് അപൂർണമായ ഡൽഹി വിലാസവും ഫോൺ നമ്പറും ഉൾപ്പെടെയുള്ള ഇമെയിലിൽ വീട്ടമ്മ പറഞ്ഞിരുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വിലാസത്തിൽ ലഭിച്ച മെയിൽ ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഇന്ത്യൻ എംബസിയിലേക്കും അവിടെ നിന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്കും ഫോർവേഡ് ചെയ്യപ്പെട്ടു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഡൽഹി പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു.
ഡൽഹിയിലെ രോഹിണി അമൻ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഥലം. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. രാത്രി ഒരു മണിയോടെ പൊലീസ് പ്രദേശത്തെ ഓരോ വീടും കയറിയിറങ്ങി പരിശോധന ആരംഭിച്ചു. ഒടുവിൽ മൂന്ന് മണിയോടെ വീട് കണ്ടെത്തിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്നു വാതിൽ പൊളിച്ച് കയറുമ്പോൾ 16 പൂച്ചകൾക്കൊപ്പം ദുർഗന്ധം വമിക്കുന്ന വീട്ടിനുള്ളിൽ ഒരു സ്ത്രീയെ അവർ കണ്ടെത്തി. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ അദ്ധ്യാപികയായിരുന്ന അവർ വിവാഹമോചനവും കടക്കെണിയും മൂലം മാനസികമായി തകർന്ന നിലയിലായിരുന്നു.
ഡോക്ടർമാരെ വിളിച്ചുവരുത്തി കൗൺസലിങ് നൽകി. സ്ത്രീയെ വീട്ടിൽ തന്നെ തുടരാൻ അനുവദിച്ചു. ലോണുകളും വീട്ടുബില്ലുകളും വാടകയും അടയ്ക്കാൻ സഹായം തേടിയാണു ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് മെയിൽ അയച്ചതെന്നും കൗൺസലിങ്ങും പരിചരണവും മൂലം അവരുടെ സ്ഥിതി മെച്ചപ്പെട്ടതായും ഡൽഹി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ