ദോഹ: കുടുംബ പാർപ്പിട മേഖലകളിൽ ശല്യമാകുന്ന രീതിയിൽ ബാച്ചിലർ തൊഴിലാളികൾ കൂട്ടംകൂടുന്നതും താമസിക്കുന്നതും നിയന്ത്രിക്കേണ്ടതുണ്ടെന്ന് മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ആവശ്യം. ഇത് സംബന്ധമായ ശുപാർശ സി.എം.സി. നഗരസഭാ നഗരാസൂത്രണ മന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ചു.

കുടുംബങ്ങൾക്കു ശല്യമാകുന്ന രീതിയിലുള്ള തൊഴിലാളികളുടെ സാന്നിധ്യം ഒഴിവാക്കാൻ നേരത്തേ നിയമവും നിർദേശവും നിലവിലുണ്ടെങ്കിലും നഗരത്തിലെ പല പ്രദേശങ്ങളിലും പ്രശ്‌നം തുടരുന്നുണ്ടെന്നും നിയന്ത്രണം കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. കുടുംബങ്ങൾ താമിസിക്കുന്ന പ്രദേശത്ത് തൊഴിലാളികൾക്ക് താമസിക്കാൻ കെട്ടിടങ്ങൾ അനുവദിക്കുന്നത് തടയണം. കെട്ടിടങ്ങൾ വാടകക്ക് കൊടുക്കുന്ന ഉടമകളും വാടക ക്കെടുക്കുന്നവരും ഇത് ഉറപ്പു വരുത്തണം. കുടുംബങ്ങൾക്കെന്ന പേരിൽ കെട്ടിടം വാടകക്കെടുത്ത് തൊഴിലാളികൾ താമസിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കെട്ടിട വാടകക്കരാർ പരിശോധിച്ച് യഥാർഥ വാടക്കാർ തന്നെയാണോ താസമിക്കുന്നത് എന്ന് ഉറപ്പാക്കണം. കുടുംബ പാർപ്പിട മേഖലയിൽനിന്നും തൊഴിലാളികെ ഒഴിവാക്കുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്നും തൊഴിലാളികൾക്ക് തമാസിക്കാൻ ബദൽ സംവിധാനം ഒരുക്കുന്നതിനും നടപടി വേണമെന്നും കൗൺസിൽ ചർച്ച ചെയ്തു.

പാർപ്പിട മേഖലടിൽ ബാച്ചിലർമാർ താമസിക്കുന്നത് അടുത്ത വീടുകളിലെ കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്നും സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ലീഗൽ കമ്മിറ്റി മേധാവി ശൈഖ ജുഫൈരി തയാറാക്കിയ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ചർച്ചകൾ നടന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിൽ വരുത്തേണ്ടതുണ്ടെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിന് നഗരസഭ, നഗരാസൂത്രണ മന്ത്രാലയത്തിന് ശിപാർശ ചെയ്യാൻ കൗൺസിൽ ധാരണയായി.