മുംബൈ: ഐപിഎല്ലിൽ കുൽദീപ് യാദവ് സ്പിൻ കെണി തീർത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്‌ത്തി ഡൽഹി ക്യാപിറ്റൽസ് . കൊൽക്കത്ത മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടി. റോവ്മാൻ പവലിന്റെ ഫിനിഷിങ് മികവിലാണ് ഡൽഹിയുടെ വിജയം.

കഴിഞ്ഞ മത്സരത്തിൽ കൈവിട്ട വിജയം ഇത്തവണ റോവ്മാൻ പവൽ ഡൽഹിക്കു നേടിക്കൊടത്തു. 16 പന്തിൽ മൂന്നു സിക്‌സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെയാണ് പവൽ 33 റൺസെടുത്തത്.ഓപ്പണർ ഡേവിഡ് വാർണർ (26 പന്തിൽ 42), അക്ഷർ പട്ടേൽ (17 പന്തിൽ 24) എന്നിവരുടെ പ്രകടനവും ഡൽഹിയുടെ വിജയത്തിൽ നിർണായകമായി.

ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ(പൂജ്യം) പുറത്താക്കി ഉമേഷ് യാദവ് ഡൽഹിയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ (7 പന്തിൽ 13) ഹർഷിത് റാണയും പുറത്താക്കി. മൂന്നാം വിക്കറ്റിൽ വാർണറും ലളിത് യാദവും ചേർന്ന് (29 പന്തിൽ 22) 65 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറിൽ ലളിതും പന്തും വാർണറും പുറത്തായതോടെ ഡൽഹി പകച്ചു. പക്ഷേ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റോവ്മാൻ പവലും അക്ഷർ പട്ടേലും ഡൽഹിയെ മുന്നോട്ടുനയിച്ചു. 15ാം ഓവറിൽ അക്ഷർ റണ്ണൗട്ടായതിനു പിന്നാലെ എത്തിയ ഷാർദുൽ ഠാക്കൂർ (14 പന്തിൽ 8) പവലിന് ഉറച്ചപിന്തുണ നൽകി.

അർധസെഞ്ചുറി തികച്ച നിതീഷ് റാണ നടത്തിയ ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് കൊൽക്കത്ത പൊരുതാവുന്ന സ്‌കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. നിതീഷ് റാണ 34 പന്തിൽ നാല് സിക്‌സറുകളുടെയും മൂന്നു ഫോറിന്റെ അകടമ്പടിയോടെ 57 റൺസെടുത്തു. അവസാന ഓവറിലാണ് റാണ പുറത്തായത്.

വാങ്കഡെ സ്റ്റേഡിയം ഒരിക്കൽ കൂടി ബോളർമാരെ തുണച്ചപ്പോൾ കൊൽക്കത്ത ബാറ്റർമാർ റൺസ് കണ്ടെത്താൻ ശരിക്കും പാടുപെട്ടു. കൃത്യമായ ഇടവേളകളിൽ ഡൽഹി ബോളർമാർ വിക്കറ്റും വീഴ്‌ത്തിയതോടെ കൊൽക്കത്ത പരുങ്ങലിലായി. റാണയെ കൂടാതെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (37 പന്തിൽ 42), റിങ്കു സിങ് (16 പന്തിൽ 23) എന്നിവർ മാത്രമാണ് കൊൽക്കത്തനിരയിൽ രണ്ടടക്കം കടന്നത്.

ഇന്നിങ്‌സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ആരോൺ ഫിഞ്ചിനെ (7 പന്തിൽ 3) കൊൽക്കത്തയ്ക്കു നഷ്ടമായി. ഡൽഹി ജഴ്‌സിയിൽ അരങ്ങേറ്റംക്കുറിച്ച ചേതൻ സാക്കരിയ ഫിഞ്ചിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും ഒത്തുചേർന്നെങ്കിലും സ്‌കോറിങ് വേഗത്തിലായില്ല. അഞ്ചാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ സാക്കരിയയ്ക്കു ക്യാച്ച് നൽകി വെങ്കടേഷ് അയ്യർ (12 പന്തിൽ 6) പുറത്തായി. പിന്നീടു വന്ന ബാബ ഇന്ദ്രജിത്ത് (8 പന്തിൽ 6), സുനിൽ നരെയ്ൻ (പൂജ്യം) എന്നിവർ വേഗം മടങ്ങി.

അഞ്ചാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേർന്ന് 48 റൺസെടുത്തു. 14ാം ഓവറിൽ കുൽദീപ് യാദവാണ് ശ്രേയസ്സിനെ പുറത്താക്കിയത്. അതേ ഓവറിൽ തന്നെ ആന്ദ്രേ റസ്സലിനെയും (പൂജ്യം) കുൽദീപ് മടക്കി. അവസാന ഓവറിൽ മുസ്തഫിസുർ റഹ്‌മാൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി. റിങ്കു സിങ്, നിതീഷ് റാണ, ടിം സൗത്തി എന്നിവരുടെ വിക്കറ്റാണ് മുസ്തഫിസുർ റഹ്‌മാൻ വീഴ്‌ത്തിയത്. ഉമേഷ് യാവദവും ഹർഷീത് റാണയും പുറത്താകാതെനിന്നു. ഡൽഹിക്കായി കുൽദീപ് യാദവ് നാലും മുസ്തഫിസുർ റഹ്‌മാൻ മൂന്നും ചേതൻ സാക്കരിയ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.